
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബിയില്‍ നടക്കുന്ന പ്രദര്‍ശനം നാളെ സമാപിക്കും
അബുദാബി: യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന അതിനൂതന ഉപഗ്രഹമായ എംബിഇസഡ് സാറ്റിനെ മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2025 പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എംബിആര്‍എസ്സി). ബഹിരാകാശാധിഷ്ഠിത വ്യാവസായിക വളര്‍ച്ചയ്ക്കും നവീകരണത്തിനും സഹകരണത്തിനും സവിശേഷ മാതൃകയായാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ എംബിഇസഡ് സാറ്റിനെ പരിചയപ്പെടത്തുന്നത്. ഈ വര്‍ഷം ജനുവരി 14 ന് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച എംബിഇസഡ് സാറ്റ് അത്യാധുനിക ഉപഗ്രഹ സാങ്കേതിക വിദ്യയില്‍ യുഎഇയുടെ പുതിയ നാഴികക്കല്ലാണ്. രാജ്യത്തിന്റെ വളര്‍ന്നവരുന്ന ശാസ്ത്ര കഴിവുകളെ അടയാളപ്പെടുത്തുകയും നൂതന ഉത്പാദനത്തിനും ബഹിരാകാശ സാങ്കേതിക വിദ്യയ്ക്കും ആഗോള കേന്ദ്രമായി മാറാനുള്ള രാജ്യത്തിന്റെ ദര്‍ശനത്തിന്റെ തെളിവായി നിലകൊള്ളുകയും ചെയ്യുന്ന അഭിമാന നേട്ടമാണ് എംബിഇസഡ് സാറ്റ്.
മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സിലെ എംബിആര്‍എസ്സി പവലിയനില്‍ എംബിഇസഡ് സാറ്റിന്റെ പൂര്‍ണ മോഡലും എംബിഇസഡ് സാറ്റില്‍ നിന്ന് പ്രാദേശികമായി വികസിപ്പിച്ച ഘടകങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ അലുമിനിയം ഹണികോമ്പ് പാനല്‍,ഫ്രെയിം ഘടന,റിയാക്ഷന് വീല്‍ ബ്രാക്കറ്റ്,ഇലക്ട്രോണിക് ബോക്സ്,ഹാര്‍നെസ് എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ്. റാഷിദ് റോവറിന്റെ മാതൃകയും പവലിയനിലുണ്ട്. ഇത് ചാന്ദ്ര പര്യവേഷണത്തിനും വിശാലമായ ബഹിരാകാശ സമ്പദ്വ്യവസ്ഥയ്ക്കും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ നല്കിയ സംഭാവനകളെ വ്യക്തമാക്കുന്നതാണ്. ‘ബഹിരാകാശത്തിന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന നൂതന ഘടകങ്ങള്‍ നിര്‍മിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും പ്രാദേശിക
പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ എംബിആര്എസ്സിയില് തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് എംബിആര്‍എസ്സി ഡയരക്ടര്‍ ജനറല്‍ സലിം ഹുമൈദ് അല്‍ മാരി പറഞ്ഞു. പ്രാദേശിക സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ലോകോത്തര ഫലങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഉത്പാദന ശേഷികള്‍ ഉയര്‍ത്തുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു വ്യാവസായിക ആവാസവ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്നതിനും കഴിയുമെന്നതിന്റെ വ്യക്തമായ ഉദാഹരണമായി എംബിഇസഡ് സാറ്റിന്റെ നിര്‍മാണം നിലകൊള്ളുന്നു. മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സിലെ തങ്ങളുടെ പങ്കാളിത്തം പരമാധികാര ശേഷികളുടെയും നവീകരണാധിഷ്ഠിത വളര്‍ച്ചയുടെയും തങ്ങളുടെ കഴിവിലുള്ള വിശ്വാസത്തെയും ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇമാറാത്തി എഞ്ചിനീയര്‍മാര്‍ പൂര്‍ണമായും വികസിപ്പിച്ചെടുത്ത എംബിഇസഡ് സാറ്റ്, യുഎഇയുടെ ബഹിരാകാശ മേഖലയ്ക്ക് പുതു യുഗപ്പിറവി സമ്മാനിച്ച നേട്ടമാണ്.
ഇതിന്റെ 90% മെക്കാനിക്കല്‍ ഘടകങ്ങളും യുഎഇ ആസ്ഥാനമായുള്ള കമ്പനികളില്‍ നിന്നാണ് തയാറാക്കിയത്. ഇതിന്റെ ഇലക്ട്രോണിക് സിസ്റ്റങ്ങളുടെ പ്രധാന ഭാഗവും യുഎഇയുടെ കരുത്താണ്. സ്ട്രാറ്റ, ഇപിഐ,റോക്ഫോര്‍ഡ് സെല്ലെറിക്സ്,ഹാല്‍ക്കണ്‍, ഫാല്‍ക്കണ്‍,എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം (ഇജിഎ) തുടങ്ങിയ പ്രാദേശിക സ്ഥാപനങ്ങള്‍ അവയുടെ നൂതന ഘടകങ്ങളും വൈദഗ്ധ്യവും പരിഹാരങ്ങളും സംഭാവന ചെയ്താണ് എംബിഇസഡ് സാറ്റിനെ യാഥാര്‍ത്ഥ്യമാക്കിയത്. ലോകോത്തര എയ്റോസ്പേസ് സാങ്കേതിക വിദ്യ നല്കുന്നതില് രാജ്യത്തിന്റെ സ്വകാര്യ മേഖലയുടെ ശക്തി ഇത് പ്രകടമാക്കുന്നു. യുഎഇ കമ്പനികള്‍ക്ക് ഹൈടെക് നിര്‍മാണ,ബഹിരാകാശ സാങ്കേതിക മേഖലകളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ച് ഈ പദ്ധതി അവര്‍ക്ക് ഗണ്യമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുകയും വിപണിനേട്ടത്തിന് അവസരമൊരുക്കുകയും ചെയ്യുന്നതിനാണ് അബുദാബിയില്‍ മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2025 പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. ഈ മാസം 19ന് ആരംഭിച്ച പ്രദര്‍ശനം നാളെ സമാപിക്കും.