
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
പത്തില്‍ ടോപ്പര്‍ ഹഫീദ്,പന്ത്രണ്ടില്‍ കീര്‍ത്തി
ദുബൈ: എസ്എസ്എല്‍സി പരീക്ഷയ്ക്കു പിന്നാലെ സിബിഎസ്ഇ പരീക്ഷയിലും യുഎഇയിലെ സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും സയന്‍സ് വിഷയങ്ങളിലും ഗള്‍ഫിലെ കുട്ടികള്‍ മികച്ച സ്കാര്‍ നേടിയത് ശ്രദ്ധേയമാണ്. സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ യുഎഇയിലെ വിദ്യാര്‍ഥികളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു. യുഎഇയിലുടനീളമുള്ള സ്കൂളുകളില്‍ ആവേശത്തിന്റെയും അഭിമാനത്തിന്റെയും അലയൊലികള്‍ മുഴങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ),കെമിസ്ട്രി, ബയോളജി,സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ മികച്ച സ്കോറുകള്‍ നേടിയ വിദ്യാര്‍ഥികളുടെ മികവില്‍ മിക്ക സ്ഥാപനങ്ങളും 100 ശതമാനം വിജയം നേടി.
മാര്‍ച്ച് 18ന് അവസാനിച്ച ഈ വര്‍ഷത്തെ ബോര്‍ഡ് പരീക്ഷകളില്‍ യുഎഇയിലെ 106 സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുത്തത്. ഇന്നലെ രാവിലെ പ്രാരംഭ ഫലങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയെങ്കിലും ഇവ താല്‍ക്കാലികമാണെന്ന് വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു. സര്‍വകലാശാലാ പ്രവേശനത്തിനും മറ്റ് ഔപചാരിക പ്രക്രിയകള്‍ക്കും അത്യാവശ്യങ്ങള്ക്കുമുള്ള ഔദ്യോഗിക മാര്‍ക്ക് ഷീറ്റുകള്‍ അതതു സ്കൂളുകളില്‍ എത്തുമെന്ന് ദുബൈയിലെ പ്രമുഖ സ്കൂളായ ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലളിത സുരേഷ് പറഞ്ഞു.
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അവര്‍ ഹൃദ്യമായ അഭിനന്ദനം നേര്‍ന്നു. മികച്ച നേട്ടം അക്കാദമിക് മികവിനോടുള്ള വിദ്യാര്‍ത്ഥികളുടെ സമര്‍പ്പണത്തെയും അധ്യാപകരുടെ അചഞ്ചലമായ പ്രതിബദ്ധതയെയും രക്ഷിതാക്കളുടെ ശക്തമായ പിന്തുണയെയും പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
98 ശതമാനം മാര്‍ക്ക് നേടിയ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി ലക്ഷ്മി കീര്‍ത്തന ഷാജിയാണ് ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളിലെയും ടോപ്പര്‍. സൈക്കോളജിയിലും മാസ് മീഡിയയിലും 100 ശതമാനം മാര്‍ക്കുണ്ട്. കെമിസ്ട്രിയിലും ബയോളജിയിലും ഫുള്‍ മാര്‍ക്കോടെ 98 ശതമാനം മാര്‍ക്ക് നേടിയ അംന ആസാദാണ് സയന്‍സിലെ ടോപ്പര്‍. 97.4 ശതമാനം മാര്‍ക്ക് നേടി ആയുഷ് വിജയ് ആണ് കൊമേഴ്സിലെ ടോപ് സ്കോറര്‍.
273 വിദ്യാര്‍ത്ഥികല്‍ പരീക്ഷയെഴുതിയ ദുബൈയിലെ ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍ (ഡിപിഎസ്) 100 ശതമാനം വിജയം നേടി. 98.2% പേര് ഡിസ്റ്റിങ്ഷന്‍ നേടിയപ്പോള്‍ ഒന്നോ അതിലധികമോ വിഷയങ്ങളില്‍ 82 വിദ്യാര്‍ഥികള്‍ പെര്‍ഫെക്റ്റ് 100 ശതമാനം മാര്‍ക്ക് നേടി. സയന്‍സില്‍ സയ്യിദ് മുഹമ്മദ് ഹബീബുറഹ്മാന് 99.4 ശതമാനവും കൊമേഴ്സില്‍ ടാനിയ സാറ ബിനുവും റിഫാത്ത് ഫാത്തിമ മിനാസാലി മര്‍ച്ചന്റും 99 ശതമാനവും മാര്‍ക്ക് നേടി ഒന്നാമതെത്തി. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ എഡ്ന അബു എബ്രഹാം 97.2 ശതമാനവും നേടി ഒന്നാമതെത്തി. ദുബൈയിലെ ജെഎസ്എസ് പ്രൈവറ്റ് സ്കൂളില്‍ 10,12 ക്ലാസുകളില്‍ 100 ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ മികവില്‍ പങ്കുചേര്‍ന്നു. മിക്ക വിദ്യാര്‍ഥികളും 75 ശതമാനത്തിന് മുകളില്‍ സ്കോര്‍ ചെയ്തു. 87.4 ശതമാനമാണ് സ്കൂളിന്റെ വിജയം. ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളും ദുബൈ സെന്‍ട്രല്‍ സ്കൂളും ബോര്‍ഡ് യഥാക്രമം 130ഉം 147ഉം വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച് നൂറുമേനി കരസ്ഥമാക്കി.
