
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം വിമാന യാത്രയെ തടസപ്പെടുത്തുന്നതിനാല്‍ യുഎഇ അടിയന്തര വിമാനത്താവള പ്രവര്‍ത്തന പദ്ധതി സജീവമാക്കി. യുഎഇയിലെ മുഴുവന്‍ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരാന്‍ ആവശ്യമായ എല്ലാ നടപടികളും യുഎഇ സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ്,പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഇന്നലെ അറിയിച്ചു.
ചില രാജ്യങ്ങളില്‍ വ്യോമാതിര്‍ത്തി അടച്ചിടുന്നതിലേക്ക് നയിച്ച സമീപകാല പ്രാദേശിക,രാഷ്ട്രീയ സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ വിമാനത്താവളങ്ങളും ഏകോപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സേവന നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ യാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുകയാണ് അടിസ്ഥാന ലക്ഷ്യം. സംഘര്‍ഷം രൂക്ഷമായപ്പോള്‍ തന്നെ അടിയന്തര നടപടികള്‍ സജീവമാക്കിയതായി ഐസിപി വ്യക്തമാക്കി. ഇത് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുകയും യാത്രയ്ക്കുള്ള തടസങ്ങള്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന പങ്കാളികളുമായി സഹകരിച്ച് നടപ്പാക്കിയ കൃത്യമായ പ്രവര്‍ത്തന,നിയന്ത്രണ നടപടിക്രമങ്ങള്‍ ഫലം ചെയ്തിട്ടുണ്ടെന്നും ഐസിപി വ്യക്തമക്കി.