
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
നയതന്ത്ര ബന്ധത്തിന് അരനൂറ്റാണ്ട്
അബുദാബി: യുഎഇയുമായി നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികത്തിലെത്തിയ ഓസ്ട്രേലിയ സഹകരണ ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറല്‍ സാം മോസ്റ്റിന് എസി അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം സുദൃഢമാക്കാന്‍ തീരുമാനിച്ചത്.
പരസ്പര സഹകരണത്തിലൂടെ വികസനം കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തേണ്ട അവസരമാണിതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിപ്രായപ്പെട്ടു. ചലനാത്മകമായ യുഎഇ-ഓസ്ട്രേലിയ ബന്ധങ്ങളുടെ വളര്‍ച്ചയും അദ്ദേഹം എടുത്തുപറഞ്ഞു. പരസ്പര പ്രയോജനത്തിനായി സഹകരണത്തിന്റെ പാലങ്ങള്‍ പണിയുക എന്ന യുഎഇയുടെ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപാരം,നിക്ഷേപം,സുസ്ഥിരത,സംസ്കാരം, വിദ്യാഭ്യാസം,ഭക്ഷ്യസുരക്ഷ,സാങ്കേതിക വിദ്യ തുടങ്ങിയ ഭാവി കേന്ദ്രീകൃത മേഖലകളില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎഇയുടെ താല്‍പ്പര്യത്തെയും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ജനങ്ങള്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയും ക്ഷേമവും ലഭിക്കുന്നതിനുള്ള മുന്‍ഗണനാ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും പങ്കുവച്ചു. സാമ്പത്തിക സഹകരണം ഉത്തേജിപ്പിക്കുന്നതിലും വ്യാപാര,നിക്ഷേപ അവസരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും യുഎഇയിലെയും ഓസ്ട്രേലിയയിലെയും ബിസിനസ് സമൂഹങ്ങള്‍ക്ക് ഏകോപനം,നിക്ഷേപം,സംയുക്ത സംരംഭങ്ങളുടെ വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും യുഎഇ-ഓസ്ട്രേലിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഫലപ്രദമായ പിന്തുണ നല്‍കുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
വികസനവുമായി ബന്ധപ്പെട്ട മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെ കുറിച്ചും കഴിഞ്ഞ വര്‍ഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് യുഎഇയും ഓസ്ട്രേലിയയും തമ്മിലുള്ള വിഭവ കൈമാറ്റത്തെക്കുറിച്ചും യുഎഇ പ്രസിഡന്റും ഓസ്ട്രേലയിന്‍ ഗവര്‍ണര്‍ ജനറലും ചര്‍ച്ച ചെയ്തു. ഓസ്ട്രേലിയയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ച ശൈഖ് മുഹമ്മദ് സാം മോസ്റ്റിനെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ഹൃദ്യമായി സ്വീകരിച്ചു. സംയുക്ത താല്‍പ്പര്യമുള്ള പ്രാദേശിക,അന്തര്‍ദേശീയ വിഷയങ്ങളും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ വികസനങ്ങളും ഇരുവരും അവലോകനം ചെയ്തു. മേഖലയില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം ഇരുനേതാക്കളും അടിവരയിട്ടു. മാനവികതയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതും ആഗോള അഭിവൃദ്ധിയെ പിന്തുണയ്ക്കുന്നതുമായ രീതിയില്‍ സംഭാഷണത്തിലൂടെ ആഗോള സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകം എടുത്തുപറഞ്ഞു.
തങ്ങള്‍ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് സാം മോസ്റ്റിന് നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധത്തില്‍ കൈവരിച്ച പുരോഗതിയെ പ്രശംസിക്കുകയും ഇരു രാജ്യങ്ങളുടെയും താല്പര്യങ്ങള്ക്കനുസൃതമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഓസ്ട്രേലിയയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്തു.അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ ഇക്കണോമി,റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ,സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയേഗ്,പ്രസിഡന്റിന്റെ സ്ട്രാറ്റജിക് അഫയേഴ്സ് ഓഫീസ് ചെയര്‍മാനും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്മാന് അഹമ്മദ് മുബാറക് അല്‍ മസ്രൂയി,ഓസ്ട്രേലിയ ഗവര്‍ണര്‍ ജനറലിന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.