
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
നിക്ഷേപ സഹകരണം ശക്തിപ്പെടുത്താനും ദുബൈയില്‍ നടന്ന ബിസിനസ് ഫോറത്തില്‍ ധാരണ
ദുബൈ: യുഎഇയും ഇറാഖും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങള്‍ക്കുമുള്ള പങ്കാളിത്തം മെച്ചപ്പെടുത്താനും ഇമാറാത്തി-ഇറാഖി ബിസിനസ് ഫോറം ധാരണ. ഇറാഖി ചേംബേഴ്സ് ഓഫ് കൊമേഴ്സുമായി സഹകരിച്ച് യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഫെഡറേഷന് ദുബൈയില്‍ സംഘടിപ്പിച്ച രണ്ടാം ഇമാറാത്തി-ഇറാഖി ബിസിനസ് ഫോറത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇറാഖി വ്യാപാര പ്രതിനിധി സംഘത്തിന്റെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു ബിസിനസ് ഫോറം സംഘടിപ്പിച്ചത്.
ഇറാഖുമായി വ്യാപാര സഹകരണ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ഫെഡറേഷന് ഓഫ് യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ഷാര്‍ജ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ്് ഇന്‍ഡസ്ട്രി ചെയര്‍മാനുമായ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് സന്തുഷ്ടി പ്രകടിപ്പിച്ചു. യുഎഇ ചേംബേഴ്സും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ബാങ്ക് ദുബൈ ബ്രാഞ്ചും സഹകരിച്ച് ആരംഭിച്ച ‘ടുഗെദര്‍ ഫോര്‍ പാര്‍ട്ണര്‍ഷിപ്പ്സ്’ സംരംഭത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപകരെയും ബിസിനസ് ഉടമകളെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയും പാലവുമാകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖും യുഎഇയും തമ്മിലുള്ള സഹകരണ ബന്ധങ്ങളുടെ ആഴത്തെ ഫോറത്തില്‍ യുഎഇയിലെ ഇറാഖ് അംബാസഡര്‍ ഡോ.മുദാഫര് മുസ്തഫ അല്ജുബൂരി പ്രശംസിച്ചു. ഇരു രാജ്യങ്ങള്‍ക്കും സുസ്ഥിര വികസനവും സാമ്പത്തിക അഭിവൃദ്ധിയും കൈവരിക്കുന്ന തരത്തില്‍ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണത്തിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
യുഎഇയുടെ വികസിത സാമ്പത്തിക അന്തരീക്ഷത്തെയും ഇറാഖിലെ വികസന പ്രക്രിയയെയും പിന്തുണയ്ക്കാന്‍ കഴിയുന്ന നിക്ഷേപ അവസരങ്ങളെ അല്ജുബൂരി എടുത്തുപറഞ്ഞു. വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള ഇടപെടലില്ലാതെ സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതും ക്രിയാത്മകമായ നിയമ നിര്‍മാണ,നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നതും സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംയോജനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ബന്ധങ്ങളുടെ വികസനം അദ്ദേഹം അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയ തോത് 2023ല്‍ 28.3 ബില്യണ്‍ ഡോളറില്‍ നിന്ന് 2024ല്‍ 39.3 ബില്യണ്‍ ഡോളറായി വര്‍ധിച്ചിട്ടുണ്ട്. 38.6% വളര്‍ച്ചാ നിരക്കാണ് കൈവരിച്ചിട്ടുള്ളത്.
അല്‍ഫോ ഗ്രാന്റ് പോര്‍ട്ടിന്റെ വികസനത്തിനായി സംയുക്ത സംരംഭം സ്ഥാപിക്കുന്നതിനായി ജനറല്‍ കമ്പനി ഫോര്‍ പോര്‍ട്ട്സ് ഓഫ് ഇറാഖും അബുദാബി പോര്‍ട്ട്സ് ഗ്രൂപ്പും തമ്മില്‍ 2024ല്‍ ഒപ്പുവച്ച പ്രാഥമിക കരാറിന് പുറമേ 2017ലെ ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍,2021ല്‍ പരസ്പര നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കരാര്‍ തുടങ്ങിയ ഉഭയകക്ഷി ധാരണകളും അദ്ദേഹം എടുത്തുപറഞ്ഞു.
ഫോറത്തില്‍ ഇരു രാജ്യങ്ങളിലെയും പ്രധാന സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നുമുള്ള 170ലധികം കമ്പനികള്‍ പങ്കെടുത്തു. വാണിജ്യ ചേംബേഴ്സ് തമ്മിലുള്ള ഉഭയകക്ഷി യോഗങ്ങള്‍ക്ക് പുറമേ,റിയല്‍ എസ്റ്റേറ്റ്,കോണ്‍ട്രാക്ടിങ്,ടൂറിസം,ഹോസ്പിറ്റാലിറ്റി, ഊര്‍ജം,പുനരുപയോഗ ഊര്‍ജം,ലോജിസ്റ്റിക്സ് സേവനങ്ങള്‍,ആരോഗ്യ സംരക്ഷണം,കൃത്രിമ ബുദ്ധി തുടങ്ങിയ വിവിധ മേഖലകളിലെ പ്രതിനിധികള്‍ തമ്മില്‍ 250ലധികം ഉഭയകക്ഷി ബിസിനസ് മീറ്റിങ്ങുകളും ഫോറത്തില്‍ നടന്നു.