
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
94 രാജ്യങ്ങളില്‍ നിന്നായി 661 പ്രതിനിധികള്‍ പങ്കെടുക്കും
ഷാര്‍ജ: നാലാമത് അന്താരാഷ്ട്ര ബുക് സെല്ലേഴ്സ് സമ്മേളനത്തിന് നാളെ ഷാര്‍ജ ഷാര്‍ജ എക്സ്പോ സെന്ററില്‍ തുടക്കമാകും. ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ബൊദൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. 94 രാജ്യങ്ങളില്‍ നിന്നായി 661 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് ചൊവ്വാഴ്ച സമാപിക്കും. പുസ്തക പ്രസാധന-വിപണന വൈദഗ്ധ്യവും വ്യവസായ പ്രവണതകളും പങ്കുവെക്കുന്നതിനും പ്രൊഫഷണല്‍ നെറ്റ്വര്ക്കുകള് വികസിപ്പിക്കുന്നതിനുമാണ് സമ്മേളനം. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം പ്രസിദ്ധീകരണ,വിതരണ വ്യവസായം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും.
അതോടൊപ്പം ഈ മേഖലയില്‍ നിലവില്‍ ഉയര്‍ന്നുവരുന്ന ആഗോള വെല്ലുവിളികളും അവസരങ്ങളും വിലയിരുത്തും. മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഗൗരവമേറിയ സെഷനുകള്‍ക്കും സമ്മേളനം വേദിയാകും. പ്രസിദ്ധീകരണ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം വിഷയീഭവിക്കും. ലോകമെമ്പാടുമുള്ള അറിവ് പ്രാപ്യമാക്കുന്നതില്‍ വിതരണക്കാരുടെ സുപ്രധാന പങ്ക് ഉറപ്പിക്കുന്നതാകും സമ്മേളനം. നാളെ ഇറ്റലിയിലെ മെസാഗറി ലിബ്രി സിഇഒ റെനാറ്റോ സാല്വെറ്റിയും പബ്ലിഷിങ് പെര്‍സ്പെക്റ്റീവ്സ് ചീഫ് എഡിറ്റര്‍ പോര്‍ട്ടര്‍ ആന്‍ഡേഴ്സണും പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് റൊമാനിയയിലെ പ്രമുഖ പുസ്തകശാല ശൃംഖലയായ കാര്ട്ടുറെസ്റ്റിയുടെ സഹസ്ഥാപകരായ സെര്ബാന് റാഡു,നിക്കോലെറ്റ ജോര്‍ദാന്‍ എന്നിവര്‍ പങ്കെടുക്കുന്ന സെഷനും നടക്കും. ചൊവ്വാഴ്ച ആദ്യ സെഷനില്‍ യൂറോപ്പിന്റെ പ്രസിദ്ധീകരണ,വിതരണ മേഖലയുടെ പരിണാമത്തെ കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പെരുമാറ്റരീതികളെയും വര്‍ധിച്ചുവരുന്ന ബിസിനസ് അവസരങ്ങളെ കുറിച്ചും ജര്‍മനിയിലെ താലിയ പുസ്തകശാലകളുടെ സ്ഥാപകന്‍ മൈക്കല്‍ ബുഷ് പ്രഭാഷണം നടത്തും.
സമ്മേളന ഭാഗമായി വനിതാ പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പ്ലാറ്റ്ഫോമായ പബ്ലിസ് ഹെറിന്റെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ചകളും വിദഗ്ധരുടെ നേതൃത്വത്തിലുള്ള വര്‍ക്ഷോപ്പുകളും സംഘടിപ്പിക്കും. വനിതാ പ്രസാധകര് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും.
പുസ്തക വില്പനയില് കൃത്രിമബുദ്ധി എങ്ങനെ പിന്തുണയ്ക്കുമെന്ന് പ്രതിപാദിക്കുന്ന ‘എഐ ഫോര്‍ ബുക്ക്സെല്ലേഴ്സ്: എന്‍ഹാന്‍സിങ് ഡിസ്കവറി,സെയില്‍സ് ആന്റ് ഓപറേഷന്‍സ്’ സെഷന് ഇന്ത്യയിലെ ഒഎം ബുക്സിലെ അജയ് മാഗോ, നയിക്കും. പുസ്തക മേഖലയില്‍ സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവരുമായി ഫലപ്രദമായ സഹകരണം എങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ച് ക്രിസ്റ്റീന്‍ പിക്കീനയും ് ‘പുസ്തക വില്‍പ്പനക്കാര്‍ക്കുള്ള ഡാറ്റ മാനേജ്മെന്റ്’ എന്ന വിഷയത്തില്‍ ഫെര്‍ണാണ്ടോ പാസ്കലും പ്രഭാഷണം നടത്തും. സ്റ്റീവ് ജോണ്‍സിന്റെ നേതൃത്വത്തില്‍ പുസ്തകശാലകളുടെ ഓഫറുകള്‍ വൈവിധ്യവത്കരിക്കല്’ എന്ന സെഷനും സംവിധാനിച്ചിട്ടുണ്ട്. വായനക്കാരെ ആകര്‍ഷിക്കുന്ന ‘കോഫി ടേബിള്‍’ പുസ്തകങ്ങളുടെ പുതിയ രീതികളെ കുറിച്ച് റോം ക്വസാഡ ക്ലാസ് നയിക്കും. മഡലീന ഫോസോംബ്രോണി ‘ദി ലിറ്റററി ഫെസ്റ്റിവല്‍ ഇഫക്ട്: കാറ്റലൈസിങ് കള്‍ച്ചര്‍ ആന്റ് കമ്മ്യൂണിറ്റി’ എന്ന വിഷയത്തില്‍ സംസാരിക്കും. ‘പുസ്തക ക്ലബ്ബുകള്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് സ്പെയിനിലെ ലിബ്രേരിയ ലൂസസിലെ റോഡ്രിഗോ ലാറൂബിയ ക്ലാസെടുക്കും. ‘പുസ്തകശാലകള്‍ക്ക് കുട്ടികളിലും കൗമാരക്കാരിലും വായനയെ എങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും’ എന്ന വിഷയത്തില്‍ സ്പെയിനിലെ ലിബ്രേരിയ സെറെന്ഡിപിയാസിലെ എലീന മാര്‍ട്ടിനെസ് ബ്ലാങ്കോ പ്രസംഗിക്കും.