
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇയിലെത്തിയ യുഎസ് പ്രസിഡന്റ് ഇന്നലെ ഗ്രാന്റ് മോസ്ക് സന്ദര്‍ശിച്ചു
അബുദാബി: ഭക്തിയുടെ താഴികക്കുടങ്ങള്‍ക്കു താഴെ കൗതുകക്കാഴ്ചകളുടെ വിസ്മയം തീര്‍ത്ത് യുഎഇയുടെ അഭിമാനസ്തംഭമായി തലയുയര്‍ത്തി നില്ക്കുന്ന അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്യൂവില് എത്തിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖത്ത് ആശ്ചര്യം വിടര്‍ന്നു. ഗള്‍ഫ് സന്ദര്‍ശന ഭാഗമായി യുഎഇയിലെത്തിയ ട്രംപ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഗ്രാന്റ് മസ്ജിദിലെത്തിയത്. സന്ദര്‍ക പ്രവേശം താത്കാലികമായി നിര്‍ത്തിവച്ചാണ് ഗ്രാന്റ് മസ്ജിദില്‍ ട്രംപിനെ വരവേറ്റത്. സയാഹ്ന സൂര്യന്റെ ശോഭയില്‍ തിളങ്ങുന്ന ശൈഖ് സായിദ് മസ്ജിദിന്റെ മനോഹാരിത പുറത്തുനിന്ന് കണ്ട് ആസ്വദിച്ച ശേഷം അകത്തളവും ട്രംപ് ചുറ്റിക്കണ്ടു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൂടെയാണ് ട്രംപ് ഗ്രാന്റ് മസ്ജിദിലെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നും ആധുനിക ഇസ്ലാമിക വാസ്തുവിദ്യയുടെയും ഇമാറാത്തി പൈതൃകത്തിന്റെയും പ്രധാന പ്രതീകവുമായ ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് യുഎഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് ശൈഖ് ഖാലിദ് ബിന്‍ സായിദ് പങ്കുവച്ചു. ഇതാദ്യമായാണ് ഗ്രാന്റ് മസ്ജിദ് അടച്ചിടുന്നതെന്നും അമേരിക്കയോടുള്ള ബഹുമതിയായാണ് താനിത് കരുതുന്നതെന്നും രാജ്യത്തിന് നല്കുന്ന മറ്റേതു ബഹുമതിയെക്കാളും മികച്ചതാണിതെന്നും ഈ വലിയ ആദരവിന് നന്ദി അറിയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.