
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
റിയാദ്: സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും റിയാദ് നിയമ സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 14ന് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും ഗവര്‍ണറേറ്റില്‍ നിന്നു കോടതി ആവശ്യപ്പെട്ട കേസ് ഡയരിയും എഫ്ഐആറും ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമാവാത്തതിനെ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിവച്ചത്. 19 വര്‍ഷമായി നടന്നുവരുന്ന കേസെന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിധി പകര്‍പ്പുകളും വിശദമായ പരിശോധനക്ക് വിധേയമാക്കുന്നതിന് വേണ്ടിയാണ് റിയാദ് ക്രിമിനല്‍ കോടതി ഒറിജിനല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതേതുടര്‍ന്ന് ആവശ്യമായ രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്നു കോടതിയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 5ന് അന്തിമ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിയമ സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. ദിയാ ധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയതും തുടര്‍ന്ന് പതിനൊന്ന് തവണ റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചതുമടക്കം മുഴുവന്‍ വിവരങ്ങളും ഭാരവാഹികള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു. കേസില്‍ സ്വകാര്യ അവകാശത്തിന് മേല്‍ മരണപ്പെട്ട ബാലന്റെ കുടുംബവുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് 15 മില്യണ്‍ റിയാല്‍ കൈമാറിയതോടെയാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. പൊതു അവകാശത്തിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. ഇതിനിടെ കേസ് നീണ്ടുപോകുന്ന സാഹചര്യത്തില്‍
അബ്ദുറഹീമിന് വേണ്ടി ജാമ്യാപേക്ഷ സമര്പ്പിരുന്നെങ്കിലും കോടതി അത് പരിഗണിച്ചിരുന്നില്ല. അതേസമയം,അബ്ദുറഹീം അന്യായമായി തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് നിയമനടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്നു കോടതി നിരീക്ഷിച്ചതായി അബ്ദുറഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂര്‍ ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച എല്ലാ സിറ്റിങ്ങുകളിലും നീതിന്യായ സംവിധാനങ്ങളിലെ സ്വാഭാവിക നടപടിക്രമങ്ങളാണ് നടന്നത്.
കോടതി ചേര്‍ന്ന വേളകളില്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍,തീരുമാനങ്ങള്‍, കോടതി രേഖപ്പെടുത്തിയ വിശദമായ മിനുട്സ് എന്നിവ സമിതി മാധ്യമ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തി. വധശിക്ഷ വിധിച്ച ഉത്തരവ് മുതല്‍ 2023 ഒക്ടോബര്‍ 6ന് വധശിക്ഷ ശരിവച്ച ഉത്തരവ്, 2024 ജൂലൈ 2ന് ദിയാ ധനം സ്വീകരിച്ച് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവ് എന്നിവയെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ രേഖാമൂലം സമിതി വിശദീകരിച്ചു. മരിച്ച സഊദി ബാലന് അനസ് അല്‍ ശഹ്രിയുടെ കുടുംബ അഭിഭാഷകന്റെ പേരില്‍ കോടതി 15 മില്യണ്‍ റിയാലിന്റെ ചെക്ക് കൈമാറിയതിനെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ സമിതി വാര്‍ത്ത സമ്മേളനത്തില്‍ നല്കി.
സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റിയാദിലെ നിയമ സഹായ സമിതി വാര്‍ത്താ സമ്മേളനം വിളിച്ചത്. വധശിക്ഷ റദ്ദ് ചെയ്തതിനു ശേഷം ജയില്‍ മോചനം പ്രതീക്ഷിച്ചു കഴിയുന്ന അബ്ദുറഹീമിന്റെ കേസില്‍, ഓരോ സിറ്റിങ് നടക്കുമ്പോഴും വലിയ പ്രതീക്ഷയോടെയാണ് മലയാളി സമൂഹം കാത്തിരിക്കുന്നത്. ചില മാസങ്ങളില്‍ ഒന്നിലധികം സിറ്റിങ് നടന്നിട്ടും ജയില്‍ മോചനം അനിശ്ചിതമായി നീണ്ടു പോകുന്നത് ചോദ്യം ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ സമിതി വലിയ ആരോപണങ്ങള്‍ നേരിട്ടത്. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്ല വല്ലാഞ്ചിറ,മുനീബ് പാഴൂര്‍,സുരേന്ദ്രന് കൂട്ടായി,സെബിന് ഇഖ്ബാല്‍,നവാസ് വെളളിമാട്കുന്ന്,കുഞ്ഞോയി കോടമ്പുഴ എന്നിവരുംപങ്കെടുത്തു.