
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
നേട്ടങ്ങള്‍ ആഘോഷിച്ച് ജിഡിആര്‍എഫ്എ
ദുബൈ: ദുബൈ ഗവണ്മെന്റിന്റെ സേവന നയങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് ലഭിച്ച ‘ഹംദാന്‍ ഫഌഗ്’ ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ഉയര്‍ത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ദുബൈ ഗവണ്മെന്റിന്റെ 360 സര്‍വീസ് പോളിസി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കഴിഞ്ഞ ദിവസമാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാനില്‍ നിന്ന് ദുബൈ ജിഡിആര്‍എഫ്എക്ക് ‘ഹംദാന്‍ പതാക’ ലഭിച്ചത്.
ഡയറക്ടറേറ്റിന്റെ മുഖ്യ കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ദുബൈ പൊലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലഫ്.ജനറല്‍ ദാഹി ഖല്ഫാന് തമീം,ദുബൈ ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,എക്സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റിലെ അസസ്മെന്റ് ആന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ഈമാന്‍ അല്‍ സുവൈദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍ ചടങ്ങ്. സര്‍ക്കാര്‍ സേവനത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ജിഡിആര്‍എഫ്എ ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ജിഡിആര്‍എഫ്എയുടെ സര്‍വീസ് മാനദണ്ഡങ്ങളിലെ വിപ്ലവാത്മകമായ മാറ്റങ്ങളെയാണ് നേട്ടം അംഗീകരിക്കുന്നതെന്ന് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്ഘവീക്ഷണത്തിനനുസരിച്ച് ഗവണ്മെന്റ് പ്രവര്‍ത്തനങ്ങളെ ലോകത്തിന്റെ മാതൃകയാക്കി മാറ്റുകയും നവീകരണവും ജനകേന്ദ്രീകൃത സേവനങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹംദാന്‍ ഫഌഗ് നമുക്ക് ലഭിച്ചത് അഭിമാനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നിമിഷമാണ്. ജനങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റം സൃഷ്ടിക്കുന്ന സ്ഥാപനമായി മാറുക എന്നതാണ് ലക്ഷ്യമെന്ന് ലഫ്.ജനറല്‍ മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. സേവന മികവ് നേടുന്നതിനായി പ്രവര്‍ത്തിച്ച ടീമുകളെ ജിഡിആര്‍എഫ്എ ആദരിച്ചു. 360 ഡിഗ്രി സര്‍വീസ് പോളിസി നടപ്പാക്കിയതിന് ഈ ടീമുകള്‍ പ്രത്യേകം പ്രശംസിക്കപ്പെട്ടു. ദുബൈയിലെ ജിഡിആര്‍എഫ്എ ഹെഡ് ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ഉയര്‍ത്തിയ പതാക ജിഡിആര്‍എഫ്എയുടെ നേട്ടത്തിന്റെ പ്രതീകമായി. ചടങ്ങില്‍ ജിഡിആര്‍എഫ്എയുടെ ഡിജിറ്റല്‍ രീതികള്‍,വേഗത,കാര്യക്ഷമത എന്നിവയുടെ പ്രധാന നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള വീഡിയോ പ്രസന്റേഷനും നടന്നു.