
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. മതേതര കക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും മുസ്ലിംഗങ്ങളുടെ അവകാശത്തെ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ഈ നിയമ ഭേദഗതിക്കെതിരെ ഇന്ത്യന്‍ യൂണിയന് മുസ്ലിലീഗ് രാജ്യ വ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ആദ്യപടിയായി കേരളത്തിലെ മുഴുവന്‍ മതേതര വിശ്വാസികളെയും ഒന്നിപ്പിച്ചു കൊണ്ട് നാളെ കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ റാലി നടത്തും. രാജ്യത്തെ ജനാധിപത്യവും മതേതരത്വം സംരക്ഷിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജനലക്ഷങ്ങളാണ് റാലിയിലേക്ക് ഒഴുകിയെത്തുക. പ്രതിഷേധ റാലിക്ക് മുന്നോടിയായി 14ന് മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ ശാഖകളിലും, 15 ന് മണ്ഡലം തലങ്ങളില്‍ വാഹന പര്യടനവും വിളംബര ജാഥകളും നടന്നു. റാലിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് വഖഫ് സംരക്ഷണത്തിനായി പ്രവാസലോകത്തും വലിയ രീതിയില്‍ ക്യാംപെയനുകള് സംഘടിപ്പിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയായിരിക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി വാദിച്ച എംപിമാരില്‍ പ്രധാനിയാണ് അമരീന്ദര്‍ സിംഗ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് കെഎം ഖാദര്‍ മൊയ്തീന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എം.പിമാര്‍, ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഭരണഘടന രാജ്യത്തെ പൗരന്മാര്ക്ക് ഉറപ്പ് നല്കുന്ന മത സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കിയത്. ജനത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പാക്കാനും മുസ്ലിംകളുടെ അവകാശങ്ങളെ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണത്തെ പ്രതിപക്ഷം കരുത്തോടെ നേരിട്ടെങ്കിലും ഇരുസഭകളും ബില്‍ പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി നിയമമായി മാറിയിരിക്കുകയാണ്. ഈ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ബിജെപിയുടെ ഫാസിസ്റ്റ് നിലപാടുകളും മുസ്ലിം വിരുദ്ധ നീക്കങ്ങളും കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെടുന്നുവെന്ന് മാത്രമല്ല, വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും രാജ്യമെമ്പാടും ഉയര്‍ന്നു വരുന്നുണ്ട്. വഖഫ് നിയമ ഭേദഗതിക്കെതിരെ പല സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. പലയിടത്തും സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും പ്രതിഷേധരംഗത്തേക്ക് എത്തുന്ന കാഴ്ചയാണ് കാണുന്നത്. ടിവികെ അധ്യക്ഷനും നടനുമായ വിജയ് ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. മാത്രമല്ല, തമിഴ്നാട് സര്‍ക്കാറും ഡികെഎംയും നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മുസ്ലിം സമുദായത്തോടുള്ള വിവേചനമാണെന്നും ഇസ്ലാംമത വിശ്വാസികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് വഖഫ് നിയമഭേദഗതിക്കെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത്. ഫലസ്തീന് വിഷയത്തിലും, പൗരത്വ നിയമത്തിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഏറ്റവും വലിയ പ്രതിഷേധം കണ്ട കോഴിക്കോട് കടപ്പുറത്തു നടക്കുന്ന വഖഫ് സംരക്ഷണ പ്രതിഷേധ റാലി ഇതിനെയെല്ലാം മറികടക്കുന്ന തരത്തിലുള്ള ബഹുജന പങ്കാളിത്തം കൊണ്ട് രാജ്യവ്യാപക ശ്രദ്ധ നേടുമെന്ന കാര്യത്തില്‍ സംശയമില്ല.