
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
യുഎഇ ജുമുഅ ഖുതുബ (മലയാളം പരിഭാഷ)
കുടുംബ ബന്ധമോ രക്തബന്ധമോ ഇല്ലാതെ തന്നെ പരസ്പരം ബന്ധുക്കളാകുന്ന ബന്ധമാണ് അയല്പക്ക ബന്ധം. ഇസ്ലാം അയല്പക്ക ബന്ധത്തിന് മഹിതമായ സ്ഥാനമാണ് നല്‍കുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍,ബന്ധുക്കള്‍,അനാഥകള്‍,അഗതികള്‍,ബന്ധുവോ അന്യനോ ആയ അയല്ക്കാരന്,സഹവാസികള്‍,സഞ്ചാരികള്‍,സ്വന്തം അധീനതയിലുള്ള അടിമകള്‍ എന്നിവരോടൊക്കെ നല്ല രീതിയില്‍ വര്‍ത്തിക്കുക (സൂറത്തുന്നിസാഅ് 36). അയല്‍വാസികളുടെ സ്ഥാനം വ്യക്തമാക്കുന്നതാണ് ഈ ഖുര്‍ആനിക സൂക്തം. മാതാപിതാക്കള്‍,കുടുംബക്കാര് എന്നിവരോടൊപ്പം അയല്‍ക്കാരോടും നല്ല രീതിയില്‍ പെരുമാറാനാണ് ഇസ്ലാം കല്പ്പിച്ചിരിക്കുന്നത്.
ജനങ്ങളില്‍വെച്ച് കൂടുതല്‍ സഹവസിക്കുന്നതും ഇടകലരുന്നതും അയല്വാസികളോടായിരിക്കും. അതുകൊണ്ട് തന്നെ സത്യവിശ്വാസത്തിന്റെ പരിപൂര്‍ണതയ്ക്ക് അവരോട് നന്നായി വര്‍ത്തിക്കേണ്ടത് അന്ത്യന്താപേക്ഷിതമാണ്. അയല്‍വാസിയോട് നല്ല രീതിയില്‍ വര്‍ത്തിച്ച് പരിപൂര്‍ണ സത്യവിശ്വാസിയാവാനാണ് നബി(സ്വ) കല്പ്പിച്ചിരിക്കുന്നത് (ഹദീസ് തുര്‍മുദി 2305). എന്നാല്‍ അയല്‍വാസിയോട് മോശമായി പെരുമാറുന്നത് സത്യവിശ്വാസത്തിന്റെ ബലക്കുറവാണ് കാണിക്കുന്നത്. അതിനാലാണ് നബി(സ്വ) വളരെ കാര്‍ക്കശ്യത്തോടെ മൂന്നുപ്രാവശ്യം അല്ലാഹുവാണേ സത്യം,യഥാര്‍ത്ഥ സത്യവിശ്വാസിയാവില്ല എന്ന് ശപഥം ചെയ്തു പറഞ്ഞത്. അപ്പോള്‍ അനുചരന്മാര് ചോദിച്ചു ആരാണ് തിരുദൂതരേ?, നബി (സ്വ) മറുപടി നല്കി: അയല്‍വാസിയെ പ്രയാസപ്പെടുത്തുന്നവന് (ഹദീസ് ബുഖാരി 6061).
അയല്‍വാസിയോടും കടപ്പാടുകളുണ്ട്. അതില്‍ വീഴ്ച വരുത്തരുത്. അയല്‍വാസിയുടെ കാര്യത്തില്‍ മലക്ക് ജിബ്രീല്‍ (അ) നബി (സ്വ) യോട് ആവര്‍ത്താവര്‍ത്തിച്ച് വസ്വിയ്യത്ത് ചെയ്തിരുന്നുവത്രെ, എത്രത്തോളമെന്നാല്‍ അയല്‍വാസിക്ക് അനന്തരാവകാശം വരെ നല്‍കേണ്ടിവരുമെന്ന പ്രതീതി പോലുമുണ്ടായി എന്ന് നബി (സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് അഹ്മദ് 9746). അയല്‍വാസിയെ കണ്ടുമുട്ടിയാല്‍ ആദ്യം സലാം പറഞ്ഞു പുഞ്ചിരിയോടെ അഭിമുഖീകരിക്കണം. പുഞ്ചിരി പോലും സ്വദഖ എന്നാണ് നബി(സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് സ്വഹീഹ് ഇബ്നുഹിബ്ബാന്‍ 695).അയല്‍വാസി ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിച്ച് ഉത്തരം നല്‍കണം.സമ്മാനം നല്‍കണം.സമ്മാനം സ്വീകരിക്കണം.
പരസ്പം സമ്മാനങ്ങള്‍ നല്കി പരസ്പരം സ്നേഹം പരത്താനാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, അദബുല്‍ മുഫ്റദ് 594). അയല്‍വാസികള്‍ ഒത്തുകൂടുന്നതും ബന്ധം സുഭദ്രമാക്കുന്നതും നല്ല കാര്യങ്ങളാണ്. അയല്പക്ക ബന്ധം സുദൃഢമാക്കുന്നത് ജീവിത വിജയത്തിന്റെ ലക്ഷണമാണ്. നബി(സ്വ) വിജയകാരണങ്ങള്‍ വിശദീകരിച്ചതില്‍ ഒന്ന് സല്‍സ്വഭാവിയായ അയല്‍വാസിയാണ് (ഹദീസ് സ്വഹീഹു ഇബ്നു ഹിബ്ബാന്‍ 9 341).
മാത്രമല്ല നല്ല അയല്പക്ക ബന്ധം കുടുംബ ഭദ്രതക്കും ദീര്‍ഘായുസിനും ഹേതുകമാകും (ഹദീസ് അഹ്മദ് 26001). സ്വന്തം അയല്‍വാസിയോട് നന്നായി വര്‍ത്തിക്കുന്നവനാണ് അന്ത്യനാളില്‍ അല്ലാഹുവിന്റെയടുത്ത് ഏറ്റവും നല്ല അയല്‍വാസികള്‍ (ഹദീസ് തുര്‍മുദി 1944). അതായത് ഇഹലോകത്ത് ഉപകാരം ചെയ്യുന്ന അയല്‍വാസി പരലോകത്ത് അവനു വേണ്ടി ശിപാര്‍ശ ചെയ്യും. നബി (സ്വ) പറഞ്ഞിട്ടുണ്ട്: ഒരാള്‍ മരണപ്പെടുകയും അയാളുടെ നാലു അയല്‍വാസികള്‍ അയാളില്‍ നല്ലത് മാത്രമേ ഞങ്ങള്‍ അറിയുകയുള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്താല്‍ അല്ലാഹു പറയും: അയാളെപ്പറ്റി നിങ്ങള്‍ അറിയുന്നത് ഞാന്‍ സ്വീകരിക്കുകയും നിങ്ങള്‍ അറിയാത്തത് ഞാന്‍ പൊറുത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു (ഹദീസ് അഹ്മദ് 13541). അല്ലാഹുവിന്റെയും നബി (സ്വ)യുടെയും സ്നേഹം കിട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയല്‍വാസികളോട് നന്നായി പെരുമാറിക്കൊള്ളട്ടെ എന്ന ഹദീസുമുണ്ട് (ഹദീസ് ത്വബ്റാനി 6517).