സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ പിന്തുണ അറിയിച്ച് യുഎഇ

അബുദാബി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തി ല്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന് സിന്ദൂറി’ന്റെ നിജസ്ഥിതിയും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യന്‍ നിലപാടും വിശദീകരിക്കാന്‍ ചുമതലപ്പെടുത്തിയ സര്‍വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം വിദേശ രാഷ്ട്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച തുടങ്ങി. ശിവസേനാ എം.പി ശ്രീകാന്ത് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് പാര് ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ളവര്‍ അംഗങ്ങളായ സംഘം യുഎഇ അധികൃതരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് സംഘം അബൂദബിയിലെത്തിയത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഗം അഹ്മദ് മിര്‍ ഖൗരിയും ചേര്‍ന്ന് സംഘത്തെ വിമാനത്താവളത്തി ല്‍ സ്വീകരിച്ചു.
ബന്‍സുരി സ്വരാജ്,അതുല്‍ ഗാര്‍ഗ്,സസ്മിത് പത്ര,മനന്‍ കുമാര്‍ മിശ്ര,സുരേന്ദ്രജീത് സിങ് അലുവാലിയ,മുന്‍ അംബാസഡര്‍ സുജന്‍ ചിനോയ് എന്നിവരാണ് ഇന്ത്യ ന് പ്രതിനിധി സംഘത്തിലെ മറ്റു അംഗങ്ങള്‍. ഇന്നലെ രാവിലെ,സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മബാറക് അല്‍ നഹ്യാനുമായി പ്രതിനിധി സംഘം ആദ്യം കൂടിക്കാഴ്ച നടത്തി. പഹല്‍ഗാമിലെ ഭീകരാക്രമണങ്ങളില്‍ ശൈഖ് നഹ്യാന് തന്റെ അഗാധമായ ദുഖം അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യയില്‍ സാമൂഹിക പൊരുത്തക്കേട് സൃഷ്ടിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളും പ്രതിനിധി സംഘം എടുത്തുപറഞ്ഞു. ‘ഇന്ത്യയും യുഎഇയും ഒരുമിച്ച് ഭീകരതയെ നേരിടും. യുഎഇ എപ്പോഴും ഇന്ത്യയ്ക്കൊപ്പം നില്ക്കും’ ശൈഖ് നഹ്യാന് പറഞ്ഞു.
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പ്രതിരോധ,ആഭ്യന്തര,വിദേശകാര്യ സമിതി ചെയര്മാന് ഡോ.അലി റാഷിദ് അല്‍ നുഐമിയുമായും മറ്റു മുതിര്‍ന്ന ഇമാറാത്തി പാര്ലമെന്റേറിയന്മാരുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 22ന് കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിനെതിരായ ഓപ്പറേഷന് സിന്ദൂരിന്റെ കൃത്യമായ സ്വഭാവം പ്രതിനിധി സംഘം യുഎഇയെ ബോധ്യപ്പെടുത്തി. ‘ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം വ്യാപാരത്തിനും സംസ്കാരത്തിനും അതീതമാണ്. ഇരുരാജ്യങ്ങളുടെയും പ്രശ്നങ്ങളും സുരക്ഷയും ഒരുപോലെയാണ് കാണുന്നത്. തീവ്രവാദം മുഴുവന്‍ മനുഷ്യരാശിക്കും എതിരാണ്. അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യുഎഇ പ്രതിനിധികള്‍ വ്യക്തമാക്കി.
നാഷണല്‍ മീഡിയ ഓഫീസ് ഡയരക്ടര്‍ ജനറല്‍ ഡോ.ജമാല്‍ അല്‍ കഅ്ബിയുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തി. പാകിസ്താനില്‍ നിന്ന് ഉയര്‍ന്നുവരുന്ന തെറ്റായ വിവരങ്ങളിലും പ്രചാരണങ്ങളിലുമുള്ള ആശങ്കകള്‍ ഉന്നയിച്ചു. തെറ്റായ വിവരങ്ങള്‍ക്കെതിരെ പോരാടുന്നതിന് അവര്‍ വസ്തുതാപരമായ തെളിവുകള്‍ അവതരിപ്പിക്കുകയും പാകിസ്താന്റെ പ്രചാരണ യന്ത്രങ്ങളെ തുറന്നുകാട്ടുകയും ചെയ്തു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് കൂടിക്കാഴ്ചയില്‍ യു എഇ ഇന്ത്യന്‍ സംഘത്തെ അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ദീര്‍ഘകാല പോരാട്ടത്തിന്റെയും രാജ്യത്തെ സാധാരണ നിലയിലേക്ക് നയിക്കുന്നതിന്റെയും പൂര്‍ണമായ ചിത്രം ഓപ്പറേഷന് സിന്ദൂരിലൂടെ പ്രധാനമന്ത്രി വരച്ചുകാട്ടിയെന്ന് പ്രതിനിധി സംഘ തലവന്‍ ഡോ.ശ്രീകാന്ത് ഷിന്‍ഡെ യുഎഇയിലെ പ്രമുഖ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുഎഇയിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ ആശയവിനിമയത്തോടെയാണ് ആദ്യദിന സന്ദര്‍ശനം പൂര്‍ത്തിയായത്. ഇന്ത്യന്‍ പ്രവാസികളുടെ സുപ്രധാന സംഭാവനകളെ അംഗീകരിക്കുകയും ഇന്ത്യയുടെ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്യുന്നതായിരുന്നു ആശയവിനിമയം. സഹിഷ്ണുത,ബഹുസ്വരത,ഐക്യം എന്നിവയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇന്ത്യയുടെ സാമൂഹിക ഘടനയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിഭജന ശ്രമങ്ങളെ ചെറുക്കുന്നതിനും പ്രവാസി സമൂഹത്തെ പ്രതിനിധി സംഘം അഭിനന്ദിച്ചു.
ഇന്ന് അബുദാബിയിലും ദുബൈയിലുമുള്ള പ്രമുഖ നേതാക്കളുമായും ചിന്തകരുമായും പ്രതിനിധി സംഘം സംഭാഷണം നടത്തും. ജപ്പാ നിലു ള്ള മറ്റൊരു സംഘം വിദേശകാര്യ മന്ത്രി തകേശി ഇവായ, മുന്‍ പ്രധാനമന്ത്രി യോഷിദ സുഗ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി.