
വോട്ടര്‍ പട്ടിക: ആധാറും പരിഗണിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി
ഒരിക്കല്‍ പതിനൊന്ന് സ്ത്രീകള്‍ ഒരുമിച്ചിരുന്ന് തങ്ങളുടെ ഭര്ത്താക്കന്മാരുടെ സ്വഭാവ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു. അവരില്‍ ബുദ്ധിമതിയും തന്ത്രജ്ഞാനിയുമായിരുന്നു ഉമ്മു സര്‍അ്. ഭര്‍ത്താവിനെ നന്നായി ബഹുമാനിക്കുന്ന ആ സ്ത്രീ ഭര്‍ത്താവിനെ വാനോളം പുകഴ്ത്തിപ്പറഞ്ഞു: എന്റെ ഭര്‍ത്താവ് മാന്യനാണ്. എനിക്ക് വേണ്ടി അളവറ്റ് ധനം ചെലവഴിക്കുകയും എന്റെ നന്മകള്‍ക്കായി പാടുപെടുകയും ചെയ്യും. എന്നോട് മയത്തില്‍ പെരുമാറും. ആശ്വസിപ്പിക്കും,സന്തോഷിപ്പിക്കും. കുടുംബത്തില്‍ ഏവരോടും നന്നായി ഇടപഴകും. എന്നിങ്ങനെ ഭര്‍ത്താവിന്റെ സുകൃത സ്വഭാവ ഗണങ്ങള്‍ അവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണുണ്ടായത്. ഈ സ്ത്രീയുടെ കഥ നബി (സ്വ)യോട് പ്രിയ പത്നി ആയിശ(റ) വിവരിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഉമ്മു സര്ഇനോട് അവരുടെ ഭര്‍ത്താവ് പെരുമാറുന്നത് പോലെയാണ് ഞാന്‍ നിന്നോട് പെരുമാറുന്നത് (ഹദീസ് ബുഖാരി,മുസ്ലിം). അപ്പോള്‍ ആയിശ(റ) മറുപടി പറഞ്ഞു: അല്ലാഹുവാണ് സത്യം,അങ്ങനെയല്ല. അങ്ങ് എന്നെ സംബന്ധിച്ചടത്തോളം ഉമ്മു സര്‍ഇന്റെ ഭര്‍ത്താവിനേക്കാള്‍ ഉദാത്തമായി പെരുമാറുന്നവരാണ് (മുഅ്ജമുല്‍ കബീര്‍, ത്വബ്റാനി 269). ഇതാണ് മാതൃകാ ഭാര്യയുടെ ലക്ഷണങ്ങള്‍. അവര്‍ ഭര്‍ത്താവിനെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യും. സൂറത്തുന്നിസാഅ് 34ാം സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കിയ പ്രകാരം പുണ്യവതികളായ സ്ത്രീകള്‍ അനുസരണശാലികളും നാഥന്റെ നിയമാനുസൃതം പുരുഷന്റെ അഭാവത്തില്‍ വേണ്ടതൊക്കെ സംരക്ഷിക്കുന്നവരുമായിരിക്കും. നല്ല ഭാര്യ അവള് വീട്ടമ്മയാണെങ്കിലും ജോലി ചെയ്യുന്നവളാണെങ്കിലും ഭര്‍ത്താവിനെ ബഹുമാനിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നവളായിരിക്കും. കാരണം അവള്‍ക്കറിയാം ഭര്‍ത്താവാണ് കുടുംബത്തിന്റെ താങ്ങും തണലുമെന്ന്. ഭര്‍ത്താവിനെ പരിഗണിക്കേണ്ടതിന്റെ ബാധ്യത അവള്‍ക്ക് ബോധ്യപ്പെട്ടതായിരിക്കും. ഭര്‍ത്താവാണല്ലൊ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നത്. വീട്ടില്‍ ഭര്‍ത്താവിനെ മാനിക്കുക എന്നത് നല്ലൊരു സംസ്കാരമാണ്. വീട്ടുകാരും കുടുംബക്കാരും നിലകൊള്ളുന്നത് ആ സംസ്കൃതിക്കനുസരിച്ചായിരിക്കും. മാതാക്കള്‍ വാക്കായാലും പ്രവര്‍ത്തിയായാലും മക്കളില്‍ ആ സ്വഭാവം വാര്‍ത്തെടുക്കണം. അങ്ങനെ സമൂഹത്തില്‍ മുഴുവനും സംസ്കാരം ഉടലെടുക്കണം.
