
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
സദ്സ്വഭാവങ്ങളുടെ മഹത്വം ഉദ്ഘോഷിക്കുന്ന ഇസ്ലാം ദുര്‍ഗുണങ്ങളുടെ ഭവിഷ്യത്തിനെപ്പറ്റി ഉദ്ബോധിപ്പിക്കുന്നുണ്ട്. ദുര്‍ഗുണങ്ങള്‍ മനുഷ്യരെ മൃഗതുല്യരാക്കുമെന്നും എന്നല്ല, മൃഗങ്ങളേക്കാള്‍ അധഃപതിപ്പിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. നമ്മുടെയൊക്കെ അകങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന അഹങ്കാരത്തെ ദുര്‍ഗുണങ്ങളുടെ മാതാവെന്ന് വിശേഷിപ്പിക്കാം. എല്ലാ ദുഃസ്വഭാവങ്ങളുടെയും ഉത്ഭവസ്ഥാനമത്രെ അഹങ്കാരം. മറ്റുള്ളവരെ താഴ്ത്തിക്കെട്ടലും സത്യത്തെ നിരാകരിക്കലുമാണ് ഇസ്ലാമിക ദൃഷ്ട്യാ അഹങ്കാരം. എല്ലാത്തിലും ഞാനാണ് വലിയവന്‍ എന്ന ഭാവമാണ് അഹങ്കാരം.
സത്യാസത്യങ്ങള്‍ വിവേചിച്ചറിയുന്നതിനും വസ്തുതകള്‍ അംഗീകരിക്കുന്നതിനും അഹങ്കാരം തടസമാകുന്നു. വ്യക്തിയുടെ ഈഗോയാണ് അഹങ്കാരം. ചുറ്റുപാടും ന്യായം കണ്ടാലും അഹങ്കാരികള്‍ക്ക് അത് അംഗീകരിക്കാന്‍ മടിയായിരിക്കും. ഇഹലോകത്തും പരലോകത്തും പതനത്തിലേക്ക് തള്ളിവിടുന്ന കടുത്ത ധിക്കാരവും മഹാപാതകവുമാണ് അഹങ്കാരം. നേര്‍മാര്‍ഗത്തെ നിരാകരിക്കുകയും ദുര്‍മാര്‍ഗത്തെ സ്വീകരിക്കുകയും ചെയ്യുന്നവരാണ് അഹങ്കാരികളെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം മനോഹരമായ വേഷവിധാനവും സൗന്ദര്യബോധമുള്ള ജീവിത വീക്ഷണവും അഹങ്കാരമാവുന്നില്ല. ദൈവ കല്പനകളെ ധിക്കരിക്കലും താനല്ലാത്ത മനുഷ്യരെ കൊച്ചാക്കലുമാണ് അഹങ്കാരം. പണ്ഡിതനായാലും പാമരനായാലും സമ്പന്നനായാലും ദരിദ്രനായാലും അഹങ്കാരത്തെ അല്ലാഹു വെറുക്കുന്നു. അഹങ്കാരത്തെക്കുറിച്ച് ഖുര്‍ആന്‍ നല്കുന്ന വിശദീകരണവും താക്കീതുകളും സുവ്യക്തമാണ്. ഖുര്‍ആന്‍ പറയുന്നു: ‘നീ അഹങ്കാരത്തോടെ മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള് തിരിച്ചു കളയരുത്.
ഭൂമിയിലൂടെ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ’.(31:18-20) അഹംഭാവിയായി ഭൂമിയില്‍ നടക്കരുതെന്ന് ഖുര്‍ആന്‍ ശക്തമായ താക്കീത് നല്‍കുന്നുണ്ട്. അഹങ്കാരികള്‍ക്ക് സ്വര്‍ഗ പ്രവേശനമില്ല. അഹങ്കാരികളും ഗര്‍വിഷ്ഠരുമായ ആളുകളുടെ ഹൃദയങ്ങള്‍ സത്യം കടന്നുചെല്ലാത്ത വിധം മുദ്രവെക്കപ്പെട്ടിരിക്കുന്നതായും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. റമസാന്‍ വ്രതം അഹങ്കാരത്തിനെതിരെയുള്ളപരിചയാവട്ടെ.