
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്
സൊകോത്ര ദ്വീപ്: യമനിലെ സൊകോത്ര ദ്വീപിലെ കുട്ടികളിലും സ്ത്രീകളിലും പോഷകാഹാരക്കുറവ് നേരിടുന്നതിനായി യുഎഇയും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന് ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്സ് പുതിയ മാനുഷിക സഹായ സംരംഭം ആരംഭിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് അവരുടെ ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സംരംഭം. പൊതുജനങ്ങളിലെ പോഷകാഹാരക്കുറവ്,പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ പ്രധാന വെല്ലുവിളിയായ സൊകോത്രയിലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദ്വീപിലെ പോഷകാഹാരക്കുറവ് നിരക്ക് 10.9 ശതമാനത്തിലെത്തിയെന്നും അഞ്ചു വയസിന് താഴെയുള്ള കുട്ടികളില്‍ ഇത് 1.6 ശതമാനമാണെന്നും ആഗോള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്താരാഷ്ട്രതലത്തില്‍ 10 ശതമാനത്തിനും 14 ശതമാനത്തിനും ഇടയില്‍ പോഷകാഹാര നിരക്കുകള്‍ കാണിക്കുന്നത് ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 1 ശതമാനത്തിന് മുകളിലുള്ള കുട്ടികളിലെ പോഷകാഹാര നിരക്ക് കുറവും അതിലേറെ ആശങ്കയായി മാറിയിരിക്കുകയാണ്.
സാമൂഹിക വികസനത്തിനും ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ മാനുഷികവും ആഗോളവുമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന് ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് ഹാജി അല്‍ ഖൂരി പറഞ്ഞു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് വിഭാവനം ചെയ്ത മാനുഷിക പാരമ്പര്യത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് പുതിയ സംരംഭത്തന് തുടക്കം കുറിച്ചത്.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് സൊകോത്രയിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ഭക്ഷ്യആരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ തങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എര്‍ത്ത് സായിദ് ഫിലാന്ത്രോപീസിന്റെ അനുബന്ധ സ്ഥാപനമായ ഖലീഫ ഫൗണ്ടേഷന് പുതിയ സര്‍വേയിലെ ഡാറ്റയെ അടിസ്ഥാനമാക്കി പോഷകാഹാര,ആരോഗ്യ വെല്ലുവിളികള്‍ക്ക് ഉചിതമായ പരിഹാരങ്ങള്‍ നടപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അല്‍ ഖൂരി വ്യക്തമാക്കി. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന സമഗ്രമായ പ്രവര്‍ത്തന പദ്ധതിയിലൂടെ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മാതൃശിശു മരണനിരക്ക് കുറയ്ക്കുക എന്നതാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.
ഇത് മാതൃ,ശിശു സംരക്ഷണ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും പകര്‍ച്ചവ്യാധികളോടുള്ള അടിയന്തര തയാറെടുപ്പും പ്രതികരണവും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യമനില്‍ പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുക എന്ന തങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംയുക്ത ശ്രമമെന്ന് യമനിലെ ലോകാരോഗ്യ സംഘടനയുടെ ആക്ടിങ് പ്രതിനിധി ഡോ.ഫെരിമ കൂലിബാലി സെര്‍ബോ പറഞ്ഞു. യുഎഇയുമായും ദേശീയ അധികാരികളുമായും ചേര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ദ്വീപില്‍ ദീര്‍ഘകാല ആരോഗ്യ സുരക്ഷയ്ക്ക് അടിത്തറയിടുന്നതിനും തങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സൊകോത്രയിലെ ജനങ്ങളെ സേവിക്കുന്നതിനും ആരോഗ്യകരവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ യമനിലേക്ക് സംഭാവന നല്‍കുന്നതിനും ശക്തവും കൂടുതല്‍ പ്രതികരണശേഷിയുള്ളതുമായ ആരോഗ്യ സംവിധാനങ്ങള്‍ നിര്‍മിക്കുക എന്നതാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ ജനസംഖ്യാ ഗ്രൂപ്പുകളില്‍ അടിയന്തര ഭക്ഷ്യ ആശ്വാസം നല്‍കാനും പോഷകാഹാരക്കുറവും ആരോഗ്യ തകര്‍ച്ചയും തടയാനും ഇത് ലക്ഷ്യമിടുന്നു. മെഡിക്കല്‍ സ്റ്റാഫുകളെ പരിശീലിപ്പിക്കുന്നതിലൂടെയും മരുന്നുകള്‍ വിതരണം ചെയ്യുന്നതിലൂടെയും അടിയന്തര തയാറെടുപ്പ് നടത്തുന്നതിലൂടെയും ഇത് സൊകോത്രയിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
പോഷകാഹാരക്കുറവിന് സുസ്ഥിരമായ പരിഹാരങ്ങള്‍ നടപ്പിലാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സമൂഹ അവബോധം വളര്‍ത്താനും നിലവിലുള്ള വിലയിരുത്തലുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ഫലപ്രദമായ മെഡിക്കല്‍ ഇടപെടലുകള്‍ക്കായി രോഗ നിരീക്ഷണം മെച്ചപ്പെടുത്താനും ഇത് സഹായകമാകും.