ഭാര്യ ഭര്‍ത്താവിനെ മാനിക്കുന്നതിന്റെ പ്രധാനം രൂപം ഭര്‍ത്താവിനോടുള്ള നന്ദി പ്രകാശനമാണ്. ജനങ്ങളോട് നന്ദി കാണിക്കാത്തവന് അല്ലാഹുവിനോട് നന്ദി കാണിക്കുകയില്ല എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4811, തുര്‍മുദി 1954). ഭാര്യ എന്നും ഭര്‍ത്താവിനോട് നന്ദിയുള്ളവളായിരിക്കണം. രണ്ടു പേരുടെയും കുടുംബക്കാര്‍ക്ക് മുമ്പില്‍ ഭര്‍ത്താവിനെ വാഴ്ത്തിപ്പറയണം. ഭര്‍ത്താവിനോട് നന്ദി കാണിക്കാത്ത ഭാര്യയിലേക്ക് അല്ലാഹു കാരുണ്യനോട്ടം നോക്കുകയില്ലെന്നാണ് ഹദീസ് (മുസ്തദ്റക് അലല്‍ സ്വഹീഹൈന് 2771). ഭര്‍ത്താവ് ഇഷ്ടപ്പെടുന്ന രീതിയില്‍ നല്ല വാക്കുകളില്‍ നന്ദി പ്രകാശിപ്പിക്കണം. ലജ്ജ തടസമാവരുത്. ഭര്‍ത്താവിന്റെ പക്ഷത്തിന് ശക്തിപകരുകയും വാക്കുകള്‍ മുഖവിലക്കെടുക്കുകയും നിലപാടുകള്‍ക്ക് പിന്തുണയേകുകയും വേണം. ഭര്‍ത്താവിനെ രൂക്ഷമായി നിരൂപിക്കാനോ അവമതിക്കാനോ പാകപിഴവുകള്‍ പറഞ്ഞ് അസ്വാരസ്യമുണ്ടാക്കാനോ പാടില്ല. ബലഹീനതകള്‍ കണ്ടെത്തി ചൂഴ്ന്നിറങ്ങുന്നതും നിരന്തര തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതും വെടിയണം. തര്‍ക്കിച്ച് തെമ്മാടിത്തരം ചെയ്യുന്നതിനെ കാപട്യത്തിന്റെ അടയാളമായിട്ടാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി,മുസ്്ലിം). തര്‍ക്കിക്കുന്നതിന് പകരം തര്‍ക്കവിഷയത്തിലെ പരിഹാരത്തിനായി ശ്രമിക്കണം. വീട്ടിലെന്നും സ്നേഹാര്‍ദ്രത നിലനിര്‍ത്തണം. നബി (സ്വ) പറയുന്നുണ്ട്: സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന സ്ത്രീകളില്‍ വെച്ച് ഏറ്റവും ഉത്തമര്‍ സ്നേഹാനുകമ്പ കാണിക്കുകയും കൂടുതല്‍ സന്താനങ്ങളെ പ്രസവിക്കുകയും കൂടുതല്‍ സമയവും ഭര്‍ത്താവിനൊപ്പം ചെലവഴിക്കുകയും ചെയ്യുന്നവരാണ്. അവര്‍ ഭര്‍ത്താവിന് വല്ല പ്രയാസം വരുത്തിയാലോ അല്ലെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് അവര്‍ക്ക് വല്ല പ്രയാസം നേരിട്ടാലോ ഭര്‍ത്താവിന്റെയടുത്ത് പോയി കൈ അദ്ദേഹത്തിന്റെ ഉള്ളംകൈയില്‍ വെച്ച് ഇങ്ങനെ പറയും: അങ്ങേക്ക് സംതൃപ്തി ഉണ്ടാവുന്നത് വരെ ഒരു പോള കണ്ണടക്കാനാവില്ല (സുനനുല്‍ കുബ്റാ,നസാഈ 9094).
