
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
വിമാനത്താവളത്തിലെ യാത്രാ ദൂരവും വിമാനങ്ങളെ ബന്ധിപ്പിക്കുന്ന സഞ്ചാര സമയവും കുറവും
ദുബൈ: വിസ്മയിപ്പിക്കുന്ന വികസന വിപ്ലവങ്ങള്‍ കൊണ്ട് ലോകശ്രദ്ധ നേടിയ ദുബൈയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭൂഗര്‍ഭ ട്രെയിന്‍ പദ്ധതി വരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായ ദുബൈയുടെ ‘ദുബൈ വേള്‍ഡ് സെന്‍ട്രല്‍’ (ഡിഡബ്ല്യുസി) എന്ന സ്വപ്ന പദ്ധതിയിലാണ് ഭൂഗര്‍ഭ തീവണ്ടി സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിഡബ്ല്യുസി നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 35 ബില്യണ്‍ ഡോളര്‍ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതി 2033ഓടെ നാടിന് സമര്‍പ്പിക്കും. പാസഞ്ചര്‍ ടെര്‍മിനലിലേക്കുള്ള സമഗ്രമായ ഭൂഗര്‍ഭ ട്രെയിന്‍ ശൃംഖലയാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്.
ഇതോടനുബന്ധിച്ചുള്ള ആഭ്യന്തര ഗതാഗത പദ്ധതികളും പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന്റെ വിശാലമായ വലിപ്പം കണക്കിലെടുക്കുമ്പോള്‍ യാത്രാ ദൂരവും വിമാനങ്ങളെ ബന്ധിപ്പിക്കുന്ന യാത്രക്കാരുടെ സമയവും ഇതോടെ കുറയുമെന്ന് ദുബൈ എയര്‍പോര്‍ട്ട്സ് സിഇഒ പോള്‍ ഗ്രിഫിത്ത്സ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പറഞ്ഞു. ഇതോടെ പുതിയ ടെര്‍മിനല്‍ സമുച്ചയത്തിനുള്ളിലെ ആകെ സഞ്ചാര സമയം 15-20 മിനിറ്റില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ കിങ്സ് ക്രോസില്‍ നിന്ന് പാഡിംഗ്ടണിലേക്കുള്ള യാത്ര പോലെ വലിയ നഗരങ്ങളിലെ പ്രധാന ട്രെയിന്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള യാത്രാസമയമാണിത്.
യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പിക്കാന്‍ ഇന്റേണല്‍ ട്രെയിനുകളില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ഗ്രിഫിത്ത്സ് പറഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലുള്ള ഓട്ടോമേറ്റഡ് പീപ്പിള്‍ മൂവര്‍ (എപിഎം) ടെര്‍മിനല്‍ 1,ടെര്‍മിനല്‍ 3 എന്നിവിടങ്ങളിലാണ് യാത്രക്കാരെ കടത്തിവിടുന്നത്. ഇതൊരു ചെറിയ സംവിധാനമാണ്. കൂടാതെ എപിഎമ്മുകളില്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിമിതമായ ഇരിപ്പിട സൗകര്യമേയുള്ളൂ..
പുതിയ ടെര്‍മിനലിന്റെ വലിപ്പക്കൂടുതല്‍ യാത്രക്കാരുടെ സഞ്ചാരത്തിന് പ്രയാസം സൃഷ്ടിക്കും. അതിനാല്‍ പദ്ധതി എത്രയും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഗ്രിഫ്ത്ത്സ് പറഞ്ഞു. 35 ബില്യണ്‍ ഡോളറിന്റെ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കാന്‍ ദുബൈ സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പാണ് അനുമതി നല്‍കിയത്. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും പ്രധാനപ്പെട്ട കരാറുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്മാന് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വ്യക്തമാക്കിയിരുന്നു. ദുബൈ ഏവിയേഷന്‍ എഞ്ചിനീയറിങ് പ്രോജക്ട്സ് (ഡിഎഇപി) ആണ് പുതിയ ടെര്‍മിനലിന്റെ നിര്‍മാണത്തിനുള്ള കരാറുകള്‍ നല്‍കുന്നത്. അത്യാധുനിക എഐ സംവിധാനത്തോടെയായിരിക്കും ഭൂഗര്‍ഭ തീവണ്ടി സര്‍വീസും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അവതരിപ്പിക്കുക.