
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
യുഎഇ ജുമുഅ ഖുതുബ
ഒരു സമൂഹത്തിന്റെ ഐക്യവും അഖണ്ഡതയും ഭദ്രതയും പുരോഗതിയും സാംസ്കാരികോന്നതിയുമെല്ലാം അറിയണമെങ്കില്‍ ആ സമൂഹത്തിന്റെ അംഗങ്ങളിലേക്ക് നോക്കി, അവര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നുണ്ടോ അവര്‍ക്കുള്ള സ്ഥാനമാനം വകവെച്ചു നല്കുന്നുണ്ടോ എന്നെല്ലാം നിരീക്ഷിച്ചാല്‍ മതിയാകും. മുതിര്‍ന്നവര്‍ മുന്തിയവരാണ്. അവരെ ബഹുമാനിക്കല്‍ സാമൂഹിക ബാധ്യതയാണ്. അതു തന്നെയാണ് പ്രവാചകര്‍ മുഹമ്മദ് നബി (അ) പഠിപ്പിച്ചുതന്ന പാതയും. നബി (സ്വ) മുതിര്‍ന്നവരെ ആദരിക്കുകയും അവരോട് മയത്തില്‍ പെരുമാറുകയും ചെയ്യുമായിരുന്നു.
മക്കാവിജയ വേളയില്‍ അബൂബക്കര്‍ സിദ്ദീഖ്(റ) പിതാവിനെയും ചുമന്ന് തിരുനബി സന്നിധിയില്‍ കൊണ്ടുവന്നപ്പോള്‍ നബി (അ) ആ പ്രായമായയാളെ സ്നേഹാര്ദമായി വരവേറ്റുകൊണ്ട് പറഞ്ഞത് അദ്ദേഹത്തിനെ എന്തിനാണ് ഇേേങ്ങാട്ട് കൊണ്ടുവന്നത്,വീട്ടില്‍ തന്നെ ഇരുത്താമായിരുന്നില്ലേ, നമ്മള് അങ്ങോട്ട് പോയി കാണുമായിരുന്നല്ലൊ എന്നാണ്.(ഹദീസ് അഹ്മദ് 12635). അദ്ദേഹത്തിന്റെ പ്രായം മാനിച്ച് പ്രയാസപ്പെടുത്താതിരിക്കാനാണ് നബി (സ്വ) അങ്ങനെ ചെയ്തത്. പ്രായമായവരോട് കാണിക്കേണ്ട കരുതലിന്റെയും ബഹുമാനാദരവിന്റെയും ഉത്തമ ഉദാഹരണമാണ് പ്രവാചകര്‍ നബി (സ്വ) കാണിച്ചുതന്നിരിക്കുന്നത്. പ്രായാധിക്യത്തിന്റെ നര പ്രൗഢിയും ഗാംഭീര്യവുമാണ്. മാത്രമല്ല സ്വര്‍ഗത്തിലേക്ക് നയിക്കുന്ന പ്രകാശവുമാണത്. സത്യവിശ്വാസിയുടെ ഓരോ നരയും അന്ത്യനാളില്‍ സ്വര്‍ഗത്തിലേക്കുള്ള വെട്ടമാണെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്. (ഹദീസ് അബൂദാവൂദ് 4202). മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് അല്ലാഹുവിനോടുള്ള ബഹുമാനം കൂടിയാണ്.
