
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി;യുഎഇയുടെ സ്നേഹോഷ്മള യാത്രയയപ്പ്
പുതുചരിത്രമെഴുതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎഇ പര്യടനം പൂര്‍ത്തിയാക്കി മടങ്ങി. ത്രിരാഷ്ട്ര ഗള്‍ഫ് സന്ദര്‍ശന ഭാഗമായി വ്യാഴാഴ്ച അബുദാബിയിലെത്തിയ ട്രംപ് ചരിത്ര സന്ദര്‍ശനങ്ങളും പ്രഖ്യാപനങ്ങളും നടത്തിയാണ് യുഎഇയില്‍ നിന്നു തിരിച്ചുപോയത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബഹിരാകാശ യാത്രികരുമായി സംവദിച്ചു. ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്,മതസമന്വയ പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇരുരാജ്യങ്ങളുടെയും വികസനക്കുതിപ്പിന് ശരവേഗം നല്കുന്ന കരാറുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍(എഐ) വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതികളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
20,000 കോടി ഡോളറിന്റെ വ്യാപാര കരാറുകളിലാണ് യുഎസും യുഎഇയും ഒപ്പുവെച്ചത്. പത്തു വര്‍ഷത്തിനിടെ യുഎസില്‍ യുഎഇ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപവും നടത്തും. എണ്ണ, പ്രകൃതിവാതക ഉല്പാദനം, വ്യോമയാനം, എഐ മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും സുപ്രധാന കരാറുകള്‍ ഒപ്പുവച്ചത്. യു.എ.ഇയും അമേരിക്കയും 2035നകം ഊര്‍ജ്ജ മേഖലയില്‍ 440 ബില്യന്‍ ഡോളര്‍ ചെലവിടും. യു.എ.ഇ ലോകത്തിലെ അത്യാധുനിക എ.ഐ സെമികണ്ടക്റ്ററുകള്‍ അമേരിക്കന്‍ കമ്പനികളില്‍ നിന്നും വാങ്ങാന്‍ സമ്മതിച്ചതായി ട്രംപ് പറഞ്ഞു. യു.എസുമായുള്ള യു.എ.ഇയുടെ 1.4 ബില്യന്‍ ഡോളറിന്റെ നിക്ഷേപ കരാറില്‍ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് പുറത്തെ ഏറ്റവും വലിയ നിര്‍മിത ബുദ്ധി ക്യാമ്പസായിരിക്കും യു.എ.ഇയില്‍ ഉയരുക. യു.എസിലെ ഡേറ്റ സെന്ററുകളില്‍ നിക്ഷേപം, നിര്‍മാണം, സാമ്പത്തിക സഹായം എന്നിവയും കരാറില്‍ ഉള്‍പ്പെടും. പ്രകൃതിവാതക മേഖലയില്‍ യുഎസ് ബഹുരാഷ്ട്ര ഭീമന്മാരായ എക്സോണ്‍ മൊബില്‍, ഓക്സിഡന്റല്‍ പെട്രോളിയം, ഇഒജി റിസോഴ്സസ് എന്നീ കമ്പനികളുമായി അഡ്നോക് 6,000 കോടി ഡോളറിന്റെ കരാറിലെത്തി. അമേരിക്കയിലെ ഓക്ലാഹോമയില് അലുമിനിയം സ്മെല്‍റ്റര്‍ പദ്ധതി വികസിപ്പിക്കുന്നതിന് യുഎഇ യിലെ എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം കമ്പനി 4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും.
ബോയിങ്, ജെ.ഇ എയറോസ്പേസ് കമ്പനികളുമായി അബൂദാബി ആസ്ഥാനമായ ഇത്തിഹാദ് 14,50 കോടി ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവച്ചു. 28 ബോയിങ് വിമാനങ്ങളാണ് ഇത്തിഹാദ് കരാര്‍ അനുസരിച്ച് വാങ്ങുക. അബൂദാബിയില്‍ ഇരുരാഷ്ട്രങ്ങളും ചേര്‍ന്ന് അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാംപസ് തുറക്കാനും ധാരണയായി. ഇതിന്റെ ആദ്യഘട്ടം ട്രംപും ശൈഖ് മുഹമ്മദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. യുഎഇ ആസ്ഥാനമായ ജി ഫോര്‍ട്ടി ടുവും മൈക്രോസോഫ്റ്റും ചേര്‍ന്നാണ് ക്യാംപസ് നിര്‍മിക്കുന്നത്. ചിപ് നിര്‍മാണ കമ്പനി എന്‍വീഡിയ അടക്കം നിരവധി സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കും.
സഊദി അറേബ്യ,ഖത്തര്‍, യുഎഇ രാജ്യങ്ങളാണ് നാലുദിവസത്തെ യാത്രയില്‍ ട്രംപ് സന്ദര്‍ശിച്ചത്. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നിന്നും എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലായിരുന്നു ട്രംപിന്റെ മടക്കം. സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്നലെ അബുദാബി സാദിയാത് ഐലന്റിലെ അബ്രഹാമിക് ഫാമിലി ഹൗസ് ട്രംപ് സന്ദര്‍ശിച്ചു. ഒരേ കോമ്പൗണ്ടില്‍ മസ്ജിദും ചര്‍ച്ചും ജൂതപ്പള്ളിയും ഉള്‍ക്കൊള്ളുന്ന സമുച്ചയമാണ് അബ്രഹാമിക് ഹൗസ്.
ഇവിടത്തെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. അബ്രഹാമിക് ഹൗസിലെ മസ്ജിദും ചര്‍ച്ചും സിനഗോഗും അദ്ദേഹം നടന്നു കണ്ടു. യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന് മുബാറക് അദ്ദേഹത്തെ അനുഗമിച്ചു. യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യാത്രയാക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും എത്തിയിരുന്നു. ട്രംപിന്റെ ഔദ്യോഗിക യാത്രാ വിമാനമായ എയര്‍ ഫോഴ്സ് വണ്ണിന് യുഎഇയുടെ എഫ് 16 പോര് വിമാനങ്ങളും അകമ്പടി സേവിച്ചു.