
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും വേഗതയും ഉറപ്പാക്കുന്ന പുതിയ യാത്രാ സംവിധാനം നിലവില്‍ വന്നു. ‘അണ്‍ലിമിറ്റഡ് സ്മാര്‍ട്ട് ട്രാവല്‍’ എന്ന നൂതന പാസ്പോര്‍ട്ട് നിയന്ത്രണ സംവിധാനം യാത്രക്കാര്‍ക്ക് യാതൊരു കാത്തുനില്‍പ്പുമില്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന് അഫയേഴ്സ്(ജിഡിആര്‍എഫ്എ) സംഘടിപ്പിക്കുന്ന എഐ കോണ്‍ഫറന്‍സില്‍ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയാണ് പുതിയ സംവിധാനത്തിന്റെ പ്രഖ്യാപനം നടത്തിയത്.
ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ മൂന്നിലെ ഫസ്റ്റ്,ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്. അത്യാധുനിക എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയുകയും വ്യക്തിഗത വിവരങ്ങള്‍ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്ന നൂതന സംയോജിത സംവിധാനമാണ് ‘അണ്‍ലിമിറ്റഡ് സ്മാര്‍ട്ട് ട്രാവല്‍’. യാത്രക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും യാത്രാ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. ഈ പുതിയ സേവനം സ്മാര്‍ട്ട് മൊബിലിറ്റി രംഗത്ത് സുപ്രധാന മുന്നേറ്റമാണെന്ന് ജിഡിആര്‍എഫ്എ പറഞ്ഞു. ഇത് സ്മാര്‍ട്ട് സിസ്റ്റങ്ങളിലുള്ള യാത്രക്കാരുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ഒരേ സമയം പത്ത് പേര്‍ക്ക് വരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യും.
ഇതിലൂടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വര്‍ധിക്കുന്നതോടൊപ്പം യാത്രാ ഗേറ്റുകളിലൂടെയുള്ള കടന്നുപോക്ക് കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ദുബൈ എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റുകളുടെ പ്രവര്‍ത്തനശേഷി പത്തിരട്ടിയായി വര്‍ധിപ്പിച്ചതായി അല്‍ മര്‍റി പ്രഖ്യാപിച്ചിരുന്നു. 2020 ല്‍ ആരംഭിച്ച സ്മാര്‍ട്ട് ടണല്‍ സംരംഭത്തില്‍ നിന്നുള്ള വിവരങ്ങളാണ് പുതിയ സേവനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പത്തെ സ്മാര്‍ട്ട് ടണലില്‍ നിന്ന് ലഭിച്ച അനുഭവത്തില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യക്തികളെ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയാനും നടപടിക്രമങ്ങളുടെ സമയം ഗണ്യമായി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ഇതിലൂടെ പത്ത് ആളുകള്‍ക്ക് അവരുടെ ഊഴത്തിനായി കാത്തുനില്‍ക്കാതെ വെറും 14 സെക്കന്‍ഡിനുള്ളില്‍ യാത്രാനുമതി ലഭിക്കും.ഇനി യാത്രക്കാര്‍ക്ക് ഒറ്റയ്ക്ക് പോകുന്നതിന് പകരം ഗ്രൂപ്പുകളായി പോലും സുഗമമായി കടന്നുപോകാന്‍ സാധിക്കും.
യാതൊരുവിധ രേഖകളോ മറ്റ് അധിക നടപടിക്രമങ്ങളോ ഇല്ലാതെ നിലവിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് മുഖം മാത്രം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാന്‍ സാധിക്കുന്ന നൂതന സംവിധാനത്തിലേക്കാണ് ദുബാ വിമാനത്താവളം വളര്‍ന്നിരിക്കുന്നത്. ലോഞ്ചുകളില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക കാമറകള്‍ക്ക് ഏത് ദിശയില്‍ നിന്നും മുഖം പകര്‍ത്താന്‍ കഴിയുമെന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ഭാവിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ എട്ടു ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ ഈ പുതിയ രീതി ഏറെ പ്രയോജനകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പുറപ്പെടുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളതെങ്കിലും ഭാവിയില്‍ ഇത് വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരിലേക്ക് വ്യാപിപ്പിക്കാനും യാത്രക്കാര്‍ ഒരു തവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാവുന്ന സംവിധാനം നടപ്പാക്കാനും പദ്ധതിയുണ്ട്.
‘അണ്‍ലിമിറ്റഡ് സ്മാര്‍ട്ട് ട്രാവല്‍’ സേവനത്തിന് 2024 ലെ ജിടെക്സ് ഗ്ലോബലില്‍ അവതരിപ്പിച്ച ‘ട്രാവല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ്’ എന്ന പദ്ധതിയുമായി സാമ്യതകളുണ്ട്. ഈ പുതിയ സംവിധാനം ദുബൈ വിമാനത്താവളത്തിലെ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ജിഡിആര്‍എഫ്എ പ്രത്യാശ പ്രകടിപ്പിച്ചു.