
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് വ്യക്തമാക്കി. അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് ശൈഖ് മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇ പ്രസിഡന്റ് നയം ആവര്‍ത്തിച്ചത്.
അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഊര്‍ജ സഹകരണം,നൂതന സാങ്കേതിക വിദ്യയിലും കൃത്രിമബുദ്ധിയിലുമുള്ള സംയുക്ത നിക്ഷേപം,സുസ്ഥിര സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഇയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശൈഖ് മുഹമ്മദും ക്രിസ് റൈറ്റും തീരുമാനിച്ചു. ഊര്‍ജ മേഖലയില്‍ നിക്ഷേപം വളര്‍ത്തുന്നതിനുള്ള പുതിയ മാര്‍ഗങ്ങളെയും അവസരങ്ങളെയും കുറിച്ച് ഇരുരാഷ്ട്ര നേതാക്കളും ചര്‍ച്ച നടത്തി.
യുഎഇയുടെയും അമേരിക്കയുടെയും പുരോഗതിയും വികസനവും ദീര്‍ഘകാലം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫലപ്രദമായ സഹകരണത്തില്‍ അധിഷ്ഠിതമായ പങ്കാളിത്തം നിലനിര്‍ത്തണമെന്നും ഇതിന് യുഎഇയുടെ പ്രതിബദ്ധത ഇനിയും വാഗ്ദാനം ചെയ്യുന്നുവെന്നും ശൈഖ് മുഹമ്മദ് ഉറപ്പുനല്‍കി. ലോക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായും ആഗോള ഊര്‍ജ സുരക്ഷയ്ക്ക് സംഭാവന നല്‍കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയും പ്രസിഡന്റ് അറിയിച്ചു.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് ഹമീദ് ബിന്‍ സായിദ് അല്‍ നഹ്യാന്,സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ഊര്‍ജ്ജ,അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറാജ് ഫാരിസ് അല്‍ മസ്രൂയി,വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ.സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിര്‍, അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബഎന്നിവരും നിരവധി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.