
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും യുഎഇ എഫ്എന്‍സി ചെയര്മാന് ഡോ.അലി റാഷിദ് അല്‍ നുഐമിയും കൂടിക്കാഴ്ച നടത്തി
അബുദാബി: യുഎഇയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തിന്റെ ഭാഗമായി യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലും(എഫ്എന്‍സി) ഇന്ത്യന്‍ പാര്‍ലമെന്റും തമ്മിലുള്ള പാര്‍ലമെന്ററി സഹകരണം ശക്തമാക്കാന്‍ ധാരണ. ഇന്നലെ യുഎഇയിലെത്തിയ ഇന്ത്യ ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അബുദാബിയില്‍ യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍(എഫ്എന്‍സി) പ്രതിരോധ,ആഭ്യന്തര,വിദേശകാര്യ കമ്മിറ്റി ചെയര്മാന് ഡോ.അലി റാഷിദ് അല്‍ നുഐമിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാഷ്ട്രങ്ങളും പാര്‍ലമെന്ററി തലത്തില്‍ പരസ്പരം കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യക്കും യുഎഇക്കും ഒരുപോലെ താല്പര്യമുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും ഏകോപനവും വൈദഗ്ധ്യ കൈമാറ്റവും ശക്തിപ്പെടുത്തുകയായിരുന്നു ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയും യുഎഇയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പാര്‍ലമെന്ററി സഹകരണം കൂടുതല്‍ തലങ്ങളിലേക്ക് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുരാഷ്ട്ര പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കുവച്ചു.