
വോട്ടര്‍ പട്ടിക: ആധാറും പരിഗണിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി
ദുബൈ: ലോകമെമ്പാടുമുള്ള ഗവണ്മെന്റുകളെ കോര്‍ത്തിണക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടി ദുബൈയില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ രാജ്യങ്ങളുടെ പങ്കാളിത്തത്തില്‍ റെക്കോര്‍ഡാണ് ഇത്തവ ണ. സുസ്ഥിരതയും സഹവര്‍ത്തിത്വവും ഉദ്ഘോഷിച്ച് യുഎഇ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി രാജ്യത്തിന്റെ ആഗോള ദീര്‍ഘവീക്ഷണവും സഹകരണ മനോഭാവവും വ്യക്തമാക്കുന്നതായി. ഉച്ചകോടിയില്‍ ഗ്ലോബല്‍ ഗവണ്മെന്റ് എക്സലന്‍സ് അവാര്‍ഡിന്റെ മൂന്നാം പതിപ്പിലെ വിജയികളെ ആദരിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുടെ സാന്നിധ്യത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് അവാര്‍ഡുകള്‍ സമ്മാനിച്ചു. ടാന്‍സാനിയയില്‍ നിന്നുള്ള ‘ഉബോംഗോ’ ഡിജിറ്റല്‍ പഠന പദ്ധതി’ സോഷ്യല്‍ ഇന്ക്ലൂഷനുള്ള ടെക്നോളജിക്കല്‍ ഇന്നൊവേഷന് അവാര്‍ഡ് നേടി. ഗണിതം, ശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡിജിറ്റല്‍ ഉള്ളടക്കം അധ്യാപകര്‍ക്ക് എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നതാണിത്. നഗര,ഗ്രാമപ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വം കുറയ്ക്കുക,എല്ലാ കുട്ടികള്‍ക്കും തുല്യ പഠന അവസരങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
പോര്‍ച്ചുഗലിലെ കാസ്കെയ്സ് മുനിസിപ്പാലിറ്റി റീസൈക്ലിങ് പ്രൊജക്ട് പരിസ്ഥിതി സുസ്ഥിരതയിലും കമ്മ്യൂണിറ്റി ഇടപെടലിനുമുള്ള ഇന്നൊവേഷന് അവാര്‍ഡ് നേടി. പുനരുപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംരംഭം സ്മാര്‍ട്ട് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷാര്‍ഖി,റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.
2023 ല്‍ ആരംഭിച്ച വേള്‍ഡ് ഗവണ്മെന്റ്സ് ഉച്ചകോടിയിലാണ് വേള്‍ഡ് ഗവണ്മെന്റ്സ് എക്സലന്‍സ് അവാര്‍ഡ് നടപ്പാക്കിയത്. ലോകമെമ്പാടുമുള്ള മികച്ച സര്‍ക്കാര്‍ സംരംഭങ്ങളെയും മികച്ച രീതികളെയും ആഘോഷിക്കുന്ന അഭിമാനകരമായ അന്താരാഷ്ട്ര അംഗീകാരമാണിത്. ഉച്ചകോടി നാളെ സമാപിക്കും.