
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ ജുമുഅ ഖുതുബ മലയാള പരിഭാഷ
അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായ അസ്മാഉല്‍ ഹുസ്നയില്പ്പെട്ടതാണ് ലത്വീഫ് എന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ദിക്റായി ഉരുവിടപ്പെടുന്നതാണ് ഈ ഇസ്മ്. സകല സൃഷ്ടികളോടും ദയ കാണിക്കുന്നവന്,സുക്ഷ്മജ്ഞാനി,യുക്തിപൂര്ണന് എന്നൊക്കെയാണ് ലത്വീഫ് അര്‍ത്ഥമാക്കുന്നത്. ആ വിശേഷണം അല്ലാഹു തന്നെ പറയുന്നത് പരിശുദ്ധ ഖുര്‍ആനില്‍ കാണാം: ദൃഷ്ടികള്‍ അവനെ കണ്ടെത്തുകയില്ല,എന്നാല്‍ എല്ലാ കണ്ണുകളെയും അവന് കാണുന്നതുമാണ്. അവന് സൃക്ഷ്മ ദൃഷ്ടിയുള്ളവനും അതീവ ജ്ഞാനിയുമത്രെ (സൂറത്തുല്‍ അന്‍ആം 103). അതായത് സകല സൃഷ്ടിദൃഷ്ടികള്ക്കും അവനെ കണ്ടെത്താനാവില്ല. എന്നാല്‍ എല്ലാം അവന്റെ ദൃഷ്ടിയില്പ്പെടുന്നതാണ്. ഒന്നും മറയില്ല. അവന് സര്‍വതും സൂക്ഷ്മമായി അറിയുന്നവനാണ്. അദൃശ്യജ്ഞാനങ്ങളെല്ലാം അവന് അറിയാം.
ലുഖ്മാന്(അ) മകനോട് പറയുന്നുണ്ട്: എന്റെ കുഞ്ഞുമകനേ, നിന്റെയൊരു പ്രവൃത്തി ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും അത് നീയനുവര്ത്തിക്കുന്നത് ഒരു പാറക്കകത്തോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ വെച്ചായാലും അല്ലാഹു അത് ഹാജരാക്കുന്നതാണ്. അവന് സൂക്ഷ്മദൃക്കും അഗാധജ്ഞനുമത്രേ (സൂറത്തു ലുഖ്മാന് 16). പടച്ചുണ്ടാക്കിയവന് എല്ലാം അറിയുകയില്ലേ, അവന് സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു (സൂറത്തുല്‍ മുല്‍ക് 14). സ്രഷ്ടാവ് സൃഷ്ടികള്‍ക്കുള്ള ഉപജീവനങ്ങള്‍ അവര്‍ അറിയാത്ത രീതിയില്‍ ഒരുക്കിക്കൊടുക്കുന്നതായിരിക്കും. തന്റെ അടിമകളോട് കനിവാര്ന്നവനാണ് അല്ലാഹു,താനുദ്ദേശിക്കുന്നവര്‍ക്ക് അവന് ഉപജീവനം നല്കുന്നു, കരുത്തനും അജയ്യനുമാണവന് (സൂറത്തുശ്ശൂറാ 19).
അല്ലാഹു ഒരാള്‍ക്ക് ഒരുകാര്യം തരാതിരിക്കുന്നത് പിശുക്കല്ല, അതും അവന്റെ ഔദാര്യമാണ്. മറിച്ച് അല്ലാഹുവില്‍ നിന്നുള്ള കനിവായിട്ടാണ് അക്കാര്യം തടഞ്ഞുവെച്ചിട്ടുണ്ടാവുക. നാമോരോര്‍ത്തരും അല്ലാഹുവിന്റെ യുക്തിക്ക് കീഴ്പ്പെടുകയും അവന്റെ പരമാധികാരത്തിലുള്ള നന്മ മനസിലാക്കുകയും ചെയ്യുക.
