
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
വനിതാ സാമ്പത്തിക വികസനത്തിനുള്ള സംരംഭമാണിത്
ക്വെയ്റോ: വനിതകളുടെ സാമ്പത്തിക വികസനത്തിന് യുഎഇ അവതരിപ്പിച്ച ‘അറബ് ഒബ്സര്‍വേറ്ററി’ ആശയം ആവിഷ്കരിക്കാന്‍ അറബ് ലീഗ് തീരുമാനം. അറബ് ഒബ്സര്‍വേറ്ററി’യുടെ ഔദ്യോഗിക ലോഞ്ചിങ് പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിലെ സ്ഥിരം പ്രതിനിധികളുടെ ഉന്നതതല യോഗം ചേര്‍ന്നു. യുഎഇ രാഷ്ട്രമാതാവും ജനറല്‍ വനിതാ യൂണിയന് (ജിഡബ്ല്യൂ) ചെയര്‍പേഴ്സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ (എഫ്ഡിഎഫ്) സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറകിന്റെ മേല്‍നോട്ടത്തിലുള്ള യുഎഇ പ്രതിനിധി സംഘം യോഗത്തില്‍ പങ്കെടുത്തു.
വനിതാ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക സംവിധാനങ്ങള്‍ സജീവമാക്കുന്നതിന് അംഗരാജ്യങ്ങളുടെ സജീവ പങ്കാളിത്തത്തോടൊപ്പം ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് പ്രവര്‍ത്തിക്കുകയും സുസ്ഥിര വികസനം കൈവരിക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്ന സംയുക്ത അറബ് സംരംഭമാണ് അറബ് ഒബ്സര്‍വേറ്ററി’. ഇതിന്റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന അറബ് ഉച്ചകോടിയിലെ അറബ് ലീഗ് കൗണ്‍സിലിന്റെ 33ാമത് സെഷനിലാണ് യുഎഇ ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. ഇത് നടപ്പാക്കുന്നതിനെ കുറിച്ചുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് ഈജിപ്തിലെ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് ആസ്ഥാനത്ത്് യോഗം ചേര്‍ന്നത്. വനിതാ സാമ്പത്തിക വികസനത്തിനായുള്ള അറബ് ഒബ്സര്‍വേറ്ററി സ്ഥാപിക്കുന്നത് സംബന്ധിച്ച് യുഎഇ നിര്‍ദേശിച്ച സംരംഭത്തിന് യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ഘടനാപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന സംരംഭങ്ങളിലൂടെ അറബ് സമ്പദ്വ്യവസ്ഥയില് സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനും വികസനങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. അറബ് വികസന അജണ്ട (2023-2028),യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030 എന്നിവയുമായി ഇത് ചേര്ന്നുനില്ക്കുന്നു.
യോഗത്തില്‍ ഗാലിയ അലി അല്‍ മന്നായ് വനിതാ സാമ്പത്തിക വികസനത്തിനായുള്ള അറബ് ഒബ്സര്‍വേറ്ററിയുടെ കാഴ്ചപ്പാടും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. ഭാവി വിപുലീകരണ പദ്ധതികളും പ്രാദേശികമായി ഒബ്സര്‍വേറ്ററിയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനുള്ള സുസ്ഥിരതാ പദ്ധതികളുമാണ് ഗാലിയ അലി അവതരിപ്പിച്ചത്. ജനറല്‍ വനിതാ യൂണിയന് സെക്രട്ടറി ജനറല്‍ നൂറ ഖലീഫ അല്‍ സുവൈദി,സ്ട്രാറ്റജിക് ആന്റ്് ഡെവലപ്മെന്റ് അഫയേഴ്സ് കമ്മിറ്റി മേധാവി ഗാലിയ അലി അല്‍ മന്നായ്,ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് അസി.സെക്രട്ടറി ജനറലും സോഷ്യല്‍ അഫയേഴ്സ് സെക്ടര്‍ മേധാവിയുമായ അംബാസഡര്‍ ഹൈഫ അബു ഗസാലെ,ഈജിപ്തിലെ യുഎഇ അംബാസഡറും ലീഗിലെ സ്ഥിരം പ്രതിനിധിയുമായ മറിയം അല്‍ കാബി എന്നിവരാണ് യുഎഇയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. അറബ് രാജ്യങ്ങളിലെ നിരവധി അംബാസഡര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
അറബ് ലോകത്ത് സംയോജനവും സുസ്ഥിര വികസനവും കൈവരിക്കുന്നതിനുള്ള അടിത്തറയായി വര്‍ത്തിക്കുന്ന സംയുക്ത അറബ് പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ‘വനിതാ സാമ്പത്തിക വികസനത്തിനായുള്ള അറബ് ഒബ്സര്‍വേറ്ററി’ എന്ന പദ്ധതി ആരംഭിക്കാന്‍ രാജ്യത്തെ പ്രേരിപ്പിച്ചതെന്ന് നൂറ അല്‍ സുവൈദി പറഞ്ഞു. സ്ത്രീ ബിസിനസുകളുടെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി അറബ് രാജ്യങ്ങളിലുടനീളമുള്ള എല്ലാ പ്രമുഖ പങ്കാളികളെയും ഒരുമിച്ചുകൊണ്ടുവരുന്ന ആദ്യ സംയോജിത പ്ലാറ്റ്ഫോം സ്ഥാപിച്ച് അറബ് സ്ത്രീകളുടെ നിലയില്‍ പരിവര്‍ത്തനാത്മകമായ മാറ്റം വരുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അറബ് ലോകമെമ്പാടും സ്ത്രീകളുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക ശാക്തീകരണത്തിനുമുള്ള അവസരങ്ങള്‍ വികസിപ്പിക്കുന്ന സമഗ്രമായ പ്രാദേശിക സംവിധാനം സ്ഥാപിക്കുന്നതിലൂടെ വനിതാ നേതൃത്വത്തെ പിന്തുണയ്ക്കുന്നതിലും അവരുടെ സാമ്പത്തിക സംഭാവനകള്‍ വര്‍ധിപ്പിക്കുന്നതിലും യുഎഇയുടെ കാഴ്ചപ്പാടിനെ ഈ സംരംഭം അടയാളപ്പെടുത്തുന്നുവെന്ന് ഡോ.ഹൈഫ അബു ഗസാലെ അഭിപ്രായപ്പെട്ടു.