
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
1976 മെയ് ആറിനാണ് യുഎഇ സായുധസേന ഏകീകരിച്ചത്
അബുദാബി: ഐക്യ അറബ് നാടുകളുടെ അജയ്യത അടയാളപ്പെടുത്തുന്ന സായുധസേനയുടെ ഏകീകരണത്തിന് ഇന്ന് 49 വയസ്സ്. ദേശരക്ഷയുടെ പടച്ചട്ടയണിഞ്ഞ യുഎഇയുടെ സര്‍വായുധ വിഭൂഷിതസേന ലോകത്തെ കരുത്തുറ്റ പോരാളികളാണ്. തന്ത്രവും സ്ഥൈര്യവും സാങ്കേതിക വിദ്യകളടങ്ങളിയ സായുധ വൈഭവം കൊണ്ടും പോര്‍ക്കളത്തെ ത്രസിപ്പിക്കാന്‍ ശേഷിയുള്ള ഇമാറാത്തിന്റെ പടയാളികള്‍ക്ക് പ്രചോദനം പകരുന്ന ദിനംകൂടിയാണിന്ന്. ദനാചരണ ഭാഗമായി രാജ്യത്തിന്റെ വിജയകരമായ സൈനിക ദൗത്യങ്ങളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി ഇന്ന് പ്രത്യേക സൈനിക ചടങ്ങുകള്‍ നടക്കും. 1976 മെയ് ആറിന് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് സേനാ ഏകീകരണത്തിന്റെ കരാര്‍ ഒപ്പുവച്ച അബൂമുറൈഖയില്‍ ഇന്ന് സൈനിക തലവന്മാര്ക്കൊപ്പം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ദിനാചരണത്തില്‍ പങ്കാളിയാകും.
രാഷ്ട്ര ഏകീകരണം പോലെ പ്രധാനമായിരുന്നു യുഎഇയുടെ സൈനിക ഏകീകരണവും. വിവിധ ഗോത്ര ഗ്രൂപ്പുകളും പ്രാദേശിക സേനകളുമായി വിഘടിച്ചുനിന്നിരുന്ന സൈന്യങ്ങളെ വളരെ വിജയകരമായി ഏകീകരിച്ച രാഷ്ട്രപിതാവിന്റെ വീക്ഷണം ഇന്നും രാജ്യത്തിന്റെ സൈന്യത്തിന് കരുത്തും ആവേശവും പകരുന്നതാണ്. 1971ല്‍ യുഎഇ എന്ന രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന ഒമാന്‍ ലെവികളെ കൂടി ചേര്‍ത്താണ് ഐക്യ അറബ് സേന രൂപീകരിച്ചത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 1971 ഡിസംബര്‍ 27ന് യുഎഇ സേന കേന്ദ്ര പ്രതിരോധവകുപ്പിന്റെ കീഴിലെത്തി. യൂണിയന് പ്രതിരോധ സേനയെന്ന നിലയിലാണെങ്കില്‍ പോലും ഉപകരണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഓരോ എമിറേറ്റിനും ഉത്തരവാദിത്വമുണ്ടായിരുന്നു. ഏഴ് എമിറേറ്റുകളില്‍ ഓരാള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍, അതിനെതിരെ പോരാടാന്‍ അതതു എമിറേറ്റുകളിലെ സേനയ്ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. 1974 ല്‍ സേന, ഫെഡറല്‍ സായുധ സേന എന്ന പേരില്‍ അറിയപ്പെട്ടു. 1976ല്‍
സായുധ സേനയെ ഒരു കേന്ദ്ര കമാന്‍ഡിനും പതാകയ്ക്കും കീഴില്‍ അണിനിരത്തിയതോടെ യുഎഇയുടെ പ്രതാപത്തിന് അത് കൂടുതല്‍ പ്രൗഢിയേകി.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയെയും തന്ത്രപരമായ കാഴ്ചപ്പാടുമാണ് ഇന്ന് സേനയെ നയിക്കുന്നത്. ഏഴ് എമിറേറ്റുകളുടെ ഏകീകരണത്തിനുശേഷം യുഎഇ എന്ന രാജ്യം അതിന്റെ സെനിക കഴിവുകള്‍ ശക്തിപ്പെടുത്താനാണ് ആദ്യ ശ്രമം നടത്തിയത്. ഇതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അടിത്തറ. നിലവിലുള്ള പ്രാദേശിക സേനകളെ ഒരു ഏകീകൃത കമാന്‍ഡിലേക്ക് ആദ്യം കൂട്ടിയോജിപ്പിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നൂതന സാങ്കേതിക വിദ്യകളും പരിശീലന സംവിധാനങ്ങളും ഉള്‍പ്പെടുത്തി യുഎഇ സായുധ സേനയുടെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചു. ആദ്യ ഏകീകരണത്തിനു ശേഷം ആദ്യം ‘യര്‍മുഖ് ബ്രിഗേഡ്’ എന്ന പേരിലാണ് സൈന്യം അറിയപ്പെട്ടത്. 