സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അബുദാബി: ബലിപെരുന്നാള്‍,സ്കൂള്‍ മധ്യവേനല്‍ അവധികള്‍ അടുത്തതോടെ വിമാന യാത്രാനിരക്ക് കുത്തനെകൂട്ടി വിമാന കമ്പനികള്‍. പല എയര്‍ ലൈന്‍ സൈറ്റുകളിലും റോക്കറ്റ് വേഗതയിലാണ് നിരക്ക് മാറിമറിയുന്നത്. പലപ്പോഴും ബുക്കിങ് തുടങ്ങുമ്പോഴുള്ള നിരക്കായിരിക്കില്ല പേയ്മെന്റ് ചെയ്യം നേരത്ത് കാണിക്കുക. ജൂണ്‍ ആദ്യ വാരത്തില്‍ ബലിപെരുന്നാളും ജൂണ്‍ 26ഓടെ ഗള്‍ഫ് നാടുകളില്‍ സ്കൂള്‍ അവധിക്കാലവും വരുന്നതോടെയാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ വിമാന യാത്രാനിരക്ക് അനിയത്രിതമായി വര്‍ധിക്കുന്നത്. അതോടൊപ്പം നാട്ടിലെ സ്കൂള്‍ അവധിക്ക് ഗള്‍ഫ് നാടുകളില്‍ സന്ദര്‍ശനത്തിനെത്തി മടങ്ങുന്നവരുടെ തിരക്കും വിമാന കമ്പനികള്‍ തീവെട്ടിക്കൊള്ളയ്ക്കുള്ള അവസരമായി കാണുന്നു. ജൂണ്‍ രണ്ടിന് നാട്ടില്‍ സ്കൂള്‍ തുറക്കുന്നത് കണക്കാക്കി മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ മാത്രമാണ് ഈ ‘ദുരിതക്കയ’ത്തില്‍ നിന്നു രക്ഷപ്പെട്ടത്.
ഈ മാസം ആദ്യ ആഴ്ചകളില്‍ 350 ദിര്‍ഹമിനു അബുദാബി തിരുവന്തപുരം ടിക്കറ്റ് കിട്ടിയിരുന്നെങ്കില്‍ ജൂണ്‍ 30ന് ഒരാള്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ 1380 ദിര്‍ഹം നല്‍കണം. നെടുമ്പാശേരിയിലേക്കാണെങ്കില് 1742ഉം കരിപ്പൂരിലേക്ക് 1635ഉം ദിര്‍ഹമാണ് ടിക്കറ്റ് നരക്ക്. ഹാന്റ്ബാഗ് കൂടാതെ ലഗേജുണ്ടെങ്കില്‍ അതിന് വേറെയും തുക നല്‍കണം. ഇങ്ങനെ കണക്കാക്കുമ്പോള്‍ നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരണമെങ്കില്‍ ലക്ഷങ്ങള്‍ തന്നെ ടിക്കറ്റ് ഇനത്തില്‍ ചിലവാകും. നേപ്പാള്‍,ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ വഴി കണക്ഷന് ടിക്കറ്റ് എടുത്ത് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്കു പോകുന്നവരും കുറവല്ല. കാലങ്ങളായുള്ള പ്രവാസികളുടെ വിമാനയാത്രാ പരിഹാരത്തിന് ജനപ്രതിനിധികളുടെയും കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുടെ മുറവിളി പാര്‍ലമെന്റില്‍ വരെ എത്തിയെങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള യാതൊരുവിധ പരിഹാര നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പുതുക്കണം
യാത്രക്കാരുടെ ആവശ്യകതയും മേഖലയിലെ ഇന്ത്യന്‍ പ്രവാസികളുടെ സാന്നിധ്യവും കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് നിരവധി വിമാനക്കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇ,സഊദി അറേബ്യ,ഖത്തര്‍,കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള റൂട്ടുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാല്‍ അധിക വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതിനും സീറ്റുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും ഉഭയകക്ഷി വിമാന സര്‍വീസ് കരാറുകള്‍ പുനഃപരിശോധിക്കണമെന്ന് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട് .
നിലവിലെ സീറ്റ് അലോട്ട്മെന്റുകള്‍ അപര്യാപ്തമാണ്. പ്രത്യേകിച്ച് തിരക്കേറിയ യാത്രാ സീസണുകളിലും അവധിക്കാലങ്ങളിലും. സീറ്റ് വര്‍ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യുമെന്നു മാത്രമല്ല,ഗള്‍ഫ് മേഖലയുമായുള്ള വ്യാപാരം,ടൂറിസം,സാമ്പത്തിക ബന്ധങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് എയര്‍ ലൈന്‍ മേഖലയിലുള്ളവര്‍ പറയുന്നു. ഇതുസംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനു മുമ്പില്‍ നിരവധി അപേക്ഷകള്‍ വന്നിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണനയ്ക്കെടുത്തില്ല എന്നതാണ് വാസ്തവം.
‘എയര്‍ കേരള’യുടെ വരവും കാത്ത്
പ്രവാസി സംരംഭകരുടെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാകാനിരിക്കുന്ന സ്വപ്ന പദ്ധതിയ എയര്‍ കേരളയെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് സ്വകാര്യവത്കരിച്ച ശേഷം ഒരു ബജറ്റ് എയര്‍ ലൈന്‍ വരുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്റെ (അയാട്ട) എയര്‍ലൈന്‍ കോഡ്(കെഡി) അടുത്തിടെ എയര്‍ കേരളക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം എയര്‍ കേരളയുടെ കേരളത്തിലെ കോര്‍പറേറ്റ് ഓഫിസ് ആലുവയില്‍ തുറന്നിരുന്നു.
ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വിസ് ആരംഭിക്കുന്ന എയര്‍ കേരള,വൈകാതെ അന്താരാഷ്ട സര്‍വിസിനും തുടക്കംകുറിക്കുമെന്ന് എയര്‍ കേരള ചെയര്മാന് അഫി അഹ്മദ് വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്കു വേണ്ടി പ്രാവാസികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്ലൈനാകുമിത്. അന്താരാഷ്ട സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കാവും മുഖ്യ പരിഗണന. സീസണ് സമയത്തു കുതിച്ചുയരുന്ന വിമാന ടിക്കറ്റ് വര്‍ധനവിന് എയര്‍ കേരളയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.