സ്രഷ്ടാവായ അല്ലാഹുവിന്റെ വിശേഷഗുണമായ ലത്വീഫിന്റെ സ്വഭാവവിശേഷങ്ങള്‍ സൃഷ്ടികളായ നമ്മുക്കും ഉണ്ടായിരിക്കേണ്ടതാണ്. അതിനായി യുക്തിജ്ഞാനവും കനിവും അനുസരണയും ഭയഭക്തിയും ഉണ്ടായിരിക്കേണ്ടതാണ്. അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കില്‍ അവന് അയാള്‍ക്കൊരു മോചനമാര്‍ഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നല്കുന്നതുമാണ് (സൂറത്തുഥ്ഥലാഖ് 2, 3).
അല്ലാഹുവിന്റെ ലത്വീഫ് വിശേഷമായ ലുത്വ്ഫ് നമ്മുക്ക് ഉണ്ടാവണമെങ്കില്‍ ആ പേരിന്റെ താല്പര്യം നാം ഓരോര്ത്തരും വ്യക്തിജീവിതത്തില്‍ പാലിക്കണം. മറ്റുള്ളവരോട് നന്നായി പെരുമാറണം. സഹായം അഭ്യര്‍ത്ഥിച്ചയാളെ സഹായിക്കണം. നബി (സ്വ) പറയുന്നു: ഇഹലോകത്ത് മറ്റൊരു സത്യവിശ്വാസിയുടെ പ്രയാസം അകറ്റിക്കൊടുത്തയാള്ക്ക് അല്ലാഹു അന്ത്യനാളില്‍ അയാളുടെ പ്രയാസം അകറ്റിക്കൊടുക്കുന്നതായിരിക്കും (ഹദീസ് മുസ്്ലിം 285).
അല്ലാഹുവില്‍ നിന്നുള്ള ലുത്വ്ഫ് നമുക്ക് കിട്ടണമെങ്കില്‍ നാമും ആ വിശേഷണം മറ്റുള്ളവരോട് അനുവര്‍ത്തിക്കണം: ദുഖിതനെ സമാശ്വസിപ്പിക്കണം. തെറ്റുചെയ്തവരുടെ പക്ഷം കേള്‍ക്കണം. ഏവര്‍ക്കും കരുണ ചെയ്യണം. കരുണ ചെയ്യുന്നവര്‍ക്കാണ് അല്ലാഹു കരുണ ചെയ്യുക (ഹദീസ് ബുഖാരി, മുസ്്ലിം). ഒരു വാക്കുക്കൊണ്ടു പോലും ആരെയും നോവാക്കരുത്. ഒന്നിലും അക്രമമോ അന്യായമോ അരുത്. നന്മ മാത്രം ഉരിയാടണം. അങ്ങനെയുള്ളവരാണ് ലത്വീഫായ അല്ലാഹുവിന്റെ ലുത്വ്ഫ് എന്ന വിശേഷണം സിദ്ധിച്ചവര്‍.
ലുത്വ്ഫ് എന്നത് വര്‍ദ്ധിച്ച ഔദാര്യം, സത്യസന്ധത, നന്മയാര്ന്ന ഇടപെടല്‍, ഇടപാട്, സല്‍സ്വഭാവം എന്നിവയെല്ലാം ഒത്തിണങ്ങിയതാണ്. കൂടാതെ സദാ സമയത്തുള്ള കനിവും മയത്വവും അലിവും അതിന്റെ ഭാഗമാണ്. ഏതൊരു കാര്യത്തിലും മയ സ്വഭാവത്തെ അല്ലാഹു ഇഷ്ടപ്പെടുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്്ലിം).
എല്ലാ ഇടങ്ങളിലും എല്ലാ സമയത്തും നാം കനിവുള്ളവരാകണം. വീട്ടിലും തൊഴിലിടത്തും മസ്ജിദിലും അങ്ങാടിയിലുമെല്ലാം. സമൂഹത്തിലാകെയും നമുക്ക് അലിവും കനിവും പകരാം.