
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈയിലെ മുഖ്യ കാര്യാലയം രണ്ടാം ഉപഭരണാധികാരി സന്ദര്‍ശിച്ചു
ദുബൈ: ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആര്‍എഫ്എ) ദുബൈ മുഖ്യകാര്യാലയത്തില്‍ ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. ദുബൈ സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് കൈക്കൊള്ളുന്ന ഭരണകൂട ശ്രമങ്ങളുടെ ഭാഗമായി നടന്ന സന്ദര്‍ശനത്തില്‍ സ്ഥാപനം കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. അല്‍ ജാഫ്ലിയയിലെ ഓഫീസില്‍ എത്തിയ ശൈഖ് അഹമ്മദിനെ ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ബാസ്തിയും ശൈഖ് അഹമ്മദിന്റെ കൂടെയുണ്ടായിരുന്നു.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും പുതിയ സാങ്കേതിക വിദ്യകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നത് അദ്ദേഹം ഓഫീസര്‍മാരോട് ചോദിച്ചറിഞ്ഞു. 360 സര്‍വീസ് പോളിസി,സര്‍വീസ് ലീഡര്‍ഷിപ്പ് സംരംഭങ്ങള്‍,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകളുടെ ഉപയോഗം,റിസ്ക് മാനേജ്മെന്റ് സിസ്റ്റങ്ങള്‍,ഓഡിറ്റ് രീതികള്‍ തുടങ്ങിയ നിരവധി തന്ത്രപരമായ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ ശൈഖ് അഹമ്മദിനെ പരിചയപ്പെടുത്തി. സ്ഥാപന പ്രതിച്ഛായ മെച്ചപ്പെടുത്തല്‍,ജീവനക്കാരുടെ ക്ഷേമം,ജോലിസ്ഥലത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍,ഭാവിയിലേക്കുള്ള കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളും ശൈഖ് അഹമ്മദിനോട് അവര്‍ വിശദീകരിച്ചു. സ്മാര്‍ട്ട്,സംയോജിത,മനുഷ്യ കേന്ദ്രീകൃത സേവനങ്ങള്‍ പ്രാപ്യമാക്കാനുള്ള ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ശൈഖ് അഹമ്മദിന്റെ സന്ദര്‍ശനം വലിയ പ്രചോദനമാണെന്ന് ലഫ്.ജനറല്‍ അല്‍ മര്‍റി പറഞ്ഞു. നൂതന സേവനങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഉള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്താന്‍ ശൈഖ് അഹമ്മദിന്റെ സന്ദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ദേശീയ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുമായി മികച്ച സേവനങ്ങള്‍ നല്കുന്നതില് ജനറല്‍ ഡയരക്ടറേറ്റിന്റെ പങ്ക് അദ്ദേഹം വിലയിരുത്തി.