
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ഉദ്ഘാടനം ചെയ്യും
അബുദാബി: 21ാമത് ലിവ ഈന്തപ്പഴ മേള അല്‍ ദഫ്ര മേഖലയിലെ ലിവ സിറ്റിയില്‍ ജൂലൈ 14ന് ആരംഭിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് ഉദ്ഘാടനം ചെയ്യുന്ന ഫെസ്റ്റിവല്‍ 27 വരെ നീണ്ടുനില്‍ക്കും. അബുദാബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന ലിവ ഫെസ്റ്റിവല്‍ യുഎഇയുടെ ഏറ്റവും വലിയ സാംസ്കാരിക,കാര്‍ഷിക പാരമ്പര്യങ്ങള്‍ ആഘോഷിക്കുന്ന ഉത്സവമാണ്. യുഎഇയുടെ വാര്‍ഷിക ഈത്തപ്പഴ വിളവെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന ഈന്തപ്പഴോത്സവം ഇമാറാത്തി സമൂഹത്തില്‍ ഈന്തപ്പനകളുടെയും അവയുടെ ഉത്പന്നങ്ങളുടെയും പ്രാധാന്യം വിളംബരം ചെയ്യുന്നതാണ്.
ഈന്തപ്പനയെ രാജ്യത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ മൂലക്കല്ലായി അംഗീകരിക്കുകയും പൈതൃകത്തിന്റെയും കാര്‍ഷിക മേഖലകളുടെയും സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം രാജ്യത്ത് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും പ്രാദേശിക ഈത്തപ്പഴ,വിള ഉത്പാദകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷാ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ആധുനിക കാര്‍ഷിക രീതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാകും ലിവ ഈന്തപ്പഴ മേള. ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ഡബ്ബാസ്,ഖലാസ്,ഫര്‍ദ്,ഖെനൈസി, ബുമ’ആന്‍,ഷിഷി,സാംലി,ഏറ്റവും വലിയ ഈത്തപ്പഴക്കൂട്ടം,അല്‍ ദഫ്ര,ലിവ എലൈറ്റ് ഈത്തപ്പഴങ്ങള്‍,അല്‍ ഐന്‍ ഫര്‍ദ്,ഖലാസ് 12 ഡേറ്റ് ‘മസായ്ന’ തുടങ്ങിയ 24 വിഭാഗങ്ങളിലായി മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ പ്രാദേശിക, മിശ്രിത ഇനങ്ങളായ നാരങ്ങകള്‍,മാമ്പഴം,ചുവപ്പ്,മഞ്ഞ അത്തിപ്പഴങ്ങള്‍ എന്നിവയ്ക്കായി ഏഴ് പഴ മത്സരങ്ങളും ‘പ്രാദേശിക പഴങ്ങളുടെ കൊട്ട’ മത്സരവും ഇതില്‍ ഉള്‍പ്പെടുന്നു.
പടിഞ്ഞാറന്‍,കിഴക്കന്‍ മഹാദിര്‍ (കാര്‍ഷിക ഫാമുകള്‍),അല്‍ ദഫ്ര നഗരങ്ങള്‍ എന്നിവിടങ്ങളിലായി മൂന്ന് ‘മോഡല്‍ ഫാം’ മത്സരങ്ങളും, ഏറ്റവും മനോഹരമായ ഈത്തപ്പനത്തടികളില്‍ നിന്നുള്ള കലാസൃഷ്ടികള്‍ തിരഞ്ഞെടുക്കുന്ന മത്സരങ്ങളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു. 8.735 ദശലക്ഷം ദിര്‍ഹമിലേറെയാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ആകെ സമ്മാനത്തുക. ഡബ്ബാസ്,ഖലാസ് ഡേറ്റ് മസയ്ന മത്സരങ്ങള്‍ക്ക് 25 സമ്മാനങ്ങള്‍ വീതം നല്‍കും. ഓരോ മത്സരത്തിനും ആകെ 446,000 ദിര്‍ഹം സമ്മാനത്തുക ലഭിക്കും. ഓരോ മത്സരത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100,000 ദിര്‍ഹമും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 75,000 ദിര്‍ഹമും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 40,000 ദിര്‍ഹമുമാണ് സമ്മാനത്തുക. ഷിഷി,ബുമ’ആന്‍,ഖെനൈസി,ഫര്‍ദ്,സാംലി വിഭാഗങ്ങള്‍ക്ക് ഓരോന്നിലും 15 സമ്മാനങ്ങള്‍ നല്‍കും.
ആകെ 367,000 ദിര്ഹമമാണ് സമ്മാനത്തുക. 100,000,75,000,40,000 ദിര്‍ഹം വീതം ടോപ്പ്ടയര് സമ്മാനങ്ങളും നല്‍കും. അല്‍ ഐന്‍ ഫാമുകള്‍ക്കായുള്ള ഫാര്‍ദ് ഡേറ്റ്സ് മത്സരത്തില്‍ 15 സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 100,000,75,000,40,000 എന്നിങ്ങനെ ലഭിക്കും. ഖലാസ് ഈത്തപ്പഴ മത്സരത്തില്‍ 25 സമ്മാനങ്ങളുണ്ട്. ആദ്യ മൂന്ന് വിജയികള്‍ക്ക് ഒരേ സമ്മാനത്തുകയായിരിക്കും നല്‍കുക. ലിവ,അല്‍ ദഫ്ര എലൈറ്റ് ഈത്തപ്പഴ മത്സരങ്ങളില്‍ ഓരോന്നിനും 15 സമ്മാനങ്ങളാണ് നല്‍കുക. അല്‍ ദഫ്ര എലൈറ്റ് ഈത്തപ്പഴ മത്സരത്തില്‍, ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 200,000 ദിര്‍ഹമും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 150,000 ദിര്‍ഹമും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100,000 ദിര്‍ഹമും ലഭിക്കും. ആകെ 700,000ലേറെയാണ് സമ്മാനത്തുക. ലിവ എലൈറ്റ് ഈത്തപ്പഴ മത്സരത്തില്‍, യഥാക്രമം മികച്ച മൂന്ന് സമ്മാനങ്ങള്‍ 125,000, 100,000, 60,000 ദിര്‍ഹം വീതമാണ് സമ്മാനത്തുക. ആകെ 500,000ലേറെ ദിര്‍ഹം സമ്മാനം നല്‍കും.
ഏറ്റവും വലിയ ഈത്തപ്പഴ കുല മത്സരത്തില്‍ 15 വിജയികള്‍ക്ക് 234,000 ദിര്‍ഹമിന്റെ സമ്മാനം വിതരണം ചെയ്യും. ഒന്നാം സ്ഥാനത്തിന് 50,000 ദിര്‍ഹമും രണ്ടാം സ്ഥാനത്തിന് 40,000 ദിര്‍ഹമും മൂന്നാം സ്ഥാനത്തിന് 30,000 ദിര്‍ഹമും സമ്മാനമായി ലഭിക്കും. പഴ വിഭാഗത്തില്‍ പ്രാദേശിക ഇനങ്ങള്‍,മിശ്രിത ഇനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളിലും ഇവയിടെ ഓരോ ഉപവിഭാഗവും ഉള്‍പ്പെടെ പത്ത് സമ്മാനങ്ങള്‍ നല്‍കും. ആകെ 234,000 ദിര്‍ഹമാണ് സമ്മാനത്തുക.