ഔദ് മേത്തയിലെ ദി ഇന്ത്യന്‍ ഹൈസ്കൂളിലെ എല്ലാ സ്ട്രീമുകളിലെയും എല്ലാ വിദ്യാര്‍ഥികളും ഫസ്റ്റ് ഡിവിഷന് മാര്‍ക്കോടെ വിജയിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളും ശ്രദ്ധേയമായ വിജയം നേടി. ഗ്രേഡ് 12ലെ 266 വിദ്യാര്‍ത്ഥികളില്‍ 40 പേര്‍ക്ക് 90 ശതമാനത്തില്‍ കൂടുതല്‍ സ്കോറുണ്ട്.
യുഎഇയിലെ 106 സ്കൂളുകള്‍ ഉള്‍പ്പെടെ 26 രാജ്യങ്ങളിലായി 256 സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളുടെ മേല്‍നോട്ടം ദുബൈ ഓഫീസാണ് നിര്‍വഹിക്കുന്നത്. ഇത്തവണ ആകെ 21,825 പേര് വിദേശ സ്കൂളുകളില്‍ നിന്ന് സിബിഎസ്ഇ പരീക്ഷ എഴുതിയിട്ടുണ്ടെന്നും അതില്‍ 95.01 ശതമാനം വിജയം കരസ്ഥമാക്കിയെന്നും ദുബൈയിലെ സിബിഎസ്ഇ റീജിയണല്‍ ഓഫീസ്,സെന്റര്‍ ഓഫ് എക്സലന്‍സ് ഡയരക്ടര്‍ ഡോ.രാംശങ്കര്‍ പറഞ്ഞു. മികച്ച വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
പത്തില്‍ ടോപ്പര്‍ ഹഫീദ്; പന്ത്രണ്ടില്‍ കീര്‍ത്തി
ദുബൈ: സിബിഎസ്ഇ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ യുഎഇയില്‍ ഗ്രേഡ് പത്തില്‍ ദുബൈയിലെ ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളിലെ ഹഫീദ് മീര ഷാഹുല്‍ ഹമീദ് ടോപ്പറായി. 99.6% സ്കോര്‍ നേടിയാണ് ഫഹീദ് യുഎഇയില്‍ ഒന്നാമതെത്തിയത്. വിജയം അഭിമാനം പകരുന്നതാണെന്നും കഠിനാധ്വാനവും സ്ഥിരോത്സാഹവും അചഞ്ചലമായ സമര്‍പ്പണവുമാണ് തന്നെ സ്വപ്നതുല്യമായ വിജയത്തിലേക്ക് നയിച്ചതെന്നും ഹഫീദ് പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും ശക്തമായ പിന്തുണയ്ക്ക് ഫഹീദ് നന്ദി പറഞ്ഞു: മാതാപിതാക്കളുടെ നിരന്തരമായ പിന്തുണയും അധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശവും പ്രോത്സാഹനവും ഇല്ലായിരുന്നെങ്കില്‍ ഈ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നും ഫഹീദ് കൂട്ടിച്ചേര്‍ത്തു.
പന്ത്രണ്ടാം ക്ലാസില്‍ ദുബായിലെ ജെംസ് ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ തന്നെ കീര്‍ത്തി റോഷന്‍കുമാര്‍ തകറും അല്‍ വര്‍ഖയിലെ ജെംസ് ഔര്‍ ഓണ്‍ ഹൈസ്കൂളിലെ മുകേഷ് ബാലസുബ്രഹ്മണ്യനുമാണ് യുഎഇയിലെ ടോപ്പര്‍മാര്‍. 99% സ്കോറാണ് ഇവര്‍ നേടിയത്. ആഗ്രഹിച്ച വിജയത്തിന് പിന്തുണയും പ്രോത്സാഹനവും നല്കിയ അധ്യാപകരോടും രക്ഷിതാക്കളോടും ഇരുവരും നന്ദി പറഞ്ഞു.