
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ പലായനം ചെയ്ത് ചാഡില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് യുഎഇ 3,000 ഭക്ഷണപ്പൊതികള്‍ നല്കി. നിരവധി പേര്‍ക്ക് കഴിക്കാവുന്ന വലിയ പാക്കറ്റുകളിലാണ് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്. മൂന്ന് പ്രധാന ക്യാമ്പുകളിലുള്ള 15,000 സുഡാനീസ് അഭയാര്‍ത്ഥികള്‍ക്ക് ഈ സഹായം ഏറെ ആശ്വാസമാകും. ഡൗഗുയി ക്യാമ്പിലെ 7,500 പേര്‍ക്ക് കഴിക്കാനായി 1,500 ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. അലച്ച ക്യാമ്പില്‍ 6,500 പേര്‍ക്ക് 1,300 പായ്ക്കുകളും അബൗഗൗഡത്തിലെ ക്യാമ്പില്‍ കഴിയുന്ന 1,000 പേര്‍ക്ക് 200 പായ്ക്ക് ഭക്ഷണവും എത്തിച്ചു നല്‍കിയതായി യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനൊപ്പം ഒരു മാസത്തേക്ക് അവശ്യ ഭക്ഷ്യവസ്തുക്കള്‍ കരുതിവെക്കുക എന്നതാണ് പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമാക്കുന്നത്.
‘വ്യക്തികളുടെ ക്ഷേമത്തിനും അന്തസിനും മുന്‍തൂക്കം നല്കുന്ന യുഎഇയുടെ മാനുഷിക,വികസന സമീപനത്തിന്റെ ഭാഗമാണ് ഈ സഹായമെന്ന് ചാഡിലെ യുഎഇ അംബാസഡര്‍ റാഷിദ് അല്‍ ഷംസി പറഞ്ഞു. പ്രതിസന്ധികളും സംഘര്‍ഷങ്ങളും ബാധിച്ചവരെ,പ്രത്യേകിച്ച് കൂട്ടമായി കുടിയിറക്കപ്പെട്ട് കടുത്ത മാനുഷിക വെല്ലുവിളികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത അടയാളപ്പെടുത്തുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാഡിലെ ആതിഥേയ സമൂഹങ്ങളുടെ സാമൂഹികസാമ്പത്തിക ക്ഷേമം ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ സുസ്ഥിരവും വിപുലവുമായ ശ്രമങ്ങളെയാണ് ഈ സുപ്രധാന സംരംഭം പ്രതിഫലിപ്പിക്കുന്നത്. അവശ്യ സഹായങ്ങളെത്തിച്ച് ഇത്തരം പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗം ഉറപ്പാക്കുകയും കുടിയിറക്ക വെല്ലുവിളികളെ തരണം ചെയ്യുകയും ദുര്‍ബല ജനതയെ പിന്തുണയ്ക്കുകയും ചെയ്യുന്നത് യുഎഇ അതീവ പ്രധാന്യത്തോടെ കാണുന്നു. നേരിട്ടുള്ള സഹായത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും അഭയാര്‍ത്ഥികളുടെ മാനുഷികവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് യുഎഇയുടെ ലക്ഷ്യം. രാജ്യത്തിന്റെ നിയന്ത്രണത്തിനായി സുഡാനീസ് സായുധ സേന അര്‍ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സുകളുമായും സഖ്യകക്ഷികളുമായും പോരാടുകയാണ്. 2023 ഏപ്രിലില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഏകദേശം 13 ദശലക്ഷം ആളുകളാണ് പലായനം ചെയ്തത്. സുഡാനികളില്‍ മൂന്നില്‍ ഒരാള്‍ പലായനം ചെയ്യുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.