
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഇന്ത്യയെ യുഎഇ അനുശോചനം അറിയിച്ചു
അബുദാബി: പിറന്ന നാട്ടില്‍ ഏതൊരു അപകടം നടന്നാലും അതിന്റെ അലയൊലികള്‍ പ്രവാസലോകത്ത് പടര്‍ന്നുപിടിക്കും. തങ്ങളുടെ ഉറ്റവര്‍ ആരങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആധിയില്‍ നാട്ടിലേക്കു ടെലിഫോണ്‍ വിളികള്‍ പ്രവഹിക്കും. ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്ത വാര്‍ത്ത അറിഞ്ഞതു മുതല്‍ പ്രവാസി സമൂഹം ഒന്നടങ്കം പുതിയ വിവരങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയും വാര്‍ത്ത ചാനലുകളും പിന്തുടരുകയായിരുന്നു. മരണപ്പെട്ടതില്‍ ഒരു മലയാളി ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ആശങ്ക ഇരട്ടിയായി. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ ഒമ്പതു വര്‍ഷത്തോളം സ്റ്റാഫ് നേഴ്സായിരുന്ന പത്തനംതിട്ട പുല്ലാട് സ്വദേശിനി കുറുങ്ങുഴ രഞ്ജിത നായരാണ് (38) പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി വിമാനത്തിനുള്ളില്‍ വെന്തുരുകി മരിച്ചത്.
ഒരു വര്‍ഷം മുമ്പാണ് രഞ്ജിത യുകെയിലെ പോട്സ് മൗത്തിലെ ആശുപത്രിയില്‍ സേവനം തുടങ്ങിയത്. ഇതിനിടയിലാണ് കേരള പിഎസ്സി മുഖേന കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ജോലി ലഭിച്ചത്. ഇതേതുടര്‍ന്ന് യുകെയിലെ ജോലി അവസാനിപ്പിച്ച് മടങ്ങാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായാണ് നാലുദിവസത്തെ എമര്‍ജന്‍സി ലീവിന് നാട്ടില്‍ വന്നത്. റിലീവിങ് ലെറ്റര്‍ വാങ്ങി ലണ്ടനില്‍ നിന്ന് തിരികെ വരാനായിരുന്നു പ്ലാന്‍. ലണ്ടനിലേക്കു പോകാനായി കൊച്ചിയില്‍ നിന്ന് ബുധനാഴ്ചയാണ് രഞ്ജിത അഹമ്മദാബാദിലെത്തിയത്. പക്ഷേ, അതു മരണത്തിലേക്കുള്ള അന്ത്യയാത്രയാകുമെന്നു രഞ്ജിത ഒരിക്കല്‍ പോലും നിനച്ചിട്ടുണ്ടാകില്ല.
അതേസമയം അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അതീവ ദുഖം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് യുഎഇയുടെ അനുശോചനവും ശൈഖ് മുഹമ്മദ് അറിയിച്ചു. ‘അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ഞങ്ങള്‍ വളരെയധികം ദുഃഖിതരാണ്. യുഎഇയിലെ എല്ലാവരുടെയും ചിന്തകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും കൂടെയാണ്. ദുരിതമനുഭവിക്കുന്ന എല്ലാവര്ക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു’: ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു.
അഹമ്മദാബാദിലെ ദുരന്ത വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മംഗലാപുരം,കോഴിക്കോട് വിമാനാപകടങ്ങള്‍ പ്രവാസി മനസുകളില്‍ നീറുന്ന വേദനയായി നിലനില്‍ക്കുകയാണ്. 2010 മെയ് 22ന് നടന്ന മംഗലാപുരം വിമാനാപകടത്തില്‍ 158 ജീവനുകളാണ് പൊലിഞ്ഞത്. ദുബൈയില്‍ നിന്ന് പോയ എയര്‍ ഇന്ത്യ എ ഐ 812 വിമാനത്തില്‍ കണ്ണൂര്‍,കാസര്‍കോട്,മംഗലാപുരം സ്വദേശികളായ നിരവധി യുഎഇ പ്രവാസികളുണ്ടായിരുന്നു. ഇന്ത്യ കണ്ട മറ്റൊരു വലിയ വിമാന ദുരന്തം 2020 ഓഗസ്റ്റ് ഏഴിന് ദുബൈയില്‍ നിന്ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎഎക്സ് 1344 അപകടത്തില്‍പ്പെട്ടതാണ്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റി റണ്‍വേ വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ 21 പേരാണ് അന്ന് മരിച്ചത്. നൂറുകണക്കിന് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
മംഗലാപുരം,കോഴിക്കോട് വിമാനാപകടങ്ങള്‍ രാജ്യത്തെ പിടിച്ചുലച്ച ദുരന്തങ്ങളാണ്. ആ പട്ടികയിലേയ്ക്ക് അഹമദാബാദ് അപകടവും എഴുതിച്ചേര്‍ത്തിരിക്കുകയാണ്. അപ്പോഴും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചുവപ്പുനാടയില്‍ തന്നെ കുരുങ്ങിക്കിടക്കുകയാണ്. ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള്‍ക്ക് അറുതിവരുത്താന്‍ അധികൃതരുടെ അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന ആവശ്യം പ്രവാസലോകത്ത് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. അതോടൊപ്പം ഇനിയൊരു ആകാശ ദുരന്തവും ഉണ്ടാകരുതേ എന്ന ആത്മാര്‍ത്ഥമായ പാര്‍ത്ഥനയും.
