
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എടിഎം) യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു
ദുബൈ: പരസ്പര സഹകരണത്തിലൂടെ സമൃദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്നതിലും അവസരങ്ങള്‍ വികസിപ്പിക്കുന്നതിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലും ക്രിയാത്മകമായ ആഗോള പങ്ക് നിര്‍വഹിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. അര്‍ത്ഥവത്തായ ഇടപെടല്‍,യഥാര്‍ത്ഥ പങ്കാളിത്തം,തുറന്ന സംഭാഷണം,ആഗോള പുരോഗതിക്ക് നേതൃത്വം, ലോകമെമ്പാടുമുള്ള ജീവിതം മെച്ചപ്പെടുത്തല്‍ എന്നീ രാജ്യത്തിന്റെ സ്ഥാപക തത്വങ്ങളില്‍ വേരൂന്നിയതാണ് ഈ ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ(എടിഎം) സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ യുഎഇ യാത്രക്കാര്‍ക്ക് അസാധാരണമായ സേവനങ്ങള്‍ നല്കുന്ന രാജ്യമാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളില്‍ തുടര്‍ച്ചയായ നിക്ഷേപം നടത്തി സമ്പദ്വ്യവസ്ഥയും ടൂറിസം മേഖലയും ശക്തിപ്പെടുത്തുന്നതിന് രാജ്യം വലിയ പങ്കുവഹിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. ഈ വര്‍ഷം ഏകദേശം 150 ദശലക്ഷം യാത്രക്കാരെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ 166 രാജ്യങ്ങളുടെയും 55,000 ട്രാവല്‍ ആന്റ് ടൂറിസം പ്രാഫഷണലുകളുടെയും പങ്കാളിത്തം ആഗോള ടൂറിസം ഭൂപടത്തില്‍ യുഎഇയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെയും ഈ സുപ്രധാന മേഖലയിലേക്കുള്ള അതിന്റെ സംഭാവനകളില്‍ വര്‍ധിച്ചുവരുന്ന ആത്മവിശ്വാസത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. 2024ല്‍ റെക്കോര്‍ഡ് 30.7 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരെ സ്വീകരിച്ച ടൂറിസം വ്യവസായത്തിന്റെ ശക്തമായ പ്രകടനത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊത്തം ചെലവ് ഏകദേശം 250 ബില്യണ്‍ ദിര്‍ഹത്തിലെത്തി.
അവസരങ്ങള്‍ക്കായുള്ള മുന്‍നിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിച്ചവരുടെ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പ്രശംസിച്ചു. പ്രദര്‍ശനങ്ങള്‍ കേവലം സീസണല്‍ പരിപാടികളല്ല. മറിച്ച് വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളാണെന്നും ആഗോള സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന പങ്കാളിത്തങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള വേദികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണം പ്രോത്സാഹിപ്പിക്കുകയും വിജയം ഉറപ്പാക്കുകയും ജീവിത നിലവാരത്തിലും പോസിറ്റീവ് ആഗോള ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം,യുഎഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസത്തിന്റെ ഡയരക്ടര്‍ ജനറല്‍ ഹെലാല്‍ സഈദ് അല്‍മാരി,ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി എന്നിവരും ദുബൈ ഭരണാധികാരിയെ അനുഗമിച്ചു.
ആഗോള വേ്യാമയാന കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതികളും വളര്‍ച്ചാ തന്ത്രങ്ങളും അവലോകനം ചെയ്തുകൊണ്ട് എമിറേറ്റ്സിലും ഫ്ളൈ ദുബൈ പവലിയനുകളിലും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു.
ഫ്ളൈ ദുബൈ പവലിയനില്‍ സിഇഒ ഗൈത്ത് അല്‍ ഗൈത്ത് ബജറ്റ് ഏവിയേഷനില്‍ എയര്‍ലൈന്‍ നടത്തുന്ന പങ്ക് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. 2024ല്‍ റെക്കോര്‍ഡ് ഫലങ്ങമുണ്ടായെന്നും 15 വര്‍ഷം മുമ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിതെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റ്സ് ടൂറിസം കൗണ്‍സില്‍ പവലിയനും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സന്ദര്‍ശിച്ചു. സാമ്പത്തിക മന്ത്രിയും കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി ‘വി ദ യുഎഇ 2031’ എന്ന ദര്‍ശനവുമായി യോജിപ്പിച്ച് ഏഴ് എമിറേറ്റുകളിലുടനീളമുള്ള ടൂറിസം മത്സരശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശൈഖ് മുഹമ്മദിന് വിശദീകരിച്ചു കൊടുത്തു.
വിനോദം,ബിസിനസ് പ്രോഗ്രാം,ആഢംബരം,കോര്‍പ്പറേറ്റ് യാത്ര എന്നിവയുള്‍പ്പെടെ ആഗോള യാത്രാ മേഖലയിലുടനീളമുള്ള പ്രൊഫഷണലുകളെയും നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ 166 രാജ്യങ്ങളില്‍ നിന്നുള്ള 2,800 പ്രദര്‍ശകരും 55,000 സന്ദര്‍ശകരും പങ്കെടുത്തു.