
നാഷണല് കെഎംസിസി കരിയര് ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില് തൊഴില് തേടുന്നവര്ക്ക് അവസരം
ശൈഖ് സായിദിന്റെ ഓര്മകള്ക്ക് രണ്ടു പതിറ്റാണ്ട്
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന് സുല്ത്താന് അല് നഹ്യാന് കണ്മുമ്പിലില്ലാത്ത ഒരു വിശുദ്ധ റമസാന് 19കൂടി. 2004 ഇതുപോലൊരു ദിനത്തിലാണ് അറബ് ലോകത്തെ കാരണവര് എന്ന് വിശേഷിപ്പിക്കപ്പെട്ട ശൈഖ് സായിദ് വിടവാങ്ങിയത്. അറബ് സമൂഹം ബാബാ സായിദ് എന്ന വിശേഷണത്തിലൂടെ അതിരില്ലാത്ത സ്നേഹവും ബഹുമാനവും നല്കി ആദരിച്ച പ്രിയപ്പെട്ട ശൈഖ് സായിദ് ഇന്നും ഹൃദയാന്തരില് ജീവിച്ചിരിക്കുന്നു. ആധുനിക ഭരണാധികാരികള്ക്ക് മാതൃകയായി മാനുഷിക മൂല്യങ്ങളും സ്നേഹങ്ങളും കൂട്ടിയിണക്കി അറബ് ലോകത്ത് തലയുയര്ത്തിനിന്ന മഹാമനീഷിയായിരുന്നു ശൈഖ് സായിദ്.
അറബ് ലോകത്തെ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളില് തന്നെ സ്നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഈ വിശുദ്ധ ദിനത്തില് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അതിരില്ലാത്ത സ്നേഹവും കാരുണ്യവും കരുതലും ലോകത്തിനു സമ്മാനിച്ച ബാബാ സായിദ്, തന്റെ ഭരണ നൈപുണ്യം യുഎഇയിലെ ജനതക്ക് മാത്രമല്ല, ലോകത്തിലെ മുഴുവന് സമൂഹത്തിനും സമ്മാനിച്ചാണ് കണ്മറഞ്ഞത്. വേപഥുപൂണ്ടു കഴിയുന്ന ഹൃദയങ്ങളില് കാരുണ്യത്തിന്റെ നീരുറവയുമായി ആശ്വാസത്തിന്റെ വസന്തം വിരിയിച്ച ദയാലുവായ ഭരണാധികാരിയായിരുന്നു അദ്ദേഹം. സ്നേഹ സമ്പുഷ്ഠതയിലും സൗമനസ്യതയിലും സായൂജ്യം കണ്ട സാത്വികന്. ഭൂതകാലത്തിന്റെ ഭൂപ്രകൃതിയില് വര്ത്തമാനത്തിന്റെ വിസ്മയം വിരിയിച്ചു രാജ്യത്തിന് ശോഭനമായ ഭാവിയുണ്ടാക്കിയെടുക്കുന്നതില് വിജയം കൈവരിച്ച അറേബ്യയിലെ സുല്ത്താന്.
പ്രഥമ വിദേശ പര്യടന വേളയില് മനസിന്റെ തേരിലേറ്റിയ പാരീസിന്റെ പുരോഗതിയും സ്വിറ്റ്സര്ലാന്റ് സിറ്റിയുടെ സൗകുമാര്യതയും സ്വന്തം നാട്ടിലും നടപ്പാക്കി ലോകത്തെ അതിശയിപ്പിച്ച ഭരണാധികാരി. തന്റെ ജനതയുടെ പുരോഗതിയും ഐശ്വര്യവും അത്യുന്നതിയിലെത്തിക്കുന്നതില് ശൈഖ് സായിദ് കാണിച്ച ആത്മാര്ത്ഥത വിസ്മരിക്കാനാവില്ല. വറ്റിവരണ്ട മരുഭൂമിയിലെ ഈത്തപ്പഴവും കടലിലെ മുത്തും പെറുക്കി വിറ്റ് ജീവിതം തള്ളിനീക്കിയിരുന്ന സമൂഹത്തെ ലോകത്തിലെ ഉത്തമ പൗരന്മാരാക്കിയതില് ശൈഖ് സായിദിന്റെ ക്രാന്തദര്ശിത്വം പ്രകടമാണ്.
തന്റെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്തുന്നതിന് അക്ഷീണം പ്രയത്നിച്ച ദീര്ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ശൈഖ് സായിദ്. പല രാജ്യങ്ങളിലും സമ്പത്തും സൗഭാഗ്യവുമെല്ലാം പൂത്തുലഞ്ഞത് ഈ ഉദാരമനസ്കതയുടെ തണലിലാണ്. അസ്വസ്ഥമായ മനസുകളില് ആശ്വാസത്തിന്റെ ആയിരം കിനാവുകള് വിരിഞ്ഞത് ബാബാ സാ യിദിന്റെ ഈ ഈന്തപ്പനയുടെ നാട്ടിലാണ്. വേര്പാടിന് രണ്ടുപതിറ്റാണ്ട് പ്രായമായെങ്കിലും ലക്ഷങ്ങളുടെ മനസിനുള്ളിലെ നൊമ്പരം ഇനിയും വിട്ടുമാറിയിട്ടില്ല. വേര്പാടിന്റെ വേദന തളംകെട്ടിയ ആ നോമ്പ്കാല ത്തെ ഓര്മ യുഎഇയുടെ മനസില് നിന്ന് ഒരിക്കലും മായില്ല. സ്വദേശികള് മാത്രമല്ല,പ്രവാസികളും ആ വിയോഗത്തിന്റെ വേദന കടിച്ചമര്ത്തി ജീവിക്കുകയാണ്.