നബി (സ്വ) പറയുന്നുണ്ട്: നരബാധിച്ച സത്യവിശ്വാസിയെ ആദരിക്കുന്നത് അല്ലാഹുവിനെ ആദരിക്കുന്നതില്‍പ്പെട്ടതാണ് (ഹദീസ് അബൂദാവൂദ് 4843, അദബുല്‍ മുഫ്റദ് 357). സമൂഹത്തിന്റെ നെടുംതൂണുകളാണ് മുതിര്‍ന്നവര്‍. അവര്‍ നാടിന്റെ ഐശ്വര്യമാണ്. നിങ്ങളിലെ മുതിര്‍ന്നവര്‍ക്കൊപ്പമാണ് ഐശ്വര്യം എന്ന ഹദീസുണ്ട്.(ഇബ്നു ഹിബ്ബാന്‍ 2/319). അവരുടെ യുക്തി,അനുഭവസമ്പത്ത്,വിരുന്നുസല്‍ക്കാരങ്ങള്‍,ദാനങ്ങള്‍,വാത്സല്യം,വീക്ഷണങ്ങള്‍ അങ്ങനെ എല്ലാത്തിലും പുണ്യങ്ങളുണ്ട്. അവരാണ് പൈതൃകങ്ങളുടെയും പാരമ്പര്യങ്ങളുടെയും സൂക്ഷിപ്പുകാര്‍. പ്രായമായവരെ ബഹുമാനിക്കേണ്ടത് ഏവരുടെയും ബാധ്യതയാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാത്തവര്‍ നമ്മില്പ്പെട്ടവരല്ലെന്നാണ് നബി വചനം (ഹദീസ് തുര്‍മുദി 2043, അഹ്മദ് 6937). പ്രഥമമായി നമ്മുടെ കുടുംബത്തില്‍ നിന്നുള്ള പ്രായമായവരെ തന്നെ പരിഗണിക്കണം. പ്രായമായ മാതാപിതാക്കളെയും വല്യുപ്പ വല്യുമ്മമാരെയും ആദരിക്കുകയും മാനിക്കുകയും വേണം. അല്ലാഹു പറയുന്നുണ്ട്: മാതാപിതാക്കളിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ഛെ എന്നുപോലും പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യരുത്. ആദരപൂര്‍ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള് അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം ‘രക്ഷിതാവേ ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ ഇവര്‍ക്ക് നീ കാരുണ്യം ചൊരിയണമേ’ (സൂറത്തുല്‍ ഇസ്റാഅ് 23, 24).
മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്ന,അവരോട് സ്നേഹവും ബഹുമാനവും കാണിക്കുന്ന,പിതാവിനെ മസ്ജിദിലേക്ക് കൂടെക്കൊണ്ടുപോകുന്ന,അവരുടെ വാര്‍ധക്യസഹജമായ ബലഹീനതകളില്‍ ക്ഷമിക്കുന്ന,നന്നായി സംസാരിക്കുന്ന മക്കളുണ്ടാവുക എന്നത് ഏറെ സേേന്താഷദായകമായ കാര്യമാണ്. സദസുകളില്‍ പിതാക്കള്‍ക്ക് മുന്‍ഗണന നല്‍കണം. അവരുടെ സംസാരങ്ങള്‍ക്ക് നിശബ്ദതയോടെ കാതോര്‍ക്കണം. ഫോണിലോ മറ്റു വേലകളിലോ ഏര്‍പ്പെടരുത്. ഇടക്ക് കയറി സംസാരിക്കരുത്. ഒരു സദസില്‍ വെച്ച് ഏറ്റവും ചെറിയയാള്‍ സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ ‘വലിയവര്‍ സംസാരിക്കട്ടെ,വലിയവര്‍ സംസാരിക്കട്ടെ’ എന്നാണ് നബി (സ്വ) ഉപദേശിച്ചത് (ഹദീസ് ബുഖാരി, മുസ്ലിം).
ചര്‍ച്ചകളില്‍ അവരെയും ഉള്‍പ്പെടുത്തണം. അവരുടെ അനുഭവസമ്പത്തും പരിഗണിക്കണം. അവരുടെ സാന്നിധ്യം സന്തോഷകരമാക്കണം. അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. നല്ല നിലവാരമുള്ള ജീവിതസൗകര്യങ്ങള്‍ നല്‍കണം. വിശ്രമത്തിന് അവസരമൊരുക്കണം. ഇടക്കിടക്ക് സുഖവിവരം ചോദിച്ചറിയണം. മുഖത്ത് നോക്കി പുഞ്ചിരിക്കണം. ഏത് അവസരത്തിലും ചെറു സമ്മാനം നല്‍കിയോ നല്ല വാക്കുകള്‍ പറഞ്ഞോ അവരെ സന്തോഷിപ്പിക്കണം. ഇടക്കിടക്ക് അവരെ സന്ദര്‍ശിച്ചോ ബന്ധപ്പെട്ടോ ഏകാന്തതയുടെ പ്രതീതി ഇല്ലാതെ നോക്കണം.
