
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: യുഎഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന്റെ (സുഖിയ യുഎഇ) നാലാമത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ വാട്ടര്‍ അവാര്‍ഡ് നേടിയ പ്രതിഭകള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആദരം. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിനു കീഴില്‍ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 12 വിജയികള്‍ക്കാണ് ഇത്തവണ ആകെ 1 മില്യണ്‍ ഡോളറിന്റെ അവാര്‍ഡ് ലഭിച്ചത്. ദുബൈ എമിറേറ്റ്സ് ടവേഴ്സില്‍ നടന്ന ചടങ്ങില്‍ സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പങ്കെടുത്തു. നൂതന പദ്ധതികള്‍,നൂതന ഗവേഷണ വികസനം,നൂതന വ്യക്തി,നൂതന പ്രതിസന്ധി പരിഹാരങ്ങള്‍ എന്നീ നാലു പ്രധാന വിഭാഗങ്ങളിലാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് യുഎഇ അതിന്റെ മാനുഷിക സ്വാധീനം വികസിപ്പിക്കുന്നതിനും നവീകരണം പ്രയോജനപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
മനുഷ്യരാശി ഇന്ന് നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. ശുദ്ധജല ദൗര്‍ലഭ്യമാണ് ഇതില്‍ പ്രധാനം. സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യരാശിയെ സേവിക്കുക എന്ന യുഎഇയുടെ കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ജലക്ഷാമം അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് പിന്തുണ നല്കുന്നതിനുമുള്ള സുസ്ഥിര പരിഹാരങ്ങള്‍ക്കായി നൂതനാശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ സന്ദേശം മാനുഷികമാണ്. അറിവും നവീകരണവുമാണ് ഞങ്ങളുടെ ഉപകരണങ്ങള്‍. യുഎഇയുടെ പിന്തുണ ഏറ്റവും ആവശ്യമുള്ളവര്‍ക്ക്,അവര്‍ എവിടെയായിരുന്നാലും എത്തിച്ചു നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം’: ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ആദരവിനും മാനുഷിക,വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരമായി നല്കുന്ന പിന്തുണയ്ക്കും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ‘സുഖിയ യുഎഇ’ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് സഈദ് മുഹമ്മദ് അല്‍ തായര്‍ നന്ദി പറഞ്ഞു. ലോകത്തെ നിര്‍ണായകമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രായോഗികവും ദീര്‍ഘവീക്ഷണമുള്ളതുമായ പരിഹാരങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ശൈഖ് മുഹമ്മദിന്റെ ദര്‍ശനത്തെയാണ് അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് അല്‍ തായര്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ജലക്ഷാമം നേരിടാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് സംഭാവന നല്കുന്നതില് യുഎഇയുടെയും ദുബൈയുടെയും അചഞ്ചലമായ പ്രതിബദ്ധതയെ ഇത് എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള 2.2 ബില്യണ്‍ ആളുകള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപര്യാപ്തമായ വെള്ളം,ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ അഞ്ചു വയസിന് താഴെയുള്ള 1,000ത്തിലധികം കുട്ടികള്‍ ഓരോ ദിവസവും മരിക്കുന്നുണ്ടെന്നും യുണിസെഫ് കണക്കുകള്‍ വ്യക്തമാക്കുന്നു. ‘സുഖിയ യുഎഇ’ പത്താം വാര്‍ഷികത്തില്‍ എമിറേറ്റ്സ് റെഡ് ക്രസന്റുമായും മറ്റു പങ്കാളികളുമായി സഹകരിച്ച് 1,000ത്തിലധികം സുസ്ഥിര ജല പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. 