
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അഞ്ചു മില്യണ്‍ ദിര്‍ഹം പാരിതോഷികമാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പ്രഖ്യാപിച്ചത്
അജ്മാന്: അജ്മാന് കോഓപ്പറേറ്റീവ് സൊസൈറ്റി ഫോര്‍ ഫിഷര്മനില് ചേര്‍ന്നിട്ടുള്ള മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കുമായി 5 ദശലക്ഷം ദിര്‍ഹം പെരുന്നാള്‍ പാരിതോഷികം പ്രഖ്യാപിച്ച് ഭരണകൂടം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ചത്. യുഎഇ പൗരന്മാരെ മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക,മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുക,അവരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിലും മാന്യമായ ജീവിതം നിലനിര്‍ത്തുന്നതിലും ഉണ്ടാകുന്ന വെല്ലുവിളികളെ മറികടക്കാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
അജ്മാനില്‍ മത്സ്യബന്ധന ലൈസന്‍സുള്ളവരും സൊസൈറ്റിയില്‍ അംഗങ്ങളുമായ പൗരന്മാര്ക്ക് പിന്തുണ നല്‍കുമെന്ന് അജ്മാന് ക്രൗണ്‍ പ്രിന്‍സ് ഓഫീസ് ചെയര്‍മാനും സൊസൈറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അഹമ്മദ് ഇബ്രാഹീം അല്‍ ഗംലാസി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്കുന്ന പിന്തുണയെയും അവര്‍ക്ക് മാന്യമായ ജീവിതം നല്‍കുന്നതിനും മത്സ്യബന്ധന തൊഴില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഭരണാധികാരിയുടെ താല്പര്യത്തെയും അല്‍ ഗംലാസി പ്രശംസിച്ചു. ഈദ് അല്അള്്ഹ ദിനത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയെയും അജ്മാന് കിരീടാവകാശിയും അജ്മാന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയെയും അദ്ദേഹം അഭിനന്ദിച്ചു.
അനുഗ്രഹീതമായ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ഉദാരമായ സഹായത്തിലൂടെ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഹൃദയങ്ങളില്‍ ഭരണാധികാരികള്‍ സന്തോഷം കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനികളായ നേതൃത്വവും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമായും സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനും ഭാവി തലമുറകളില്‍ അതിന്റെ മൂല്യം സ്ഥാപിക്കുന്നതിനുമുള്ള സൊസൈറ്റിയുടെ ശ്രമങ്ങള്‍ക്കുള്ള ശക്തമായ പിന്തുണയായും ഈ സഹായത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും അവരുടെ ഭാരങ്ങള്‍ ലഘൂകരിക്കുന്നതിനും ആവശ്യമായതെല്ലാം നല്കി നേതൃത്വം അവരില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം നിറവേറ്റുന്നതിലൂടെയും അതിന്റെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടും സൊസൈറ്റി പൂര്‍ണ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.