ഭര്‍ത്താവിന് പിന്തുണയേകുന്ന ഭാര്യ പോസിറ്റീവ് ഊര്‍ജമാണ് പകരുന്നത്. അത് അദ്ദേഹത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് സഹായകരമാവുകയും ചെയ്യും. ഭര്‍ത്താവിന് കൂടുതലായും പരാതികള്‍ അവതരിപ്പിക്കരുത്. അത് മാനസികമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ജീവിതം അസ്വസ്ഥതാപൂര്ണമാക്കുകയും ചെയ്യും. ഇസ്മാഈല്‍ നബി (സ്വ)യുടെ ഭാര്യമാരിലൊരാള്‍ അമിതമായി പരാതികള്‍ പറഞ്ഞത് കാരണം ദാരുണമായി പരിണിതിയുണ്ടായത് ചരിത്രത്തില്‍ കാണാം. യുക്തിജ്ഞാനിയും സ്നേഹ സമ്പന്നയുമായ ഭാര്യ ഒരിക്കലും തന്റെ ഭര്‍ത്താവിന് താങ്ങാനാവാത്ത ചിലവുകള്‍ക്ക് നിര്‍ബന്ധിക്കാനോ മറ്റുള്ളവരോട് തുലനം ചെയ്യാനോ മുതിരില്ല. ഇന്ന സ്ത്രീയുടെ ഭര്‍ത്താവിനെ നോക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്റെ ഭര്‍ത്താവിന്റെ ത്യാഗങ്ങളെ ചെറുതായി കാണില്ല. അത് കുടുംബത്തന്റെ സാമ്പത്തിക ഭദ്രതയും സമാധാനാന്തരീക്ഷവും താറുമാറാക്കും. എല്ലാവര്ക്കും കുറ്റവും കുറവുമുണ്ടായിരിക്കും. പൂര്‍ണത ആര്‍ക്കും അവകാശപ്പെടാനില്ല. ഭാര്യ എന്നും ഭര്‍ത്താവിന്റെ സാഹചര്യങ്ങള്‍ മനസിലാക്കി ഇടപെടണം. നബി (സ്വ) പറയുന്നു: നിങ്ങള്‍ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നോക്കരുത്. അതാണ് അല്ലാഹു നല്കിയ അനുഗ്രഹങ്ങളെ അവമതിക്കാതിരിക്കാന്‍ ഏറ്റവും ഉത്തമം (ഹദീസ് മുസ്്ലിം 2963). ഭാര്യ ഭര്‍ത്താവിനെ മാനിച്ചാല്‍ ഭര്‍ത്താവ് ഭാര്യയെ മാനിക്കുമെന്നത് സ്വാഭാവികം. പരസ്പരം മാനിക്കലും ബഹുമാനിക്കലും ഇരുവര്‍ക്കും ബാധകമാണ്. അതാണ് ദാമ്പതിക ജീവിതത്തിന്റെ വിജയമന്ത്രം.
ദമ്പതിമാര്‍ പരസ്പര സംസാരത്തിനായി പ്രത്യേക സമയം കണ്ടെത്തണം. അതില്‍ സ്നേഹ ബഹുമാനങ്ങളുടെ വാക്കുകള്‍ കൈമാറണം. എല്ലാ ദിവസവും ഒരു മണിക്കുറെങ്കിലും ചെയ്യണം. അത് ജീവിത വെല്ലുവിളികളെയും സമ്മര്‍ദങ്ങളെയും അനായാസം നേരിടാന്‍ പ്രാപ്തമാക്കും. പരസ്പര ആശയവിനിമയം പ്രവാചക മാതൃകയാണ്. നബി (സ്വ) ആയിശാ ബീവി (റ)യോട് പറയുമായിരുന്നു: നീ എന്നോട് തൃപ്തിയുള്ളവളായാലും ദേഷ്യമുള്ളവളായാലും എനിക്കറിയാം. അപ്പോള്‍ മഹതി ചോദിച്ചു: അതെങ്ങനെ അറിയാം? നബി (സ്വ) മറുപടി പറഞ്ഞു: നീ എന്നോട് സംതൃപ്തയാവുന്ന സമയത്ത് വല്ല ശപഥം ചെയ്യുമ്പോള്‍ മുഹമ്മദിന്റെ നാഥനാണേ സത്യം എന്നു പറയും, ദേഷ്യപ്പെടുന്ന സമയം ഇബ്രാഹീമിന്റെ നാഥനാണേ സത്യം എന്നും പറയും. അപ്പോള്‍ ആയിശ (റ) പറഞ്ഞു: അതേ തിരുദൂതരേ,ആ സമയം അങ്ങയുടെ പേര് പറയുന്നത് മാത്രമേ ഉപേക്ഷിക്കുന്നുള്ളൂ,അങ്ങയെ ഞാന്‍ ഒഴിവാക്കുന്നില്ല (ഹദീസ് ബുഖാരി,മുസ്്ലിം). ഭാര്യഭര്ത്താക്കന്മാര് പരസ്പരം ബഹുമാനവും ആശയ വിനിമയവും നിലനിര്‍ത്തുന്നത് ജീവിതശൈലിയാക്കണം. ഒരു പുരുഷന് വീട്ടില്‍ സംതൃപ്തി ഉണ്ടെങ്കില്‍ അത് അയാളുടെ ജോലിയിലും ബന്ധങ്ങളിലും പ്രതിഫലിക്കും. അതുവഴി കുടുംബവും സമൂഹവും സന്തുഷ്ടമായിരിക്കും. സമാധാനത്തോടെ കൂടാന്‍ നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിക്കുകയും പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കി എന്നാണ് അല്ലാഹു കുടുംബഭദ്രതയെ കുറിച്ച് പറഞ്ഞിരിക്കുന്നത് (സൂറത്തു റൂം 21).