
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ജുഡീഷ്യല്‍ സംവിധാനം നേരിട്ടു മനസിലാക്കാന്‍ ചൈനീസ് സംഘം അബുദാബിയില്‍
അബുദാബി: നീതിന്യായ മേഖലയില്‍ അബുദാബിയുമായി സഹകരണം ശക്തമാന് ചൈന. ഇതിന്റെ ഭാഗമായി അബുദാബി കോടതിയുടെ നടപടികളും സംവിധാനങ്ങളും നേരിട്ടു മനസിലാക്കാ ന് ചൈനീസ് ജുഡീഷ്യല്‍ സംഘം അബുദാബിയിലെത്തി. നിയമ,നീതിന്യായ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫുജിയാന്‍ പ്രവിശ്യയിലെ സിയാമെന്‍ സിറ്റിയില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം അബുദാബിയിലെത്തിയത്. കോടതിയിലെത്തിയ സംഘത്തെ അബുദാബി ജുഡീഷ്യല്‍ വകുപ്പ് സ്വീകരിച്ചു.
അബുദാബിയുടെ മുന്‍നിര നീതിന്യായ,നിയമ സംവിധാനങ്ങളും ഡിജിറ്റല്‍ പരിവര്‍ത്തനം,കൃത്രിമ ബുദ്ധി,നവീകരണം,ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയെക്കുറിച്ചും പ്രതിനിധി സംഘം ചോദിച്ചറിഞ്ഞു. പരസ്പര താല്പര്യമുള്ള മേഖലകളിലെ അറിവ് കൈമാറ്റം,മികച്ച രീതികള്‍,സഹകരണ അവസരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും അബുദാബിയിലെ വ്യവഹാര സംവിധാനത്തിന്റെ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ആഗോള ജുഡീഷ്യല്‍ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായകമാകും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും എഡിജെഡി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വീക്ഷണം ശ്രദ്ധേയമാണെന്ന് പ്രതിനിധി സംഘം വിലയിരുത്തി. നീതിനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനും ‘സുരക്ഷിതവും സുസ്ഥിരവുമായ സമൂഹത്തിനായി ന്യായവും വേഗത്തിലുള്ളതുമായ നിയമസഹായം നല്‍കുന്നതിനുള്ള വകുപ്പിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുമായി ആരംഭിച്ച എഡിജെഡിയുടെ 2024-2026 പദ്ധതികള്‍, പ്രധാന വിധിന്യായങ്ങള്‍, സംരംഭങ്ങള്‍, എന്നിവയെക്കുറിച്ച് ചൈനീസ് പ്രതിനിധി സംഘത്തെ ബോധ്യപ്പെടുത്തി.
ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും വേണ്ടിയുള്ള നൂതന പരിശീലന പരിപാടികള്‍ പ്രതിനിധി സംഘം അവലോകനം ചെയ്തു. ഇത് പ്രൊഫഷണല്‍ കഴിവുകളും ജുഡീഷ്യല്‍ പ്രകടനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ്. സംഘം അബുദാബി ജുഡീഷ്യല്‍ അക്കാദമിയും സന്ദര്‍ശിച്ചു. നിയമ വിദ്യാഭ്യാസത്തിലും പ്രൊഫഷണല്‍ വികസനത്തിലും ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവര്‍ക്ക് പരിചയപ്പെടുത്തി.
അബുദാബി പബ്ലിക് പ്രോസിക്യൂഷനില്‍ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ അവലോകനം,നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി രൂപകല്പന ചെയ്ത ഇലക്ട്രോണിക്,സ്മാര്‍ട്ട് സേവനങ്ങള്‍ എന്നിവയും പ്രതിനിധി സംഘം നോക്കിക്കണ്ടു. വ്യവഹാര നടപടിക്രമങ്ങള്‍,കേസ് മാനേജ്മെന്റ് സംവിധാനങ്ങള്‍,വ്യവഹാരികള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും കേസ് പരിഹാരം വേഗത്തിലാക്കുന്നതിനുമുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവയെക്കുറിച്ച് പഠിക്കാന്‍ പ്രതിനിധി സംഘം അബുദാബി കൊമേഴ്സ്യല്‍ കോടതിയും സന്ദര്‍ശിച്ചു. കേസ് പുരോഗതി നിരീക്ഷിക്കാനും വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകള് വഴി അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാനും കക്ഷികളെ അനുവദിക്കുന്ന വിദൂര വ്യവഹാര സംവിധാനങ്ങളില്‍ സംഘം പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു. ജുഡീഷ്യല്‍ വകുപ്പിന്റെ നൂതന സേവനങ്ങളെയും പ്രത്യേക കോടതികള്‍,നൂതന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, വെര്‍ച്വല്‍ വിചാരണ നടപടിക്രമങ്ങളിലെ നേതൃത്വം എന്നിവയെയും ചൈനീസ് പ്രതിനിധി സംഘം അഭിനന്ദിച്ചു. അബുദാബിയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും ജുഡീഷ്യല്‍ ബന്ധം മെച്ചപ്പെടുത്തുന്നതിലും ചൈനീസ് സംഘം താല്പര്യം പ്രകടിപ്പിച്ചു.