
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: ഗ്യാസ് ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനായി അബുദാബി ഉര്‍ജ വകുപ്പ് വ്യാപകമായി ഗ്യാസ് പോയിന്റുകളില്‍ പരിശോധന നടത്തി. 11,000 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മോശം ഇന്സ്റ്റാളേഷന്,നിലവാരമില്ലാത്ത ഉപകരണങ്ങള്‍,പതിവ് അറ്റകുറ്റപ്പണികളുടെ അഭാവം എന്നിവ കണ്ടെത്തിയതായി അബുദാബി ഊര്‍ജ വകുപ്പ് വ്യക്തമാക്കി. ഗ്യാസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍, തൊഴിലാളികള്‍,റെസ്റ്റാറന്റുകളിലെയും കഫറ്റീരിയകളിലെയും തൊഴിലുടമകള്‍ എന്നിവര്‍ ഉള്‍പ്പെടെ എല്‍പിജി സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന താമസക്കാര്‍ക്കിടയില്‍ പതിവായി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തല്‍ തൊഴിലുടമയുടെ ബാധ്യതയാണെന്നും എന്നാല്‍ ഇത്തരം ജോലികള്‍ക്കായി തൊഴിലാളികളെ നിയമിക്കുന്ന റിക്രൂട്ട്മെന്റ് കമ്പനികള്‍ പോലും നിയമലംഘകരില്‍ ഉള്‍പ്പെടുന്നുവെന്നും ഊര്‍ജ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവാരമില്ലാത്ത ഹോസുകളുടെയും ഗ്യാസ് ഉപകരണങ്ങളുടെയും ഉപയോഗം,ലൈസന്‍സില്ലാത്ത ഗ്യാസ് വിതരണക്കാരെ ആശ്രയിക്കല്‍,ഊര്‍ജ വകുപ്പിന്റെ അനുമതിയില്ലാതെ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കല്‍ എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലംഘനങ്ങള്‍. എന്നാല്‍ ഇവയെല്ലാം ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി എല്‍പിജി സംവിധാനങ്ങളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ‘നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന’ എന്ന പ്രമേയത്തില്‍ ഡിഒഇ രണ്ടാംഘട്ട പൊതുജന അവബോധ കാമ്പയിന് ആരംഭിച്ചിട്ടുണ്ട്.
ഗ്യാസിന്റെ സുരക്ഷിത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും റെസിഡന്‍ഷ്യല്‍,വാണിജ്യ,വ്യാവസായിക മേഖലകളിലുടനീളം സുരക്ഷയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നതിനായി 11,000ത്തിലധികം ഗ്യാസ സൗകര്യങ്ങളാണ് തങ്ങള്‍ പരിശോധിച്ചതെന്ന് പെട്രോളിയം ഉത്പന്ന മേഖല റെഗുലേറ്ററി അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ അഹമ്മദ് അല്‍ ഷീബാനി പറഞ്ഞു.