37 രാജ്യങ്ങളിലായി ഏകദേശം 15 ദശലക്ഷം ആളുകളുടെ ജീവിതത്തെ പോസിറ്റീവായി ഇത് സ്വാധീനിക്കുന്നുവെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ മൂന്നു പതിപ്പുകളിലായി 22 രാജ്യങ്ങളില്‍ നിന്നുള്ള 31 പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചിരുന്നു. നാലാമത് അവാര്‍ഡിനായി 46 രാജ്യങ്ങളില്‍ നിന്ന് അപേക്ഷ ലഭിച്ചിരുന്നു. ഇതില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 12 പ്രതിഭകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഇന്നോവേറ്റീവ് പ്രോജക്ട്സ് അവാര്‍ഡ് യുഎഇയില്‍ നിന്നുള്ള ഗ്രീന്‍ വേസ്റ്റ് സൊല്യൂഷന്‍സ് ട്രേഡിംഗ് ഡിഎംസിസിയായ ‘ലാര്‍ജ് പ്രോജക്ട്സി’ന് ലഭിച്ചു. ഇതിന്റെ ജൈവ മാലിന്യങ്ങളെയും മലിന ജലത്തെയും പുനരുപയോഗ ഊര്‍ജം,ശുദ്ധമായ കുടിവെള്ളം,ജൈവ വളങ്ങള്‍ എന്നിവയാക്കി മാറ്റുന്ന ലാന്‍ഡ്കോ ടെക് പദ്ധതിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ദുര്‍ബലരായ സ്കൂളുകള്‍ക്കും സമൂഹങ്ങള്‍ക്കും സുരക്ഷിതമായ കുടിവെള്ളം നല്‍കുന്നതിനുള്ള സംരംഭത്തിന് വിയറ്റ്നാമില്‍ നിന്നുള്ള സുസ്ഥിരതാ നിക്ഷേപ പ്രൊമോഷന് ആന്റ് ഡെവലപ്മെന്റ് ജോയിന്റ് സ്റ്റോക്ക് കമ്പനി (സിപ്കോ) രണ്ടാം സ്ഥാനം നേടി. ബാക്ടീരിയ,വൈറസുകള്‍,അവശിഷ്ടങ്ങള്‍ എന്നിവ ഫലപ്രദമായി നീക്കം ചെയ്യുന്നതിനായി സെറാമിക് ഇംപ്രെഗ്നേറ്റഡ് നാനോസില്വര് പോട്ട് ഫില്‍ട്ടറുകള്‍ (സിഎസ്പിഎഫ്) ഉപയോഗിക്കുന്നതാണ് ഈ പദ്ധതി. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ പ്രയോജനം ചെയ്യുന്നതാണ്. കുടിവെള്ളം സുസ്ഥിരമായി പമ്പ് ചെയ്യുകയും ട്രീറ്റ് ചെയ്യുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായ ബെല്‍ജിയത്തില്‍ നിന്നുള്ള സോട്രാഡ് വാട്ടര്‍ എസ്ആര്എല്ലിന്റെ പമ്പ് ആന്റ് ഡ്രിങ്ക്ണ ഹൈഡ്രോ 1000 സൊല്യൂഷനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.
‘ഇന്നോവേറ്റീവ് പ്രോജക്ട്സ് അവാര്‍ഡ് ഫ്രാന്‍സില്‍ നിന്നുള്ള കുമുലസ് എസ്എഎസിന്റെ ‘സ്മോള്‍ പ്രോജക്ട്സ്’ ‘കുമുലസ് വാട്ടര്‍ ഡ്രിങ്കിങ് വാട്ടര്‍ ഫ്രം എയര്‍’ പദ്ധതിക്ക് നേടി. ചൈനയില്‍ നിന്നുള്ള ഹാങ്ഷൗ സുനപ്പ് എന്‍വയോണ്‍മെന്റല്‍ ടെക്നോളജി കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ജിയാങ്സു ഫെങ്ഹായ് ന്യൂ എനര്‍ജി സീവാട്ടര്‍ ഡീസലൈനേഷന്‍ ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് അവരുടെ ഇന്റലിജന്റ് മൈക്രോഗ്രിഡ് സീവാട്ടര്‍ ട്രീറ്റ്മെന്റ് പദ്ധതിക്കാണ് രണ്ടാം സ്ഥാനം. ഹോങ്കോങ്ങില്‍ നിന്നുള്ള ഫൗണ്ട്എയര് ലിമിറ്റഡിന്റെ ‘ദി ഇന്‍വിസിബിള്‍ സൊല്യൂഷന്’് മൂന്നാം സ്ഥാനം ലഭിച്ചു.