
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഷാര്‍ജ: കാന്‍സര്‍ ബാധിതരായ കുട്ടികളുടെ അതിജീവനത്തിനായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ യുഎഇയിലെ തലശ്ശേരി കൂട്ടായ്മയായ ‘ഹോപ്പ് കണക്ട് തലശ്ശേരി’ അഭ്യുദയകാംക്ഷികളുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ മിയാ മാളില്‍ നടന്ന ചടങ്ങില്‍ ലോഗോ പ്രകാശനവും നടന്നു. ഹോപ്പിന്റെ നിരവധി സഹകാരികള്‍ പരിപാടിയില്‍ പങ്കെടുത്തു. കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.സൈനുല്‍ ആബിദീന്‍ കുട്ടികളുടെ കാന്‍സര്‍ ചികിത്സയില്‍ സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. കേരളത്തിലെ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രതീക്ഷയും സ്നേഹവും നല്കുന്നതില് ഹോപ്പ് നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും അതിന്റെ നാള്‍വഴികളും ഹോപ്പ് ഫൗണ്ടര്‍ ഹാരിസ് കാട്ടകത്ത് വിശദീകരിച്ചു.
ഹോപ്പിന്റെ ദൗത്യം,നേട്ടങ്ങള്‍,ഭാവി പദ്ധതികള്‍ എന്നിവയെ കുറിച്ച് ഹോപ്പ് ഫൗണ്ടേഷന് ചീഫ് റിസോഴ്സ് മൊബിലൈസേഷന്‍ ഓഫീസര്‍ അനീഷ്കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്ന ഹോപ്പിന്റെ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. റുമൈസ അബ്ദുല്‍ ഖാദര്‍,സല്മാന് ഫാരിസ്,ബഷീര്‍ തിക്കോടി,ജയിലഫ് പ്രസംഗിച്ചു. ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് ജിസിസി ചെയര്മാന് ഷാഫി അല്‍ മുര്‍ഷിദി,ഡയരക്ടര്‍മാരായ അഡ്വ.ഹാഷിം അബൂബക്കര്‍,ഹെറോള്‍ഡ് ഗൊമസ്,സുഹദാ ഹാരിസ് പങ്കെടുത്തു. റിയാസ് കില്ട്ടന് സ്വാഗതവും അഡ്വ. അജ്മല്‍ നന്ദിയും പറഞ്ഞു.
സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകളെ ഒന്നിപ്പിച്ച് കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിനായി ‘ഹോപ്പ് കണക്ട്’ എന്ന പേരില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്രീകരിച്ച് പ്രത്യേക പ്ലാറ്റ്ഫോമുകള് രൂപീകരിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ ഹോപ്പിന്റെ സേവനങ്ങള്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് തലശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചത്. അടുത്ത് തന്നെ കൂടുതല്‍ സ്ഥലങ്ങള്‍ ഏകോപിച്ചുള്ള ഹോപ്പ് കണക്ട് നിലവില്‍ വരുന്നതാണെന്ന് ഹോപ്പ് ഫൗണ്ടര്‍ ഹാരിസ് കാട്ടകത്തും ജിസിസി ചെയര്മാന് ഷാഫി അല്‍ മുര്‍ഷിദിയും പറഞ്ഞു. കേരളത്തിലെ കാന്‍സര്‍ ബാധ്യതയായ കുട്ടികള്‍ക്ക് ആശ്വാസമായി കോഴിക്കോട്,മുക്കം,കൊച്ചി,തലശ്ശേരി,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഹോപ്പ് ഹോംസുകള്‍ പ്രവര്‍ത്തിക്കുന്നു. അതിനിടയില്‍ ഹോപ്പിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. മംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ഹോപ്പ് ഹോംസുകള്‍ തുറക്കാനുള്ള നടപടികള്‍ നടന്നുവരുന്നുവെന്ന് ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു.