
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ‘ഒരുമിച്ച് ഈദ് ആഘോഷിക്കുക’ എന്ന പ്രമേയത്തില്‍ ബലിപെരുന്നാളിലെ ആദ്യ രണ്ടു ദിവസങ്ങളിലായി ദുബൈ പൊലീസ് പോസിറ്റീവ് സ്പിരിറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ഈദ് ലേബര്‍ ചാമ്പ്യന്‍ഷിപ്പ് വൈവിധ്യ മത്സരങ്ങളും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. അല്‍ മുഹൈസിന,അല്‍ ഖൂസ്,അല്‍ സത്വ,ജബല്‍ അലി ലേബര്‍ അക്കോമഡേഷന്‍സ് നുസുല്‍ എന്നിവിടങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പ് വീക്ഷിക്കാന്‍ 15,000ത്തിലധികം ആളുകളാണ് എത്തിയത്. ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ 14 ടീമുകളിലായി 114 കളിക്കാര്‍ മത്സരിച്ചു.
വനിതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ 14 ടീമുകളിലായി 112 പേരും പുരുഷ വോളിബോള്‍ ടൂര്‍ണമെന്റില്‍ 12 ടീമുകളിലായി 96 താരങ്ങളും പങ്കെടുത്തു. കൂടാതെ 84 ടീമുകളില്‍ നിന്നുള്ള 648 കളിക്കാര്‍ പങ്കെടുത്ത വടംവലി മത്സരത്തിനും നിറഞ്ഞ പ്രേക്ഷക പങ്കാളിത്തമായിരുന്നു. പാകിസ്ഥാന് സമൂഹത്തിനായി നടത്തിയ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ എട്ടു ടീമുകളിലായി 80 കളിക്കാര്‍ പങ്കെടുത്തു.
ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി,റോഡ്സ് ആന്റ്് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി,ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍,മുനിസിപ്പാലിറ്റി,കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസ്,ദുബൈ പൊലീസ് സ്റ്റേഷന് ഡയറക്ടര്‍മാരുടെ കൗണ്‍സില്‍,കുറ്റകൃത്യങ്ങള്‍ തടയല്‍ വകുപ്പിലെ കമ്മ്യൂണിറ്റി പൊലീസ് വിഭാഗം,പൊലീസിലെ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ എംപവര്‍മെന്റ് കൗണ്‍സില്‍,’ഓണ്‍ദിഗോ’ സംരംഭം എന്നിവയുള്‍പ്പെടെ നിരവധി സംഘടനകളുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
ദുബൈ പൊലീസിലെ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ എംപവര്‍മെന്റ് കൗണ്‍സില്‍ സെക്രട്ടറിയും ആംഗ്യഭാഷാ വിദഗ്ധനുമായ മുഹമ്മദ് അല്‍ ഹജ്ജാജി ബധിര സമൂഹത്തിനായുള്ള ആംഗ്യഭാഷയെയും ആശയവിനിമയ സാങ്കേതിക വിദ്യകളെയും കുറിച്ചുള്ള വിദ്യാഭ്യാസ ശില്പശാലകള്ക്ക് നേതൃത്വം നല്കി. ചാമ്പ്യന്‍ഷിപ്പില്‍ തൊഴിലാളികളുടെ ശക്തമായ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് പോസിറ്റീവ് സ്പിരിറ്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഫാത്തിമ ബുഹാജീര്‍ പറഞ്ഞു.
ഈദിന്റെ ഉത്സവ അന്തരീക്ഷത്തില്‍ സന്തോഷം പകരുന്നതിന് ചാമ്പ്യന്‍ഷിപ്പ് നിര്‍ണായക പങ്കുവഹിച്ചു. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ, തൊഴിലാളികള്‍ക്ക് സന്തോഷം പകരുകയും ആരോഗ്യ,മാനസിക നേട്ടങ്ങള്‍ നല്‍കുകയുമായിരുന്നു മത്സരങ്ങള്‍. സുരക്ഷയും വര്‍ധിപ്പിക്കുക,സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും കമ്മ്യൂണിറ്റി ഇടപെടല്‍ വളര്‍ത്തുക,ദുബൈ പൊലീസിന്റെ കമ്മ്യൂണിറ്റി പങ്ക് പ്രതിഫലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ സാര്‍ത്ഥകമാക്കുന്നതായിരുന്നു ഈദ് ലേബര്‍ ചാമ്പ്യന്ഷിപ്പുകളെന്ന് ബുഹാജീര്‍ കൂട്ടിച്ചേര്‍ത്തു.