
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ബ്രിക്സ് പാര്‍ലമെന്ററി ഫോറത്തില്‍ യുഎഇ പങ്കെടുത്തു
ബ്രസീലിയ: ആഗോള വെല്ലുവിളികള്‍ക്കിടയില്‍ സാമ്പത്തിക വികസനത്തിനായി പുതിയ പാതകള്‍ വെട്ടിത്തെളിക്കണമെന്ന് യുഎഇ ഫെഡറല്‍ നാഷണല്‍ കൗ ണ്‍സില്‍ (എഫ്എന്‍സി) പ്രതിരോധ,ആഭ്യന്തര,വിദേശകാര്യ കമ്മിറ്റി ചെയര്മാന് ഡോ.അലി റാഷിദ് അല്‍ നുഐമി പറഞ്ഞു. ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ നടന്ന 11ാമത് ബ്രിക്സ് പാര്‍ലമെന്ററി ഫോറത്തില്‍ ‘സാമ്പത്തിക വികസനത്തിനായുള്ള പുതിയ പാതകള്‍ തേടുന്ന ബ്രിക്സ് പാര്‍ലമെന്ററി നടപടി’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അല്‍ നുഐമി.
ബ്രിക്സ് രാജ്യങ്ങള്‍ക്കിടിയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളും പരസ്പര സഹകരണവും യോജിച്ച കാഴ്ചപ്പാടും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ബ്രിക്സിന്റെ സ്ഥാപക തത്വങ്ങളോടും ലക്ഷ്യങ്ങളോടുമുള്ള പ്രതിബദ്ധതയാണത്. അതോടൊപ്പം സമഗ്രവുമായ സാമ്പത്തിക വികസനം വളര്‍ത്തുന്നതിന് യഥാര്‍ത്ഥ പങ്കാളിത്തങ്ങളിലൂടെയും നൂതന സംരംഭങ്ങളിലൂടെയും ജനങ്ങളെ സേവിക്കാന്‍ ഓരോ രാജ്യവും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള അന്താരാഷ്ട്ര ക്രമം ആഴത്തിലുള്ള പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക നീതിയുടെ തത്വത്തിന് ഗുരുതരമായ ഭീഷണികള്‍ നേരിടുന്നുണ്ട്. സന്തുലിതാവസ്ഥയും സഹകരണവും അവഗണിച്ച് സങ്കുചിത താല്പര്യങ്ങള് നിറവേറ്റുന്നതിനാണ് സാമ്പത്തിക സംവിധാനങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ പ്രധാന തത്വങ്ങള്‍ കേന്ദ്രീകരിച്ച് ന്യായമായ വ്യാപാരം,പരസ്പര താല്പര്യങ്ങള്,എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയില്‍ ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യവും അല്‍ നുഐമി എടുത്തുപറഞ്ഞു. പാര്‍ലമെന്റുകളുടെ പങ്ക് നിയമനിര്‍മാണത്തിനും മേല്‍നോട്ടത്തിനും അപ്പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. വ്യക്തമായ സാമൂഹിക സ്വാധീനമുള്ള വികസന സംരംഭങ്ങളിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ പുരോഗതി കൈവരിക്കുന്ന സാമ്പത്തിക നയങ്ങളാണ് നടപ്പിലാക്കേണ്ടത്. വികസനത്തിന്റെ ആത്യന്തിക ലക്ഷ്യം ലാഭം മാത്രമായിരിക്കരുത്. മറിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ പിന്തുണയ്ക്കുകയും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുകയും ആഫ്രിക്കയിലോ ഏഷ്യയിലോ ലാറ്റിന്‍ അമേരിക്കയിലോ എന്നല്ല ഒരു രാജ്യത്തും ഒരു പ്രദേശവും അവിടത്തെ ജനങ്ങളും പിറകോട്ട് പോകില്ലെന്ന് ഉറപ്പാക്കുന്ന മാനുഷിക സമ്പദ്വ്യവസ്ഥ സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്എന്‍സി അംഗം സാറ മുഹമ്മദ് ഫലക്നാസും യുഎഇ പ്രതിനിധി സംഘത്തോടൊപ്പം ഫോറത്തില്‍ പങ്കെടുത്തു.
ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ഡോ.അലി റാഷിദ് അല്‍ നുഐമിയെ ബ്രസീല്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റ് ഹ്യൂഗോ മോട്ട സ്വീകരിച്ചു. ഉച്ചകോടിക്ക് മുമ്പ് അദ്ദേഹവുമായി അല്‍ നുഐമി അല്പ നേരം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സാമ്പത്തിക,നിക്ഷേപ മേഖലകളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ബ്രസീലിലെ യുഎഇ അംബാസര്‍ സാലിഹ് അല്‍ സുവൈദിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.