
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ആരോഗ്യവും ലോജിസ്റ്റിക്സും സമന്വയിപ്പിച്ച സംരംഭമാണിത്
അബുദാബി: ആരോഗ്യവും ലോജിസ്റ്റിക്സും സമന്വയിപ്പിക്കുന്ന നവീന പദ്ധതിയായ ‘ഡോക്ടൂര്‍’ അബുദാബി മെയ്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. അബുദാബി പോര്‍ട്ട്സ് ഗ്രൂപ്പുമായി (എഡി പോര്‍ട്ട്സ്) ചേര്‍ന്ന് ആഗോളതലത്തില്‍ നടപ്പാക്കുന്ന സംരംഭം യുഎഇ വ്യവസായ,നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബിറിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്. എഡി പോര്‍ട്സ് ഗ്രൂപ്പ് മാനേജിങ് ഡയരക്ടറും ഗ്രൂപ്പ് സിഇഒയുമായ ക്യാപ്റ്റന്‍ മുഹമ്മദ് ജുമ അല്‍ ഷംസി,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍ പങ്കെടുത്തു. പരമ്പരാഗത ആശുപത്രി സങ്കല്പങ്ങളില് നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന സമഗ്ര വിതരണ ശൃംഖലയാണ് കണ്ടെയ്നര്‍ ആശുപത്രികള്‍,ക്ലിനിക്കുകള്‍,ഫീല്‍ഡ് ആശുപത്രികള്‍,സ്ഥിരമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ‘ഡോക്ടൂര്‍’.
അതിനൂതന മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവ ഉള്‍പ്പെടുത്തി രൂപകല്പന ചെയ്തിട്ടുള്ള കണ്ടെയ്നര്‍ ആശുപത്രികളിലൂടെ വൈദ്യസഹായം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സമയങ്ങളിലും അതിവേഗം സഹായമെത്തിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ലോജിസ്റ്റിക്സ്,മോഡുലാര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍,പരിശീലനം,അടിയന്തര പ്രതികരണം എന്നീ ഘടകങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഏകീകൃത സംവിധാനമായി പ്രവര്‍ത്തിച്ച് ‘ഡോക്ടൂര്‍’ ആഗോള ആരോഗ്യമേഖലയെ ശക്തിപ്പെടുത്തും. ലോകത്തുടനീളം 34 ടെര്‍മിനലുകളില്‍ സാന്നിധ്യമുള്ള എഡി പോര്‍ട്ട്സിന് 247 കപ്പലുകള്‍ ഉള്‍പ്പെടുന്ന വന്‍ ലോജിസ്റ്റിക്സ് ശ്രേണിയാണുള്ളത്. എഡി പോര്‍ട്ട്സിന്റെ ലോജിസ്റ്റിക്സ് സംവിധാനവും ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സങ്കീര്‍ണ പരിചരണം നല്കാന് കെല്പുള്ള ഹെല്‍ത്ത് കെയര്‍ നെറ്റ് വര്‍ക്കും കോര്‍ത്തിണക്കുന്ന ‘ഡോക്ടൂര്‍’ ആഗോള ആരോഗ്യ വിതരണ ശൃംഖല കാര്യക്ഷമമാക്കുകയും നവീകരിക്കുകയും ചെയ്യും.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ആഫ്രിക്കയിലുടനീളം അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യ സേവനങ്ങളും എത്തിക്കും. കണക്കുകള്‍ പ്രകാരം 2027 ആകുമ്പോഴേക്കും സബ്സഹാറന്‍ ആഫ്രിക്കയുടെ ജിഡിപി സ്ഥിരമായി വളരും. ദീര്‍ഘകാല സാമ്പത്തിക,സാമൂഹിക വികസനത്തോടൊപ്പം അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്ന ആരോഗ്യ സംരക്ഷണ സംവിധാനവും ഈ സാഹചര്യത്തില്‍ ആവശ്യമാണ്. ആഫ്രിക്കയിലുടനീളം ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ഉള്‍പ്പെടുന്ന വലിയ തോതിലുള്ള ആരോഗ്യ പദ്ധതികള്‍ കൈകാര്യം ചെയ്തു പ്രവര്‍ത്തി പരിചയമുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്മന്റ് സബ്സിഡിയറിയായ ഓപെറോണിക്സിന്റെ പിന്തുണയോടെയായിരിക്കും ‘ഡോക്ടൂര്‍’ പ്രവര്‍ത്തിക്കുക. നൂതന ക്ലിനിക്കല്‍ രീതികളെ ലോജിസ്റ്റിക്സും പ്രവര്‍ത്തന ക്ഷമതയുമായി സമന്വയിപ്പിക്കുന്ന ഒരു ഫുള്‍ സ്പെക്ട്രം പ്ലാറ്റഫോമാണ് ‘ഡോക്ടൂര്‍’. ആരോഗ്യ സംരക്ഷണത്തിന്റെ അഭാവമുള്ള മേഖലകളില്‍ വിവിധ പങ്കാളിത്തങ്ങളിലൂടെ ഉയര്‍ന്ന നിലവാരമുള്ള പരിചരണം സ്ഥിരമായി നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു.
പ്രാദേശിക തലത്തില്‍ ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നതിലൂടെയും ഡാറ്റ അധിഷ്ഠിത ഇന്‍വെന്ററി ലോജിസ്റ്റിക്സ് സംവിധാനങ്ങള്‍ നടപ്പാക്കുന്നതിലൂടെയും ആരോഗ്യ സേവന വിടവുകള്‍ നികത്താനും കാലതാമസം കുറയ്ക്കാനും ‘ഡോക്ടൂര്‍’ വഴി സാധിക്കും. ഇതോടൊപ്പം മെഡിക്കല്‍ ലോജിസ്റ്റിക്, മെഡിക്കല്‍ ടൂറിസം തുടങ്ങിയ ആരോഗ്യ സംബന്ധമായ സേവനങ്ങള്‍ക്കായി എഡി പോര്‍ട്സിന്റെ പ്രവര്‍ത്തനമേഖലകളില്‍ മെഡിക്കല്‍ ഓഫീസുകളും ഭാവിയില്‍ തുറക്കും.
പദ്ധതിയുടെ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഗവണ്മെന്റുകള്,പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങള്‍, ഹ്യുമാനിറ്റേറിയന്‍ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളിലും പകര്‍ച്ച വ്യാധികള്‍ പൊട്ടിപുറപ്പെടുമ്പോഴും ദേശീയ ആരോഗ്യ മന്ത്രാലയങ്ങള്‍,അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനകള്‍, യുഎഇയുടെ ഹ്യുമാനിറ്റേറിയന്‍ സംരംഭങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് അടിയന്തര പരിചരണം നല്‍കും. പ്രതിസന്ധിക്ക് ശേഷമുള്ള വീണ്ടെടുക്കല്‍ കാലയളവുകളില്‍ നിര്‍ണായക പരിചരണം നല്‍കുകയും ദീര്‍ഘകാല കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ ആരോഗ്യ പരിപാടികളെ പിന്തുണയ്ക്കുകയും ചെയ്യും. ഇതില്‍ മാതൃശിശു സംരക്ഷണം,രോഗപ്രതിരോധ കാമ്പയിനുകള്‍,രോഗ നിരീക്ഷണം,മൊബൈല്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍ എന്നിവ ഉള്‍പ്പെടും.