മാതാപിതാക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതോ അവരെ പരിഹസിക്കുന്നതോ അവരില്‍ നിന്ന് മുഖം തിരിക്കുന്നതോ അവരുടെ സേവനങ്ങളെ വിലകുറച്ചുകാണുന്നതോ അവരുടെ സാന്നിധ്യം ഭാരമായി തോന്നുന്നതോ ആയ ഒരു നിമിഷം പോലും ഉണ്ടാവരുത്. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് പ്രവാചകര്‍ (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അഹ്മദ് 6892). പ്രായമായവര്‍ക്ക് നിങ്ങള്‍ നല്ലത് ചെയ്യുക, എന്നാല്‍ നിങ്ങള്‍ക്ക് പ്രായമാവുമ്പോള്‍ അല്ലാഹു നല്ലതുണ്ടാവാന് അവസരമുണ്ടാക്കും. നന്മ ഒരു കടമാണ്,അത് തിരിച്ചുകിട്ടാനുള്ളതാണെന്ന് ഓര്‍ക്കുക. മുതിര്‍ന്നവരോടൊപ്പം സദസില്‍ പങ്കെടുക്കുന്നതില്‍ നന്മകളുണ്ട്. മക്കളെയും കൂടെകൂട്ടണം. അവര്‍ക്കും മുതിര്‍ന്നവരോടുള്ള പെരുമാറ്റങ്ങള്‍ പഠിപ്പിക്കണം. സലാം പറയാനും അവരെ ബഹുമാനിക്കാനും കല്പ്പിക്കണം. ചെറിയവര്‍ വലിയവര്‍ക്ക് സലാം പറയണമെന്നാണ് നബി (സ്വ) അരുള്‍ ചെയ്തിരിക്കുന്നത് (ഹദീസ് ബുഖാരി 6231). മക്കളെ വലിയവരോട് മര്യാദകളോടെ സംസാരിക്കാന്‍ പഠിപ്പിക്കണം. ഇബ്നു ഉമര്‍ (റ) പറയുന്നു, ഒരിക്കല്‍ നബി (സ്വ) പറയുകയുണ്ടായി: ഒരു വൃക്ഷത്തിന്റെ കാര്യം സത്യവിശ്വാസിയെ പോലെയാണ്. അപ്പോള്‍ ഞാന്‍ അത് ഈത്തപ്പന എന്ന് പറയാന്‍ തുനിഞ്ഞു. ഞാന്‍ കൂട്ടത്തില്‍ ഏറ്റവും ചെറിയയാളായിരുന്നു. ഞാന്‍ മൗനം പാലിച്ചു. (ഹദീസ് ബുഖാരി, മുസ്്ലിം).
മക്കളെ വലിയവരോടൊപ്പം സദസില്‍ പങ്കെടുക്കാനും അവരെ കേള്‍ക്കാനും അവരുടെ ജീവിതപാഠങ്ങളില്‍ നിന്ന് പഠിക്കാനും പ്രാപ്തരാക്കണം. സല്സ്വഭാവങ്ങളിലും മൂല്യങ്ങളിലും അവരെ പിന്തുടരാനും അവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരായാനും അവരോട് പ്രാര്‍ത്ഥന ചെയ്യാന്‍ പറയാനും ഉദ്ബോധിപ്പിക്കണം. പ്രായമായവരില്‍ നിന്ന് മരിച്ചവരെ ഓര്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും വേണം. നമ്മളില്‍ നിന്ന് മരിച്ചുപോയവര്‍ക്ക് പ്രാര്‍ത്ഥിക്കുന്നത് അവര്‍ക്ക് ചെയ്തുകൊടുക്കുന്ന ഏറ്റവും നല്ലൊരു ഗുണമാണ്.