
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് യുഎഇയില്‍
ഇന്നലെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് യുഎഇയിലെത്തും
അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപ് ഇന്ന് യുഎഇയിലെത്തും. രണ്ടാമൂഴത്തിലെ തന്റെ ആദ്യ അന്താരാഷ്ട്ര പര്യടനത്തില്‍ സഊദിയും ഖത്തറും സന്ദര്‍ശിച്ചാണ് ട്രംപ് യുഎഇയിലെത്തുന്നത്. ചൊവ്വാഴ്ച സഊദി അറേബ്യയിലെത്തി അമേരിക്കന്‍ പ്രസിഡന്റ് തന്ത്രപ്രധാനമായ കരാറുകളില്‍ ഒപ്പുവക്കുകയും മിഡിലീസ്റ്റില്‍ സമാധാന പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. ഇന്നലെ ഖത്തറിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളിലും ഒപ്പുവച്ചു. അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ തലസ്ഥാന നഗരി ഒരുങ്ങിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി രാജ്യത്ത് പരമ്പരാഗത ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ചരിത്ര സന്ദര്‍ശനം യുഎഇയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം മിഡിലീസ്റ്റില്‍ തങ്ങളുടെ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനുള്ള അവസരമായാണ് ട്രംപിനെ സന്ദര്‍ശനത്തെ കാണുന്നത്. മൂന്ന് രാജ്യങ്ങള്‍ക്കും അനുഗുണമായ കരാറുകളില്‍ ഒപ്പുവക്കുന്നതു പോലെ തന്നെ അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ആക്കംകൂട്ടുന്ന പദ്ധതികളില്‍ ഗള്‍ഫിന്റെ സഹകരണം തേടിയുള്ള യാത്രകൂടിയാണ് ട്രംപിന്റേത്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്ംപും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,സെമികണ്ടക്ടറുകള്‍, ഊര്‍ജം,ഉത്പാദനം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ കാരാറുകള്‍ക്ക് സാധ്യതയുണ്ട്. ഈ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായുള്ളത്. അടുത്ത പത്തു വര്‍ഷത്തേക്കായി ഈ മേഖലകള്‍ക്കായി 1.4 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ യുഎഇ പ്രഖ്യാപിച്ചിരുന്നു. അതേസമയം 2031ഓടെ ലോകത്തെ മുന്‍നിര എഐ രാജ്യമാവുക എന്ന ലക്ഷ്യത്തിലെത്താന്‍ അമേരിക്കയില്‍ നിന്ന് യുഎഇ മൈക്രോചിപ്പുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും തേടുന്നതിനാല്‍ ട്രംപിന്റെ ചരിത്ര സന്ദര്‍ശനത്തെ യുഎഇയും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ്ര
ടംപിന്റെ സന്ദര്‍ശനത്തിലൂടെ നൂതന സാങ്കേതിക വിദ്യകളില്‍ ബൈഡന് കാലഘട്ടത്തിലെ കയറ്റുമതി നിയന്ത്രണങ്ങള്‍ ട്രംപ് എടുത്തുകളയുമെന്ന പ്രതീക്ഷയും യുഎഇക്കുണ്ട്. അതോടൊപ്പം മിഡിലീസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കാനും പ്രത്യേകിച്ച് ഫലസ്തീനില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനും ശൈഖ് മുഹമ്മദ്-ട്രംപ് കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നതാണ്.