
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഒക്ടോബര്‍ പതിനാലിന് തുറക്കും
ദുബൈ: രാജ്യം കടുത്ത ചൂടിലേക്ക് കടന്നതോടെ സീസണ് അവസാനിപ്പിച്ച് ദുബൈ സഫാരി പാര്‍ക്ക് അടക്കുന്നു. ജൂണ്‍ ഒന്നിന് അടക്കുന്ന പാര്‍ക്ക് നവീകരണ പ്രവൃത്തികള്‍ക്കു ശേഷം ഒക്ടബോര്‍ 14ന് തുറക്കും. ഈ മാസം സന്ദര്‍ശകര്‍ക്ക് വന്യ സാഹസികതയുടെ നവീന കാഴ്ചകള്‍ സമ്മാനിക്കുകയാണ് സഫാരി പാര്‍ക്ക്. കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാന്‍ നിരവധി പ്രത്യേക പരിപാടികളും മനോഹരമായ ദൃശ്യാനുഭവങ്ങളുമാണ് അവസാനഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. 250ലധികം ഇനങ്ങളില്‍ നിന്നുള്ള 3,000ത്തിലധികം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ദുബൈ സഫാരി പാര്‍ക്ക്.
ഒക്ടോബര്‍ 14ന് ഏഴാമത് സീസണ് ആരംഭിക്കുമ്പോള്‍ നവീനമായ ദൃശ്യവിസ്മയങ്ങളും പുതിയ അതിഥികളും പാര്‍ക്കിനെ സമ്പന്നമാക്കും. അടയ്ക്കുന്നതിന് മുമ്പ് നിങ്ങളുടെ മൃഗസുഹൃത്തുക്കളെ കാണാനുള്ള അവസാന അവസരമാണിതെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ സ്പെഷ്യലൈസ്ഡ് പാര്‍ക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും മേധാവി അഹമ്മദ് അല്‍ ഖൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനിച്ച പാര്‍ക്കിലെ കുഞ്ഞന്‍ കാണ്ടാമൃഗമായ ഒനിക്സിന്റെ ആദ്യ പിറന്നാള്‍ ആഘോഷമായിരിക്കും പാര്‍ക്ക് പൂട്ടുന്നതിനു മുമ്പുള്ള ആകര്‍ഷണീയമായ ആഘോഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാഹസിക സഫാരി,മൃഗങ്ങളെ കാണല്‍,തീറ്റ സെഷനുകള്‍, ഇമ്മേഴ്സീവ് ജൂനിയര്‍ റേഞ്ചര്‍ പ്രോഗ്രാം തുടങ്ങിയ ജനപ്രിയ പരിപാടികള്‍ കൊണ്ട് ഇമാറാത്തില്‍ ഏറെ ശ്രദ്ധേയമായ പാര്‍ക്കാണ് ദുബൈ സഫാരി പാര്‍ക്ക്. സന്ദര്‍ശകര്‍ക്ക് വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ചുള്ള ആകര്‍ഷകവും വിദ്യാഭ്യാസപരവുമായ അറിവുകളും ഇവിടെ പകര്‍ന്നുനല്‍കുന്നു. ആറ് സവിശേഷ സോണുകളിലായി പാര്‍ക്കിന്റെ എയര്‍ കണ്ടീഷന്‍ ചെയ്ത ഷട്ടില്‍ ട്രെയിന്‍ യാത്രകള്‍,ഇന്‍ഡോര്‍ പ്രദര്‍ശനങ്ങള്‍,എയര്‍ കണ്ടീഷന്‍ ചെയ്ത സഫാരി അനുഭവം എന്നിവ ആസ്വദിക്കാന്‍ അതിഥികള്‍ക്ക് സാധിക്കും. ചൂടുള്ള ദിവസങ്ങളില്‍ പോലും സുഖകരമായ കാലാവസ്ഥ സമ്മാനിക്കുന്നതാണ് ദുബൈ സഫാരി പാര്‍ക്ക്.