
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ബലിപെരുന്നാളിന്റെ കാരുണ്യവും ക്ഷമയും പ്രോത്സാഹിപ്പിക്കുന്നതിനാണ് മോചനമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്
അബുദാബി: യുഎഇയില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ സന്തോഷം നിറയ്ക്കാന്‍ ഭരണാധികാരികളുടെ കാരുണ്യഹസ്തം. അബുദാബി,ദുബൈ,റാസല്‍ഖൈമ,ഫുജൈറ എമിറേറ്റുകളിലെ 2471 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരികള്‍ ഉത്തരവിട്ടു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് 963 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിറക്കിയതിനു പിന്നാലെയാണ് മറ്റു എമിറേറ്റ് ഭരണാധികാരികളും മോചന ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ചുമത്തിയ എല്ലാ പിഴകളും ഒവിവാക്കുമെന്നു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ചു. മോചിതരായ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും വീണ്ടും സേവനനിരതമാകാനും സാധിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. തടവുകാരുടെ മോചനത്തിലൂടെ സമൂഹത്തില്‍ ക്ഷമയുടെയും കാരുണ്യത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഈദുല്അള്ഹ പോലുള്ള അവസരങ്ങളില്‍ തടവുകാര്‍ക്ക് മാപ്പ് നല്കാന് പതിവായി പ്രസിഡന്റ് ഉത്തരവിടാറുണ്ട്.
ദുബൈയില്‍ 985 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഈദുല്‍ അള്ഹക്ക് മുന്നോടിയായി ദുബൈയിലെ കറക്ഷണല്‍,ശിക്ഷാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഈ തടവുകാര്‍ക്ക് അവരുടെ കുറ്റകൃത്യങ്ങളില്‍ മാപ്പു നല്‍കിയാണ് മോചനം പ്രഖ്യാപിച്ചത്. ഭരണാധികാരിയുടെ ഉത്തരവ് അവരുടെ തടവുകാരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കാനും അവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തില്‍ സ്വയം പുനഃസംഘടിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ താല്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷന് ആരംഭിച്ചതായി അല്‍ ഹുമൈദാന്‍ അറിയിച്ചു.
411 തടവുകാരെ മോചിപ്പിക്കാന്‍ റാസല്‍ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും ഉത്തരവിട്ടു. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുമുള്ള അവസരമാണിതെന്ന് ശൈഖ് സഊദ് പറഞ്ഞു. ഭരണാധികാരിയുടെ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശൈഖ് സഊദിന്റെ ഈ മഹത്തായ പ്രവൃത്തി തടവുകാര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാനും അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സന്തോഷം നല്‍കാനുമുള്ള താല്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് റാസല്‍ഖൈമ അറ്റോര്‍ണി ജനറല്‍ ഹസന് സഈദ് മെഹൈമദ് പറഞ്ഞു.
112 തടവുകാര്‍ക്കാണ് ഫുജൈറ ഭരണാധികാരി മാപ്പ് നല്കി മോചനം പ്രഖ്യാപിച്ചിരിക്കുന്നത്. ഫുജൈറയിലെ ശിക്ഷാ,തിരുത്തല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള 112 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഇന്നലെ ഉത്തരവിട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരെ അവരുടെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മോചനത്തിനായി തിരഞ്ഞെടുത്തത്. ബലിപെരുന്നാള്‍ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കാനുമുള്ള അവസരമാകട്ടെ എന്ന ഭരണാധികാരിയുടെ താല്പര്യത്തിന്റെ ഭാഗമായാണ് മോചനം. ഭരണാധികാരിയുടെ ഈ കാരുണ്യത്തിന് ഫുജൈറ പൊലീസ് കമാന്‍ഡര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനിം അല്‍ കഅ്ബി ശൈഖ് ഹമദിന് നന്ദി പറഞ്ഞു.