
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: എമിറേറ്റിനെ ‘നഗര’,’ഗ്രാമീണ’ മേഖലകളായി വിഭജിച്ച് ദുബൈ പൊലീസ് പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമാക്കുന്നു. ദുബൈയുടെ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായാണ് ക്രമസമാധാന മേഖലയിലെ ഈ വിഭജനം. അര്‍ബന്‍,റൂറല്‍ മേഖലകളിലായുള്ള പുതിയ പ്രവര്‍ത്തന പദ്ധതി ദുബൈ പൊലീസ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓപ്പറേഷന്‍സിന്റെ ആദ്യപാദ പ്രകടനങ്ങളുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അസി.കമാന്‍ഡന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി അധ്യക്ഷനായ യോഗത്തില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സുരക്ഷാ കവറേജ് വര്‍ധിപ്പിക്കുക,അടിയന്തര പ്രതികരണ സമയം കുറയ്ക്കുക,അധികാര പരിധിയിലെ എല്ലാ മേഖലകളിലുമുള്ള മനുഷ്യവിഭവശേഷി വിന്യാസം,പട്രോളിംഗ് വിതരണം,നൂതന സ്മാര്‍ട്ട് സാങ്കേതിക വിദ്യകളുടെയും എഐ സംവിധാനങ്ങളുടെയും സംയോജനം എന്നിവയാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി അവതരിപ്പിച്ച സോണിങ് രീതിയിലൂടെ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിലും പട്രോളിങ്ങുകളുടെയും അടിയന്തര ടീമുകളുടെയും ദ്രുത വിന്യാസം സാധ്യമാക്കുന്നതിലും ഓപ്പറേഷന്‍സ് വകുപ്പിന് നിര്‍ണായകമായി ഇടപെടാന്‍ കഴിയുമെന്ന് മേജര്‍ ജനറല്‍ അല്‍ മന്‍സൂരി വ്യക്തമാക്കി. ഇത് ദുബൈയുടെ നഗരാസൂത്രണ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നും എമിറേറ്റിലുടനീളം പ്രവര്‍ത്തന സന്നദ്ധത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബൈയുടെ പ്രദേശങ്ങളെ നഗരപ്രദേശങ്ങളോ ഗ്രാമപ്രദേശങ്ങളോ ആയി നിര്‍വചിക്കുന്നത് സുരക്ഷാ ഗതാഗത മാനേജ്മെന്റ്,കമ്മ്യൂണിറ്റി സേവനങ്ങള്‍ എന്നിങ്ങനെയുള്ള പ്രത്യേക ആവശ്യങ്ങള്‍ക്കനുസൃതമായി മെച്ചപ്പെട്ട ജീവനക്കാരുടെ വിതരണം സാധ്യമാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ആത്യന്തികമായി, ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി നിലനിര്‍ത്തുന്നതിനൊപ്പം ഇതിലൂടെ സമൂഹത്തിന്റെ സന്തോഷം പരമാവധിയാക്കുക എന്ന പ്രധാന ലക്ഷ്യത്തിലേക്ക് ദുബൈ പൊലീസ് മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സോണിങ് ദുബൈ പൊലീസിന്റെ പ്രവര്‍ത്തന കാര്യക്ഷമതയെ ഗണ്യമായി മെച്ചപ്പെടുത്തുകയും അടിയന്തര പ്രതികരണ ശേഷികള്‍ ശക്തിപ്പെടുത്തുകയും എമിറേറ്റിലുടനീളമുള്ള പൊലീസ് സേവനങ്ങളില്‍ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നവീകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ബ്രിഗേഡിയര്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു.