
ഷബാബ് അല്‍ അഹ്ലിക്ക് യുഎഇ പ്രസിഡന്റ്സ് കപ്പ്
ദുബൈ ഗ്ലോബല്‍ വില്ലേജ് 29ാം സീസണിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം
ദുബൈ: വിസ്മയക്കാഴ്ചകളുടെ വിരുന്നൊരുക്കിയ ദുബൈ ഗ്ലോബല്‍ വില്ലേജ് നാളെ മിഴിയടക്കും. യുഎഇയിലെ ഏറ്റവും ജനകീയമായ കുടുംബാസ്വാദന കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ 29ാമത് സീസണിനാണ് തിരശ്ശീല വീഴുന്നത്. ഈ വര്‍ഷത്തെ കാഴ്ചാലോകത്തിന്റെ കവാടമടക്കും മുമ്പ് ഗ്ലോബല്‍ വില്ലേജ് നിരവധി ഓഫര്‍ നല്‍കിയിരുന്നു. മള്‍ട്ടി കള്‍ച്ചറല്‍ ഡെസ്റ്റിനേഷന്‍.12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം,പരിധിയില്ലാത്ത കാര്‍ണിവല്‍ റൈഡുകള്‍,ഭക്ഷണ-സാംസ്കാരിക പ്രേമികള്‍ക്ക് പുതിയ അനുഭവങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കായി വാഗ്ദാനം ചെയ്തിരുന്നത്.
2024 ഒക്ടോബര്‍ 16ന് ആരംഭിച്ച നിലവിലെ സീസണ് ഫെസ്റ്റിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഒഴുകിയെത്തിയത്. വിശിഷ്യാ വാരാന്ത്യങ്ങളില്‍ കാലുകുത്താന്‍ ഇടമില്ലാത്ത വിധത്തിലുള്ള തിരക്കാണ് ‘ആഗ്ലോള ഗ്രാമ’ത്തില്‍ അനുഭവപ്പെട്ടത്. 1997ല്‍ ഏതാനും റീട്ടെയില്‍ കിയോസ്കുകളുമായി അരങ്ങേറ്റം കുറിച്ചതിനുശേഷം ഗ്ലോബല്‍ വില്ലേജ് അത്ഭുതകരമായ കാഴ്ചാലോകമായി വളരുകയായിരുന്നു. നിലവില്‍ ദുബൈയിലെ പ്രമുഖ സീസണല്‍ ഔട്ട്ഡോര്‍ ആകര്‍ഷണങ്ങളിലൊന്നാണ് ഗ്ലോബല്‍ വില്ലേജ്. ഈ വര്‍ഷത്തെ പതിപ്പ് 30 പവലിയനുകളിലായി 90 ലധികം സംസ്കാരങ്ങളെയാണ് ഒരുകുടക്കീഴില്‍ ഒരുമിപ്പിച്ചത്. 175 ലധികം റൈഡുകള്‍,ഗെയിമുകള്‍,ആകര്ഷണങ്ങള് എന്നിവയോടൊപ്പം എല്ലാ പ്രായക്കാര്‍ക്കും വൈവിധ്യം,വിനോദം,ആഗോള സംസ്കാരം എന്നിവയുടെ ആഘോഷം അനുഭവിക്കാന്‍ ഗ്ലോബല്‍ വില്ലേജ് അവസരമൊരുക്കി.
ഈ സീസണിലെ അവസാന ആഴ്ച മുതല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഗ്ലോബല്‍ വില്ലേജില്‍ സൗജന്യമായി പ്രവേശിക്കാം. നേരത്തെ മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്കും മാത്രമായിരുന്നു സൗജന്യ പ്രവേശനം. ഒരാള്‍ക്ക് വെറും 50 ദിര്‍ഹം മാത്രം നല്കിയാല് 31 കാര്‍ണിവല്‍ റൈഡുകള്‍ പരിധിയില്ലാത്ത ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. സീസണിന്റെ അവസാന സമയം വരെ ഈ സൗജന്യം ലഭിക്കും.