
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം
ദുബൈ: മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ദുബൈ നടപ്പിലാക്കുന്നത് 5.5 ദശലക്ഷം ദിര്‍ഹമിന്റെ പദ്ധതികള്‍. 1 ബില്യണ്‍ മീല്‍സ് കാമ്പയിനിലൂടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സാണ് (എംബിആര്‍ജിഐ) ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജര്‍,കോംഗോ,സെനഗല്‍ എന്നിവിടങ്ങളില്‍ നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. പോഷകാഹാര ലഭ്യതയില്‍ ലോകത്ത് പിന്നോക്കം നില്ക്കുന്ന സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള 2022ലെ കരാര്‍ പ്രകാരം ഐക്യരാഷ്ട്ര സഭയുടെ ‘അന്‍ടില്‍ ലൈഫ്’ ട്രസ്റ്റ് ഫണ്ടുമായി സഹകരിച്ച്് നടപ്പാക്കിയ പദ്ധതിക്കായി എംബിആര്‍ജിഐ 5.5 ദശലക്ഷം ദിര്‍ഹമാണ് ചിലവഴിച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങളുടെ ദീര്‍ഘകാല ഭക്ഷ്യസുരക്ഷയ്ക്ക് ഏറെ സഹായകമാണ് ദുബൈയുടെ ഈ കാരുണ്യ പദ്ധതി. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കാലാവസ്ഥാ സ്മാര്‍ട്ട് കൃഷി,വിപണി സംവിധാന വികസനത്തിനായി പ്രാദേശികമായി തയാറാക്കിയ പരിഹാരങ്ങള്‍, പോഷകാഹാര കേന്ദ്രീകൃത സംരംഭങ്ങളിലൂടെ കമ്മ്യൂണിറ്റി ശാക്തീകരണം എന്നിവയുള്‍പ്പെടെയുള്ള സുസ്ഥിരമായ സമീപനങ്ങളാണ് ഇതിനായി സ്വീകരിച്ചത്. വിശപ്പുള്ള പ്രദേശങ്ങള്‍ക്ക് സുസ്ഥിര പിന്തുണ നല്‍കുന്നതൊടൊപ്പം പോഷകാഹാരക്കുറവിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം സമീപനങ്ങള്‍ ഗുണ്ം ചെയ്യും.
കൂടുതല്‍ പ്രാദേശിക ഭക്ഷ്യോത്പാദനം,സ്ത്രീ ശാക്തീകരണം,സാമ്പത്തിക ഇടപെടല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍ സുസ്ഥിരവും ദീര്‍ഘകാലവുമായ പരിഹാരങ്ങളുടെ പ്രാധാന്യം അടിവരയിടുന്നതാണ് എംബിആര്‍ജിഐയുടെ പദ്ധതിയെന്ന് മുന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയും യുഎന്നിന്റെ അന്‍ടില്‍ ലൈഫ് ട്രസ്റ്റ് സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനുമായ പ്രഫ.ഫിലിപ്പ് ഡൗസ്റ്റെബ്ലേസി പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എംബിആര്ജിഐയുമായുള്ള തങ്ങളുടെ പങ്കാളിത്തം നിര്‍ണായകമായിട്ടുണ്ട്. ദുര്‍ബല സമൂഹങ്ങളെ ഭക്ഷ്യസുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ മാത്രമല്ല, പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനും അവരുടെ പോഷക ആവശ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും പദ്ധതി ഫലപ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംബിആര്‍ജിഐ നല്കിയ പിന്തുണയ്ക്ക് ഫിലിപ്പ് ഡൗസ്റ്റെബ്ലേസി നന്ദി പറഞ്ഞു. നൈജറില്‍ ജൈവ ഫോര്‍ട്ടിഫൈഡ് കാലാവസ്ഥാപ്രതിരോധശേഷിയുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗോള്‍ ഗ്ലോബലുമായി സഹകരിച്ചായിരുന്നു 12 മാസത്തെ പദ്ധതി. ഈ സംരംഭം 168,826 ഗുണഭോക്താക്കളില്‍ എത്തി. സുസ്ഥിര കൃഷിരീതികളെ പിന്തുണച്ചുകൊണ്ട് പ്രതിവര്‍ഷം 1.4 ദശലക്ഷത്തിലധികം പോഷകസമൃദ്ധമായ ഭക്ഷണം ഇവിടെ നിന്നും ലഭ്യമാകും.
കോംഗോയില്‍ യുഎന്‍ വനിതകളുമായി സഹകരിച്ച് 17 മാസത്തെ ജൈവഫോര്ട്ടിഫൈഡ് കസവ ഭക്ഷ്യ ശൃംഖലയാണ് സ്ഥാപിച്ചത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സമൂഹ പോഷകാഹാരം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്പന ചെയ്ത ഈ പദ്ധതി 128,558 പേര്‍ക്ക് പ്രയോജനം ചെയ്തു. പ്രതിവര്‍ഷം ഏകദേശം 1.1 ദശലക്ഷം പോഷകാഹാരങ്ങള്‍ ഇവിടെ നിന്നു ലഭിക്കുന്നു. സെനഗലില്‍ സംയോജിത ഭക്ഷ്യ പ്രതിരോധശേഷി പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആക്ഷന്‍ എഗെയിന്‍സ്റ്റ് ഹംഗര്‍ എന്ന ദ്വിവര്‍ഷ പദ്ധതിയാണ് നടപ്പാക്കിയത്. ഈ സംരംഭം 33,223 ഗുണഭോക്താക്കളില്‍ എത്തിയിട്ടുണ്ട്. പ്രതിവര്‍ഷം ഏകദേശം 3.9 ദശലക്ഷം പോഷകാഹാരങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്. 2022ലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1 ബില്യണ്‍ മീല്‍സ് കാമ്പയിന് ആരംഭിച്ചത്. 50 രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്കാണ് ഇതിലൂടെ ഭക്ഷ്യ സഹായം നല്‍കിവരുന്നത്.