1976ലാണ് സായുധ സേനയ്ക്ക് യൂണിഫോമും സൈനിക അക്കാദമികളും വ്യോമ,നാവിക സേനകളും സ്ഥാപിച്ചത്. തുടര്‍ന്ന് അബുദാബിയില്‍ മിലിട്ടറി ജനറല്‍ ആസ്ഥാനം ഉയര്‍ന്നുവന്നു. വിവിധ പ്രാദേശിക, അന്തര്‍ദേശീയ സംഘര്‍ഷങ്ങളില്‍ യുഎഇ സായുധ സേനയുടെ പങ്കാളിത്തം അതിന്റെ ശക്തിവര്‍ധിപ്പിച്ചു. 1990-91ലെ ഗള്‍ഫ് യുദ്ധകാലത്തെ സേവനങ്ങള്‍ സായുധ സേനയുടെ ശക്തിയും കഴിവും പ്രതിബദ്ധതയും പ്രകടമാക്കി. ഇന്ന്,ദേശീയ,പ്രാദേശിക സ്ഥിരത നിലനിര്‍ത്താന്‍ സമര്‍പ്പിതരായ പ്രഫഷണല്‍ സൈനിക സേനയായി യുഎഇ മിലിട്ടറിയെ ലോകം അംഗീകരിച്ചു.
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള യുഎഇ സായുധ സേനയുടെ ഘടന കരസേന,നാവികസേന,വ്യോമസേന എന്നീ ശാഖകള്‍ ഉള്‍പ്പെടുന്നതാണ് യുഎഇയുടെ സായുധ സേന. കരസേന യുഎഇയുടെ ഉപരിതലത്തെ കാത്തുസംരക്ഷിക്കുന്നു. നാവികസേന സമുദ്ര സുരക്ഷയ്ക്കും വ്യോമസേന യുഎഇയുടെ വ്യോമാതിര്‍ത്തികളുടെ സംരക്ഷണത്തിനും മേധാവിത്വത്തിനും മേല്‍നോട്ടം വഹിക്കുന്നു.കാലാള്‍പ്പട,കവചിത,പീരങ്കി വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ യൂണിറ്റുകള്‍ സൈന്യത്തിലുണ്ട്. തീരദേശ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി നാവികസേന ഉപരിതല കപ്പലുകള്‍,അന്തര്‍വാഹിനികള്‍,സമുദ്ര പട്രോളിങ് വിമാനങ്ങള്‍ എന്നിവയും പ്രവര്‍ത്തന സജ്ജമാണ്. വ്യോമസേനയ്ക്ക് നൂതന യുദ്ധവിമാനങ്ങള്‍,ഗതാഗത വിമാനങ്ങള്‍,ശക്തമായ ഹെലികോപ്റ്റര്‍ കപ്പല്‍ എന്നിവയുമുണ്ട്. കൂടാതെ,ദേശീയ സുരക്ഷയിലും ആചാരപരമായ ചുമതലകളിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് പോലുള്ള അര്‍ധസൈനിക സേനകളും യുഎഇക്കുണ്ട്.
ബാഹ്യ ആക്രമണം,ആഭ്യന്തര അസ്ഥിരത എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭീഷണികളില്‍ നിന്ന് മാതൃരാജ്യത്തെ സംരക്ഷിക്കുകയാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ,തീവ്രവാദത്തെയും സൈബര്‍ ഭീഷണികളെയും നേരിടാന്‍ യുഎഇ സായുധസേന കണ്ണുംകാതും കൂര്‍പ്പിച്ചിരിക്കുന്നു. വിവിധ മേഖലകളില്‍ സായുധ സേന നിരവധി വിജയങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി ദേശീയ വികസന പ്രക്രിയയില്‍ സായുധ സേന പ്രധാന പങ്കാളികൂടിയാണ്. രാജ്യത്തിന്റെ സൈനിക നേട്ടങ്ങള്‍ ആഘോഷിക്കുന്നതോടൊപ്പം രാജ്യത്തിനായി പിടഞ്ഞുവീണു മരിച്ച ധീരരക്തസാക്ഷികളുടെ ത്യാഗത്തെയും ഈ ദിനത്തില്‍ സ്മരിക്കും. അഭിമാനത്തോടെ ഈ രാജ്യം അവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കും.