
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ബ്രസല്‍സ്: യുഎഇയെ സംബന്ധിച്ചിടത്തോളം ഊര്‍ജ പരിവര്‍ത്തനം വിദൂര ലക്ഷ്യമല്ലെന്നും പ്രധാന മുന്‍ഗണനയാണെന്നും ഊര്‍ജ,പെട്രോളിയം വകുപ്പ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഷരീഫ് അല്‍ ഉലാമ പറഞ്ഞു. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂറോപ്യന്‍ കമ്മീഷന് ആസ്ഥാനത്ത് നടന്ന 30ാമത് യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (കോപ് 30) മുന്നോടിയായുള്ള ഉന്നതതല ഊര്‍ജ പരിവര്‍ത്തന സെഷനില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.
പുതുക്കിയ യുഎഇ ഊര്‍ജ നയം 2050 ഊര്‍ജ സുരക്ഷ,താങ്ങാനാവുന്ന വില,സുസ്ഥിരത എന്നിവയില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതാണ്. രാജ്യത്തിന്റെ ശുദ്ധമായ ഊര്‍ജ വിന്യാസവും മേഖലയിലുടനീളം ആഴത്തിലുള്ള ഡീകാര്‍ബണൈസേഷനും ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ നടന്ന കോപ് 28ല്‍ അന്താരാഷ്ട്ര സമൂഹം പ്രധാന തീരുമാനങ്ങളിലെത്തിയിരുന്നു. ലോകം ഊര്‍ജ്ജ പരിവര്‍ത്തനത്തെ എങ്ങനെ സമീപിക്കുന്നു എന്നതിന് അന്നത്തെ ഉച്ചകോടെ വഴിത്തിരിവായി മാറുകയും ചെയ്തു. ഇതൊരു പാരിസ്ഥിതിക ആവശ്യകത മാത്രമല്ല,സാമ്പത്തിക, സാമൂഹിക,വികസന അനിവാര്യതയായി തന്നെയാണ് ലോകം അംഗീകരിച്ചത്.
അസര്‍ബൈജാനില്‍ നടന്ന കോപ് 29 ശുദ്ധമായ ഊര്‍ജ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വിശ്വസനീയമായ പരിവര്‍ത്തന പാതകള്‍ സുഗമമാക്കുന്നതിനുമുള്ള ആഗോള പ്രതിബദ്ധതകളെ വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ധനകാര്യം,സാങ്കേതിക കൈമാറ്റം,പ്രാദേശിക സഹകരണം എന്നിവയുടെ സുപ്രധാന പങ്കിനെ കുറിച്ചും അന്ന് ഉച്ചകോടി ഊന്നിപ്പറഞ്ഞിരുന്നു. കോപ് 28ല്‍ ആരംഭിച്ച ഗ്ലോബല്‍ സ്റ്റോക്ക്ടേക്ക്,ഡെലിവറിക്ക് നിര്‍ണായക മാനദണ്ഡമായി തുടരുകയാണ്. ഈ വിലയിരുത്തലുകളെ അര്‍ത്ഥവത്തായ പ്രവര്‍ത്തനമാക്കി മാറ്റുക എന്നതാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുമായി സഹകരിച്ച് സംഘടിപ്പിച്ച സെഷനില്‍ വിവിധ രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഷരീഫ് അല്‍ ഉലാമയുടെ നേതൃത്വത്തിലാണ് യുഎഇ പ്രതിനിധി സംഘം പങ്കെടുക്കുന്നത്. ബ്രസീലിലെ ബെലെമില്‍ നടക്കാനിരിക്കുന്ന കോപ് 30നുള്ള തയാറെടുപ്പുകള്‍ നടത്താനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായാണ് ഉന്നതതല യോഗം നടന്നത്. കോപ് 28,കോപ് 29 എന്നിവയുടെ ഫലങ്ങള്‍ നടപ്പിലാക്കുന്നത് വേഗത്തിലാക്കാനും ആഗോള ഊര്‍ജ പരിവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
2030 ഓടെ ഊര്‍ജ കാര്യക്ഷമത ഇരട്ടിയാക്കലും പുനരുപയോഗ ഊര്‍ജ ശേഷി മൂന്നിരട്ടിയാക്കലുമാണ് പ്രധാന ലക്ഷ്യം. ഊര്‍ജ പരിവര്‍ത്തന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി അല്‍ ഉലാമയുടെ നേതൃത്വത്തില്‍ നിരവധി ഉഭയകക്ഷി യോഗങ്ങളും ബ്രസല്‍സില്‍ നടന്നു. യൂറോപ്യന്‍ എക്സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസിലെ മിഡില്‍ ഈസ്റ്റ്,വടക്കേ ആഫ്രിക്ക,ഗള്‍ഫ് എന്നിവയുടെ ഡയരക്ടര്‍ ജനറല്‍ സ്റ്റെഫാനി സാനിനോ, യൂറോപ്യന്‍ കമ്മീഷനിലെ ഊര്‍ജ ഡയരക്ടര്‍ ജനറല്‍ ഡിറ്റ് ജൂള്‍ ജോര്‍ഗെന്‍സണ്‍, കാനഡയിലെ നാഷണല്‍ റിസോഴ്സസിലെ ഊര്‍ജ കാര്യക്ഷമത ഓഫീസ് ഡയരക്ടര്‍ ജനറല്‍ ബെന്‍ കോപ്പ്,യൂറോപ്യന്‍ കമ്മീഷനിലെ കാലാവസ്ഥാ പ്രവര്‍ത്തന ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ജാന്‍ ഡുസിക്,ജപ്പാനിലെ സാമ്പത്തിക,വ്യാപാര,വ്യവസായ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യ ഡെപ്യൂട്ടി കമ്മീഷണര്‍ മസനോരി സുരുഡ,ഡാനിഷ് കാലാവസ്ഥാ ,ഊര്‍ജ,യൂട്ടിലിറ്റീസ് മന്ത്രാലയത്തിലെ ഡെപ്യൂട്ടി സ്ഥിരം സെക്രട്ടറി ആന്‍ഡേഴ്സ് ഹോഫ്മാന്‍ എന്നിവരുമായാണ് യഎഇ ഊര്‍ജ,പെട്രോളിയം കാര്യ അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഷരീഫ് അല്‍ ഉലാമ കൂടിക്കാഴ്ച നടത്തിയത്.