
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സഹിഷ്ണുതയുടെ നാടായ യുഎഇ സ്വീകരിച്ചത് ‘സമാധാന’ സന്ദേശങ്ങളിലൂടെ. ട്രംപിന്റെ യുഎഇ സന്ദര്‍ശനം അസാധാരണ അനുഭവമാക്കാന്‍ അബുദാബിയിലെ ഖസര്‍ അല്‍ വതന്‍ നേരത്തെ തന്നെ അണിയറയില്‍ ഒരുക്കം നടത്തിയിരുന്നു. ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ രണ്ടാം യുഎഇ സന്ദര്‍ശനം അതിമനോഹരമായി തന്നെ യുഎഇയുടെ ചരിത്രത്താളുകള്‍ അടയാളപ്പെടുത്തും. ഖസര്‍ അല്‍ വതന്റെ മതിലുകള്‍ക്കപ്പുറത്ത് നല്കിയ സമാധാനത്തിന്റെ താളാത്മകമായ സല്യൂട്ട് കൊട്ടാരത്തിന്റെ പ്രവിശാലമായ മുറ്റങ്ങളിലും പ്രതിധ്വനിച്ചു. കൊട്ടാരത്തിനകത്തെ നീല പരവതാനിയിലൂടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിനൊപ്പം ഓണര്‍ ഗാര്‍ഡുകള്‍ക്കിടയിലൂടെ ട്രംപ് നടന്നുവരുമ്പോള്‍ ഇരുരാജ്യങ്ങളുടെയും പതാകകള്‍ വീശി ആനന്ദനൃത്തം ചവിട്ടി കുരുന്നകള്‍ സമ്മാനിച്ച പുഞ്ചിരി അവിസ്മരണീയ കാഴ്ചയായിരുന്നു. ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ആലപിക്കുമ്പോള്‍ തന്ത്രപരമായി യുഎഇ തങ്ങളുടെ സഖ്യകക്ഷി രാജ്യങ്ങളുടെ പതാകകള്‍ക്കിടയിലാണ് ട്രംപിനെ നിര്‍ത്തിയത്.
‘ഇന്ന്,നമ്മുടെ മേഖലയിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതിന് യുഎസുമായി പ്രവര്‍ത്തിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ഞാന്‍ നിങ്ങളോട് വീണ്ടും ഉറപ്പിക്കുന്നു.’ ട്രംപിന് സ്വാഗതമോതിയുള്ള ശൈഖ് മുഹമ്മദിന്റെ വാക്കുകളായിരുന്നു ഇത്. ഒരു ‘യോദ്ധാവ്’ ആയ ശൈഖ് മുഹമ്മദും ഞാനും ദീര്‍ഘകാല സുഹൃത്തുക്കളാണെന്ന ആമുഖത്തോടെയാണ് ട്രംപ് മറുപടി പ്രസംഗം ആരംഭിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയ ട്രംപ് ഞങ്ങള്‍ നിങ്ങളെ ഗംഭീരമായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയപ്പോള്‍ സദസില്‍ കരഘോഷമുയര്‍ന്നു. ‘നിങ്ങള്‍ ഒരു മഹാനായ മനുഷ്യനാണ്, നിങ്ങളോടൊപ്പം നിലനില്ക്കാന് കഴിയുന്നത് തന്നെ ഒരു ബഹുമതിയാണ്. ഇതുംപറഞ്ഞാണ് ട്രംപ് സംസാരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ശൈഖ് മുഹമ്മദ് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ട്രംപിന് സമ്മാനിച്ചു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നാമധേയത്തിലുള്ള സ്വര്‍ണ മെഡലാണ് ഓര്‍ഡര്‍ ഓഫ് സായിദ്’. ലോകമെമ്പാടുമുള്ള പ്രസിഡന്റുമാര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും നല്കുന്ന അപൂര്‍വ ബഹുമതിയാണിത്. 2008ല്‍ ജോര്‍ജ് ഡബ്ല്യു ബുഷിന് ശേഷം ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.