
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ദുബൈയിയുടെ വികസന മുന്നേറ്റത്തിന് വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുന്ന തൊഴിലാളികള്‍ക്കായി ‘സെലിബ്രേറ്റ് ഈദ് അല്‍ അള്ഹ 2025 വിത്ത് അസ്’ മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. ഒന്നാം പെരുന്നാള്‍ ദിനത്തിലും പിറ്റേ ദിവസവും (വെള്ളി,ശനി) അല്‍ ഖൂസിലാണ് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ്് ഫോറിനേഴ്സ് അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. ബോളിവുഡ് താരങ്ങള്‍ അതിഥികളായി എത്തുന്ന ആഘോഷം ദുബൈയിലെ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ വിനോദ കലാ പരിപാടിയാണ്. തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ഈദ് ആഘോഷമെന്ന് ജിഡിആര്‍എഫ്എ ദുബൈ അസി.ഡയരക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.
ഇത്തവണ ഓണ്‍ലൈനിലും ഓഫ്ലൈനിലും പരിപാടികള്‍ നടക്കും. ഉച്ച മുതല്‍ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ ആളുകള്‍ക്ക് കലാപ്രകടനങ്ങള്‍ തത്സമയം കാണാം. ലൈവ് കാണുന്ന കാഴ്ചക്കാര്‍ക്ക് റാഫിള്‍ ഡ്രോയി ല്‍ പങ്കെടുക്കാന്‍ സുവര്‍ണാവസരമുണ്ട്. വിമാന ടിക്കറ്റുകള്‍,സ്വര്‍ണ നാണയങ്ങള്‍,മൊബൈല്‍ ഫോണുകള്‍,500 ദിര്‍ഹത്തിന്റെ വൗച്ചറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഇതിലൂടെ നേടാന്‍ സാധിക്കും. റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ബ്രോഷറിലെ ക്യുആര്‍ കോഡില്‍ വെള്ളിയാഴ്ച മൊബൈല്‍ നമ്പര്‍ നല്കി രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണി വരെ അല്‍ ഖൂസില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ തത്സമയ കലാപരിപാടികള്‍ അരങ്ങേറും. ഭാംഗ്രാ നൃത്തം, ബോളിവുഡ് താരങ്ങളുടെ കലാ പ്രകടനങ്ങള്‍,വിവിധ ഷോകള്‍, സ്റ്റില്‍റ്റ് വാക്കര്‍മാര്‍,സൈക്കിള്‍ ഷോകള്‍,ഫയര്‍ ഷോകള്‍ തുടങ്ങി നിരവധി വിനോദ പരിപാടികള്‍ ഇവിടെയുണ്ടാകും.
കൂടാതെ,കാര്‍ ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരങ്ങളും തത്സമയ പരിപാടിയിലുണ്ടാകും. അതിവിപുലമായ ഈ ആഘോഷം തൊഴിലാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. പിസിഎല്‍എ,തഖ്ദീര്‍ അവാര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഈദ് ഇവന്റ് സംഘടിപ്പിക്കുന്നത്. ഡു,മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്,അല്‍ ഫാറ്റന്‍,ഫ്ളൈ ദുബൈ എന്നിവരാണ് പരിപാടിക്ക് പിന്തുണ നല്‍കുന്നത്. അവിസ്മരണീയമായ ഈ ഈദ് ആഘോഷം തൊഴിലാളികള്‍ക്ക് ആസ്വദിക്കാനുള്ള മികച്ച അവസരമാണെന്നും തൊഴിലാളികളെ പിന്തുണക്കുന്നതിനും അവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നതിനുമുള്ള ആഘോഷമാണെന്നും കേണല്‍ ഉമര്‍ മത്താര്‍ അല്‍ മുസൈന പറഞ്ഞു.
സേവന വിതരണത്തിനപ്പുറം ക്ഷേമം മെച്ചപ്പെടുത്തുന്നതിനും കൃതജ്ഞതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലേക്കുള്ള ചിന്താഗതിയും അനുകമ്പയുമുള്ള ആഗോള നഗരമെന്ന ദുബൈയുടെ പ്രശസ്തി ശക്തിപ്പെടുത്തുന്നതിനുമാണ് ദുബൈ ജിഡിആര്‍എഫ്എ തൊഴിലാളികള്‍ക്കായി പെരുന്നാളാഘോഷം സംഘടിപ്പിക്കുന്നത്.