ദുഖത്തില്‍ പങ്കുചേര്‍ന്ന് പ്രവാസി സംഘടനകള്‍
അബുദാബി കെഎംസിസി
അബുദാബി: അഹമ്മദാബാദ് വിമാനദുരന്തം ഓര്ക്കാനാവാത്തത്ര വേദനയാണ് ബാക്കിവച്ചതെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങലും ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫും പറഞ്ഞു. ജീവിത സ്വപ്നങ്ങളിലേക്ക് പറന്നുയര്‍ന്നവര്‍ ഒരു നിമിഷംകൊണ്ട് ഇല്ലാതായ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. വിമാനങ്ങളുടെ സാങ്കേതിക തകരാറുകള്‍ വരുത്തിവക്കുന്ന ഇത്തരം വലിയ ദുരന്തങ്ങള്‍ വല്ലാതെ പേടിപ്പെടുത്തുന്നതാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ അനിവാര്യമാണെന്നും ജീവന് പൊലിഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കെഎംസിസി നേതാക്കള്‍ പറഞ്ഞു.
അബുദാബി ഐഐസി
അബുദാബി: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ അതീവ ദുഖവും അനുശോചനവും രേഖപ്പെടുത്തി. ജീവന് നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കും സ്നേഹജനങ്ങള്ക്കുമുള്ള വേദനയില്‍ പങ്കുചേരുന്നതായും മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് പി.ബാവഹാജി,ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് എന്നിവര്‍ പറഞ്ഞു. ഈ സന്തപ്ത നിമിഷത്തില്‍ എല്ലാ ഹൃദയങ്ങള്‍ക്കും ആശ്വാസം ലഭിക്കട്ടെയെന്നും ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഷാര്‍ജ കെഎംസിസി
ഷാര്‍ജ: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി,ജനറല്‍ സെക്രടറി മുജീബ് തൃക്കണാപുരം,ട്രഷറര്‍ കെ.അബ്ദുറഹ്്മാന് മാസ്റ്റര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പം മനസ് ചേര്‍ത്തുവക്കുകയും ദുഃഖം അറിയിക്കുകയും ചെയ്യുന്നതായി ഭാരവാഹികള്പറഞ്ഞു.
മസ്കത്ത് കെഎംസിസി
മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടമായ ദാരുണ സംഭവത്തില്‍ മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് അതീവ ദുഖം രേഖപ്പെടുത്തി. ഒമാനിലെ സലാലയില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തില്‍ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തിനു മാത്രമല്ല, മലയാളി സമൂഹത്തിനാകെ തീരാവേദനയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തില്‍ മസ്കത്ത് കെഎംസിസിയും പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും റഹീസ് അഹമ്മദ് പറഞ്ഞു.
കുവൈത്ത് കെഎംസിസി
കുവൈത്ത് സിറ്റി: അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദുരന്തത്തിനിരയായവരുടെ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു. മികച്ച സുരക്ഷാ സംവിധാനമുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണത്. ഇത്തരം ആകാശ അപകടങ്ങള്‍ വലിയ ആശങ്കയാണ് വിമാന യാത്രക്കാരിലുണ്ടാക്കുന്നത്. സാങ്കേതിക തകരാറുമൂലമുള്ള വ്യോമ അപകടങ്ങള്‍ കുറക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശ്രദ്ധയുണ്ടാകണമെന്നും കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.