
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
വെടിക്കെട്ടുകള്‍ വര്‍ണവിസ്മയം തീര്‍ക്കും
ദുബൈ: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയര്‍ത്തി വീണ്ടും വിരുന്നെത്തിയ ബലിപെരുന്നാളിനെ വര്‍ണാഭമാക്കാന്‍ യുഎഇ ഒരുങ്ങി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷം പകരുന്ന ആഘോഷ നാളുകളാണ് ഇനിയുള്ള ദിവസങ്ങള്‍. ഇന്നലെ മുതല്‍ ആരംഭിച്ച പെരുന്നാളവധി ഞായറാഴ്ചയാണ് അവസാനിക്കുക. അതിനാല്‍ തന്നെ ബലിപെരുന്നാളിനെ ‘കളറാക്കാന്‍’ രാജ്യത്തെമ്പാടും വലിയ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. കോര്‍ണിഷുകളിലും പാര്‍ക്കുകളിലും പ്രധാന സ്ഥലങ്ങളിലും ഇന്ന് വെടിക്കെട്ടുകള്‍ വിസ്മയം തീര്‍ക്കും.
പാര്‍ക്കുകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിശ്ചയദാര്ഢ്യമുള്ളവര്ക്കുമെല്ലാം പ്രത്യേക ഓഫറുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലെ യാസ് ബേ വാട്ടര്‍ഫ്രണ്ടില്‍ ജൂണ്‍് ആറ്,ഏഴ്,എട്ട് തിയ്യതികളിലും കോര്‍ണിഷില്‍ പെരുന്നാള്‍ ദിനത്തിലും രാത്രി ഒമ്പതു മണിക്ക് വെടിക്കെട്ട് ആസ്വദിക്കാം. അല്‍ഐനിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ പെരുന്നാള്‍ ദിനത്തില്‍ രാത്രി ഒമ്പതു മണിക്ക് വെടിക്കെട്ടുണ്ട്. ദുബൈയിലെ പാര്‍ക്കുകളും റിസോര്‍ട്ടുകളും സന്ദര്‍ശിക്കുന്നവര്‍ക്ക് അതിശയകരമായ വെടിക്കെട്ട് കാണാം. നാലു തീം പാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന ദുബൈയിലെ റിവര്‍ലാന്റില്‍ നിന്നും ജൂണ്‍ അഞ്ചിനും ആറിനും രാത്രി ഒമ്പതു മണിക്ക് മനോഹരമായ വെടിക്കെട്ട് കാണാം. വെടിക്കെട്ട് പ്രദര്‍ശനം സൗജന്യമാണെങ്കിലും റിവര്ലാന്റിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ക്ക് പണം നല്‍കേണ്ടിവരും.20 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ 15 ദിര്‍ഹത്തിന് ലഭിക്കും. ഷാര്‍ജയില്‍ അല്‍ജാദ,മസാര്‍,നസ്മ റെസിഡന്‍സസ് എന്നിവിടങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ രാത്രി 8 മണി മുതല്‍ മിന്നുന്ന വെടിക്കെട്ട് പ്രദര്‍ശനം ആസ്വദിക്കാം. അബുദാബിയിലും ദുബൈയിലും ഷാര്‍ജയിലും പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേക ബസ് സര്‍വീസുകളും ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.